

കോഴിക്കോട്: വഖഫ് ഭേദഗതി നിയമത്തിനെതിരെ ജമാഅത്തെ ഇസ്ലാമിയുടെ യുവജന - വിദ്യാര്‍ത്ഥി സംഘടനകളായ സോളിഡാരിറ്റിയുടെയും എസ്‌ഐഒയുടെയും നേതൃത്വത്തില്‍ നടന്ന സമരം വിവാദമാകുന്നു. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് നടത്തിയ മാര്‍ച്ചില്‍ തീവ്ര ഇസ്ലാമിസ്റ്റുകളായ ബ്രദര്‍ഹുഡ് നേതാക്കളുടെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ നടപടികള്‍ക്കെതിരായി കോഴിക്കോട് വിമാനത്താവളത്തിലേക്ക് നടന്ന ഒരു രാഷ്ട്രീയ സമരത്തില്‍ തീവ്ര രാഷ്ട്രീയ ഇസ്ലാമിസ്റ്റ് നേതാക്കളുടെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് എന്തിനാണെന്നാണ് സമൂഹമാധ്യമങ്ങളിലും മറ്റും ഉയരുന്ന വിമര്‍ശനം.
തീവ്ര മുസ്ലിം ആശയങ്ങളോട് ജമാഅത്തെ ഇസ്ലാമി ഇപ്പോഴും തുടരുന്ന ബന്ധത്തിന്റെ സൂചനയാണിതെന്നും വിമര്‍ശനം ഉയരുന്നു. ഇസ്ലാമിക് ബ്രദര്‍ഹുഡിന്റെ സ്ഥാപകന്‍ ഹസനുല്‍ ബന്ന, ആദ്യകാല നേതാക്കളിലൊരാളായ സയിദ് ഖുതുബ് എന്നിവരുടെ ചിത്രങ്ങളാണ് എയര്‍പോര്‍ട്ട് മാര്‍ച്ചിനിടെ സോളിഡാരിറ്റി - എസ്‌ഐഒ പ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിച്ചത്.
1928 ല്‍ ഈജിപ്തിലെ ഇസ്മയിലയില്‍ വെച്ച് രൂപം കൊണ്ട മുസ്ലിം ബ്രദര്‍ഹുഡ്, മതരാഷ്ട്രവാദം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന തീവ്ര രാഷ്ട്രീയ ഇസ്ലാമിസ്റ്റ് സംഘടനയാണ്. തീവ്രവാദ സംഘടനയെന്ന് കണ്ടെത്തി നിരവധി മുസ്ലിം രാജ്യങ്ങളില്‍ അടക്കം നിരോധിക്കപ്പെട്ടിട്ടുമുണ്ട്. ഈജിപ്ത് പ്രസിഡണ്ടിനെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിന് 1966 ല്‍ തൂക്കിലേറ്റപ്പെട്ട തീവ്ര ഇസ്ലാമിസ്റ്റ് നേതാവാണ് സയിദ് ഖുതുബ്. ഐഎസ്, അല്‍ഖ്വൈദ തുടങ്ങിയ ഭീകരവാദ സംഘനടകളെ അടക്കം ആശയപരമായി സ്വാധീനിച്ചിട്ടുള്ള നേതാവ് കൂടിയാണ് സയിദ് ഖുതുബ്.
ജമാഅത്തെ ഇസ്ലാമിയുടെ ഈ നീക്കം സംഘപരിവാറിനെ സഹായിക്കുന്നതാണെന്നാണ് സിപിഐഎം നേതാവ് കെടി കുഞ്ഞിക്കണന്റെ പ്രതികരണം. 'ഹസനുല്‍ ബന്നയുടെയും സയിദ് ഖുതുബിന്റെയും ചിത്രങ്ങള്‍ ഉയര്‍ത്തി പിടിച്ച് മൗദൂദിസ്റ്റ് സംഘങ്ങള്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്ക് നടത്തിയ മാര്‍ച്ച് നല്‍കുന്നത് അത്യന്തം വിധ്വംസകമായൊരു സന്ദേശമാണ്. വഖഫ് നിയമ ഭേദഗതി ഉള്‍പ്പെടെ മോഡി സര്‍ക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധവും
ഭരണഘടനാവിരുദ്ധവുമായ നിയോഫാസിസ്റ്റ് ഭീകരതക്കെതിരെ വളര്‍ന്നു വരേണ്ട ജനകീയ ഐക്യത്തെ തടയാനുള്ള ആര്‍എസ്എസ് അജണ്ടയിലാണ് മൗദൂദിസ്റ്റുകളുടെ ഇത്തരം കളികള്‍. സംഘികള്‍ക്ക് പണി എളുപ്പമാക്കി കൊടുക്കുകയാണ് ഈ മറുപുറംകളികള്‍', കെടി കുഞ്ഞിക്കണ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ബ്രദര്‍ഹുഡ് ആശയത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഇസ്ലാമിസ്റ്റുകള്‍ ഹിന്ദുത്വ വാദികള്‍ക്ക് രാസത്വരകമായി പ്രവര്‍ത്തിക്കുകയാണെന്നാണ് അഭിഭാഷകനും സിനിമാ താരവുമായ ഷുക്കൂര്‍ വക്കീല്‍ പ്രതികരിച്ചത്.
'വഖഫ് ഭേദഗതിയെ ഇന്ത്യയില്‍ സെക്യുലര്‍ പക്ഷത്ത് നില്‍ക്കുന്ന മുഴുവന്‍ മനുഷ്യരും ഒരേ മനസ്സില്‍ എതിര്‍ത്തത് സയ്യിദ് ഖുതുബിന്റെ ഇസ്ലാമിക് ബ്രദര്‍ ഹുഡ് ആഗ്രഹിക്കുന്നതു പോലുള്ള ഇസ്ലാമിക രാജ്യ സംസ്ഥാപനത്തിനു വേണ്ടിയല്ല, മറിച്ച് ഇന്ത്യയുടെ വൈവിധ്യവും ബഹു സ്വരതയും നിലനിര്‍ത്താനാണ്. ഈ ഇസ്ലാമിസ്റ്റുകള്‍ ഇന്ത്യന്‍ മതേതര ശക്തിക്ക് വലിയ പരിക്കുകളാണ് ഏല്‍പിക്കുന്നത്, അവര്‍ ഹിന്ദുത്വ വാദികള്‍ക്ക് രാസത്വരകമായി പ്രവര്‍ത്തിക്കുകയാണ്' ഷുക്കൂര്‍ വക്കീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Content Highlights: Solidarity's airport march sparks controversy