
May 28, 2025
02:27 PM
കണ്ണൂർ: എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തിന് വേണ്ടി ഹാജരായിരുന്ന അഭിഭാഷകനെ മാറ്റി ഭാര്യ മഞ്ജുഷ. ഹർജിക്കാരുടെ താത്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അഭിഭാഷകൻ ഹൈക്കോടതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മഞ്ജുഷ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ ഒരിടത്തും ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നില്ല. വിഷയത്തിൽ സിബിഐ അന്വേഷിക്കണം എന്നതായിരുന്നു മഞ്ജുഷ ആവശ്യപ്പെട്ടിരുന്നത്.
തങ്ങൾക്ക് അങ്ങനെ ഒരു ആവശ്യം ഇല്ലെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ അഭിഭാഷകനെ ചുമതലപ്പെടുത്തിയിരുന്നുവെന്നും ചെയ്തു തരാം എന്ന് അഭിഭാഷകന്റെ ഓഫീസിൽ നിന്നും അറിയിപ്പ് കിട്ടിയിരുന്നുവെന്നും മഞ്ജുഷ പറയുന്നു. പിന്നീട് അഭിഭാഷകനുമായി ബന്ധപ്പെട്ടപ്പോൾ താല്പര്യം ഇല്ല എന്നായിരുന്നു ലഭിച്ച മറുപടി. ഇതോടെയാണ് അഭിഭാഷക ഓഫീസിൽ നിന്നും മഞ്ജുഷ വക്കാലത്ത് ഒഴിഞ്ഞത്.
ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീലിലാണ് സിബിഐ അന്വേഷണത്തിന് പകരം ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന് അഭിഭാഷകൻ ആവശ്യം ഉന്നയിച്ചത്. നിലവിലെ അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്ന് മഞ്ജുഷ അപ്പീലിൽ വ്യക്തമാക്കിയിരുന്നു. സിബിഐ ഇല്ലെങ്കില്‍ സംസ്ഥാന ക്രൈെംബ്രാഞ്ചെങ്കിലും കേസ് അന്വേഷിക്കണം എന്നായിരുന്നു അപ്പീലിലെ പരാമർശം. അപ്പീൽ കോടതി വിധി പറയാൻ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ജുഷ വക്കാലത്ത് ഒഴിഞ്ഞതായുള്ള വാർത്തകളും പുറത്തുവന്നത്.