
മൂവാറ്റുപുഴ: പകുതി വിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കൂടുതൽ കണ്ടെത്തലുമായി അന്വേഷണ സംഘം. സിഎസ്ആർ ഫണ്ടിൻ്റെ മറവിൽ വാഹന തട്ടിപ്പ് നടത്തിയ അനന്തു കൃഷ്ണനെതിരെ കൂടുതൽ പരാതികൾ ലഭിച്ചു. മൂവാറ്റുപുഴയിൽ മാത്രം ഇയാൾ നടത്തിയത് ഒമ്പത് കോടി രൂപയുടെ തട്ടിപ്പെന്ന് അന്വേഷണ സംഘം. ഇടുക്കി ജില്ലയിൽ അനന്തു കൃഷ്ണനെതിരെ വ്യാപക പരാതി ലഭിച്ചിട്ടുണ്ടെന്നും നടന്നത് സംസ്ഥാന വ്യാപക തട്ടിപ്പാണെന്നും പൊലീസ് അറിയിച്ചു. പകുതി വിലയ്ക്ക് ഇരുചക്ര വാഹനങ്ങൾ വാഗ്ദാനം ചെയ്താണ് അനന്ദു തട്ടിപ്പ് നടത്തിയത്. വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ട് വഴി സ്കൂട്ടറുകൾ ലഭിക്കുമെന്ന് ഇരകളെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കുടയത്തൂര്‍ സ്വദേശിയായ അനന്തു കൃഷ്ണ(26)ന് വിവിധ പദ്ധതികളുടെ പേരില്‍ 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയതായാണ് വിവരം. അനന്തു കൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ തട്ടിപ്പിനിരയായെന്ന പരാതിയുമായി 1,200 ഓളം സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.
വിമണ്‍ ഓണ്‍ വീല്‍സ് എന്ന പദ്ധതിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. വാഹനത്തിന്റെ പകുതി തുക അടച്ചാല്‍ ബാക്കി പകുതി തുക കേന്ദ്രസര്‍ക്കാര്‍ സഹായമായും വലിയ കമ്പനികളുടേതടക്കം സിഎസ്ആര്‍ ഫണ്ടായി ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം. പണം അടച്ച് 45 ദിവസത്തിനുള്ളില്‍ വാഹനം ലഭ്യമാകുമെന്നും ഇയാള്‍ വാഗ്ദാനം നല്‍കിയിരുന്നു. അനന്തു കൃഷ്ണന്റെ വാക്കുകള്‍ വിശ്വസിച്ച സ്ത്രീകള്‍ ഇയാളുടെ സ്ഥാപനത്തിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം അയച്ചു നല്‍കിയത്.
ടൂവീലറിന് പുറമേ, തയ്യല്‍ മെഷീന്‍, ലാപ് ടോപ്പ് തുടങ്ങിയവയും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന് പറഞ്ഞും ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നു. ഇവയുടെ വിതരണോദ്ഘാടനത്തിന് പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും പങ്കെടുപ്പിച്ചിരുന്നു. ഇതിലൂടെ ആളുകളുടെ വിശ്വാസം പിടിച്ചുപറ്റിയായിരുന്നു തട്ടിപ്പ് നടത്തിയത്. പണം നല്‍കി 45 ദിവസങ്ങള്‍ കഴിഞ്ഞിട്ടും വാഹനം ലഭിക്കാതെ വന്നതോടെ പലരും ഇയാളെ നേരിട്ട് സമീപിച്ച് കാര്യങ്ങള്‍ തിരക്കി. ദിവസങ്ങള്‍ക്കുള്ളില്‍ വാഹനം ലഭ്യമാക്കുമെന്നായിരുന്നു ഇയാള്‍ നല്‍കിയ മറുപടി. രണ്ടും മൂന്നും തവണ അന്വേഷിച്ചിട്ടും വാഹനം ലഭിക്കാതെ വന്നതോടെ പലരും പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
content highlight- Women's scooter at half price; A state-wide fraud took place, 9 crore was stolen in Muvattupuzha alone