'എന്റെ ആത്മസഹോദരങ്ങൾക്ക് വേണ്ടിയായിരുന്നു ഞാനത് പറഞ്ഞത്'; അടൂരിനെതിരായ പ്രതികരണത്തിൽ പുഷ്പവതി റിപ്പോർട്ടറിനോട്

സിനിമ കോണ്‍ക്ലേവിലെ അടൂര്‍ ഗോപാലകൃഷ്ണന്റെ ദളിത് - സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ വേദിയില്‍ വച്ച് തന്നെ മറുപടി നല്‍കിയതിന് കാരണം വിശദീകരിച്ച് പുഷ്പവതി പൊയ്പാടത്ത്

dot image

'വേണ്ടത് വേണ്ടപ്പോള്‍ തോന്നിയില്ലെങ്കില്‍ വേദനിക്കേണ്ടി വരും' സിനിമ കോണ്‍ക്ലേവിലെ അടൂര്‍ ഗോപാലകൃഷ്ണന്റെ ദളിത് - സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ വേദിയില്‍ വച്ച് തന്നെ മറുപടി നല്‍കിയതിന് കാരണം റിപ്പോര്‍ട്ടര്‍ ചാനലിനോട് വിശദീകരിച്ച് സംഗീത നാടക അക്കാദമി ഉപാധ്യക്ഷ പുഷ്പവതി പൊയ്പാടത്ത്.

'എന്റെ ആത്മസഹോദരങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഞാനത് പറഞ്ഞത്. അവരാണ് അതുകൊണ്ട് വിഷമിക്കുന്നതും. എല്ലാവര്‍ക്കും കാണാന്‍ കഴിയുന്നൊരിടത്ത് നിന്ന് അദ്ദേഹം അത് പറഞ്ഞു, മാധ്യമങ്ങളിലൂടെ അത് എല്ലാവരിലേക്കും എത്തി. അതുകൊണ്ട് തന്നെ തീര്‍ച്ചയായും പൊതുസമൂഹത്തില്‍ നിന്ന് അതിനെതിരെ പരാതി ഉയരും.' പുഷ്പവതി വ്യക്തമാക്കി.

'അതിന്റെ വരുംവരായ്കകളെക്കുറിച്ച് ചിന്തിച്ചിട്ടല്ല ആ സമയത്ത് ഞാന്‍ പ്രതികരണം നടത്തിയത്. എന്റെ നീതി ബോധത്തെ തൃപ്ത്തിപ്പെടുത്തിക്കൊണ്ട് മാത്രമെ എനിക്ക് മുന്നോട്ട് പോകാന്‍ കഴിയുകയുള്ളു. ഞാന്‍ എന്റെ നീതി ബോധത്തെ മാത്രം മുന്ഡ നിര്‍ത്തി ജീവിക്കുന്ന സ്ത്രീയാണ്. ഇതിലൂടെ എനിക്കുണ്ടാകുന്ന ലാഭമോ, നഷ്ടമോ എന്റെ വിഷയമല്ല. ആ സാഹചര്യത്തില്‍ എനിക്ക് പ്രതികരിക്കാന്‍ തോന്നി, അത് ചെയ്തു.' പുഷ്പവതി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടാകുമ്പോള്‍ സമൂഹത്തില്‍ നിന്ന് ആളുകള്‍ പ്രതികരണവുമായി രംഗത്തെത്തുന്നത് സാധാരണമാണ്. ഞാന്‍ എല്ലാവര്‍ക്കും വേണ്ടി സംസാരിച്ചത് പോലെ, ദിനു എല്ലാവര്‍ക്കും വേണ്ടി കേസ് കൊടുത്തതായിരിക്കാം. കേസിന്റെ കാര്യവുമായി ദിനു തന്നെ മുന്നോട്ട് പോകുമായിരിക്കാമെ'ന്നും പുഷ്പവതി കൂട്ടിച്ചേര്‍ത്തു.

സിനിമാ കോണ്‍ക്ലേവില്‍ അധിക്ഷേപ പരാമര്‍ശവുമായി സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. സിനിമ നിര്‍മിക്കാന്‍ സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിലായിരുന്നു വിവാദ പരാമര്‍ശം. സര്‍ക്കാരിന്റെ ഫണ്ടില്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിംഗ് കൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

'സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗത്തിന് നല്‍കുന്ന പണം ഒന്നരക്കോടിയാണ്. അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഉദ്ദേശ്യം വളരെ നല്ലതാണ്. എന്നാല്‍ ഈ തുക മൂന്ന് പേര്‍ക്കായി നല്‍കണം. മൂന്ന് മാസത്തെ പരിശീലനം നല്‍കണം. അവര്‍ക്ക് മൂന്ന് മാസം വിദഗ്ധരുടെ പരിശീലനം നല്‍കണം', അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

പണം ലഭിച്ചവര്‍ക്ക് പരാതിയാണെന്നും അവരെ പറഞ്ഞ് മനസിലാക്കണമെന്നും അടൂര്‍ കുറ്റപ്പെടുത്തി. ജനങ്ങളില്‍ നിന്ന് കരം പിടിച്ച പണമാണെന്ന് പറഞ്ഞ് മനസിലാക്കണം. നിര്‍ബന്ധമായും പരിശീലനം വേണം. വാണിജ്യ സിനിമ എടുക്കാനുള്ള കാശല്ലയിത്. സ്ത്രീയായത് കൊണ്ട് മാത്രം പണം കൊടുക്കരുത്, അവര്‍ക്കും പരിശീലനം നല്‍കണം. എല്ലാ പ്രയാസങ്ങളും അറിഞ്ഞ് വേണം പണമെടുക്കാനെന്നും അദ്ദേഹം പറഞ്ഞു. വ്യക്തമായ പരിശീലനം ഇല്ലാതെ സിനിമ എടുത്താല്‍ ആ പണം നഷ്ടം ആകുമെന്ന് അടൂര്‍ പറഞ്ഞു.

ഇന്നലെയും ഇന്നുമാണ് തലസ്ഥാനത്ത് സിനിമാ കോണ്‍ക്ലേവ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തത്. നിയമസഭാ സമുച്ചയത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചിലാണ് കോണ്‍ക്ലേവ് നടക്കുന്നത്. മോഹന്‍ലാലും സുഹാസിനിയും ഉദ്ഘാടനത്തിലെ മുഖ്യാതിഥികളായിരുന്നു.

അടൂർ ഗോപാലകൃഷ്ണന്‍റെ അധിക്ഷേപ പരാമർശത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ അധിക്ഷേപ പരാമർശത്തിന് ആക്ടീവിസ്റ്റ് ദിനു വെയിൽ അടൂരിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Content Highlight; Pushpavathy Poypadathu against adoor gopalakrishnan

dot image
To advertise here,contact us
dot image