
കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് സിനിമ താരങ്ങളെ ചോദ്യം ചെയ്യാന്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കി എക്‌സൈസ്. നടന്മാരായ ശ്രീനാഥ് ഭാസിയെയും ഷൈന്‍ ടോം ചാക്കോയേയും ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലില്‍ തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റിലേക്കും എക്‌സൈസ് കടന്നേക്കും. താരങ്ങള്‍ക്ക് പുറമേ പാലക്കാട് സ്വദേശിയായ മോഡലിനോടും ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈബ്രിഡ് കഞ്ചാവ് കേസിലെ സിനിമ ബന്ധം തെളിയിക്കാനാണ് താരങ്ങളായ ഷൈന്‍ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും എക്‌സൈസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. കേസിലെ മുഖ്യപ്രതികളായ തസ്ലീമ സുല്‍ത്താനയും ഭര്‍ത്താവ് സുല്‍ത്താനും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലും പ്രതികളില്‍ നിന്ന് ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനത്തിലാവും താരങ്ങളെ ചോദ്യം ചെയ്യുക. തസ്ലീമയും താരങ്ങളും തമ്മിലുള്ള ലഹരി ഇടപാടില്‍ പാലക്കാട് സ്വദേശിയായ മോഡല്‍ ഇടനിലക്കാരി ആണോ എന്നും സംശയിക്കുന്നുണ്ട്. മോഡലിന്റെ അക്കൗണ്ടില്‍നിന്ന് തസ്ലീമയുടെ അക്കൗണ്ടിലേക്ക് പലതവണ പണം വന്നതായി കണ്ടെത്തിയിരുന്നു. ഇത് താരങ്ങള്‍ക്കായി ലഹരി വാങ്ങിയതിന്റെ പണമാണോ എന്നാണ് സംശയം.
ബിഗ് ബോസ് താരം ജിന്റോയ്ക്ക് ചൊവ്വാഴ്ച ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. ജിന്റോയും തസ്ലീമയും നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താനാണ് നോട്ടീസ് നല്‍കി വിളിച്ചു വരുത്തുന്നത്. സിനിമ അണിയറ പ്രവര്‍ത്തകരില്‍ ഒരാളെയും ചോദ്യം ചെയ്യും.
Content Highlights: alappuzha case excise will question sreenath bhashi and shine tom chacko today