
സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സിനിമ കോൺക്ലേവിൽ നടത്തിയ ദളിത് വിരുദ്ധ പരാമർശത്തില്‍ പരാതി നല്‍കിയതിന് പിന്നാലെ പ്രതികരണവുമായി ആക്ടിവിസ്റ്റ് ദിനു വെയിൽ. SC / ST വിഭാഗത്തിലെ ആളുകൾ പൊതുവെ കള്ളന്മാരോ, കുറ്റവാളികളോ, അഴിമതി ചെയ്യാൻ സാധ്യത ഉള്ളവരായിട്ടാണ് അടൂർ ഗോപാലകൃഷ്‍ണന്റെ പരാമർശം ചിത്രീകരിക്കുന്നതെന്ന് ദിനു വെയിൽ പറഞ്ഞു.
SC / ST വിഭാഗത്തിനായി നീക്കി വെക്കുന്ന ഫണ്ട് കറപ്റ്റഡ് ആകാൻ സാധ്യതകൾ ഉണ്ട് എന്ന തരത്തിലാണ് അദ്ദേഹം സംസാരിച്ചിട്ടുള്ളത്. SC/ST സമൂഹത്തിലെ ആളുകൾ ധാർമികതയും സത്യസന്ധതയും ഇല്ലാത്തവരാണെന്നുള്ള ചിന്ത ഈ പ്രസ്താവനയിലൂടെ ഉണ്ടാക്കാൻ സാധിക്കുന്നുണ്ട്. ഇത്തരം പരാമർശം നടത്തിയാൽ ഈ ജനാധിപത്യ രാജ്യത്ത് അതിനെതിരെ നിയമനടപടി ഉണ്ടാകണം എന്നും ദിനു വെയിൽ റിപ്പോർട്ടറിനോട് പ്രതികരിച്ചു.
'ഏതൊരു വ്യക്തിക്കും ഏതൊരു സംവിധാനത്തിനകത്തെ അഴിമതിയോ അല്ലെങ്കിൽ ആ പദ്ധതികൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചോ പറയാനുള്ള ആവിഷ്ക്കാര സ്വാതന്ത്ര്യമുണ്ട്. പക്ഷെ ഇവിടെ അടൂർ ഗോപാലകൃഷ്‌ണൻ ചെയ്തത് SC / ST വിഭാഗത്തിനായി നീക്കി വെക്കുന്ന ഫണ്ട് കറപ്റ്റഡ് ആകാൻ സാധ്യതകൾ ഉണ്ട് എന്ന തരത്തിലാണ് അദ്ദേഹം സംസാരിച്ചിട്ടുള്ളത്. ഇത്തരം മുൻവിധികൾ SC / ST വിഭാഗത്തിലെ ആളുകൾ പൊതുവെ കള്ളന്മാരോ, കുറ്റവാളികളോ, അഴിമതി ചെയ്യാൻ സാധ്യത ഉള്ളവരായിട്ടാണ് ചിത്രീകരിക്കുന്നത്. ഇത് SC/ST (Prevention of Atrocities)Act ൻ്റെ Section 3(1)(u)-ൽ പറയുന്ന അനിഷ്ടം പ്രോത്സാഹിപ്പിക്കൽ കുറ്റത്തിന് വിധേയമാണ്.
SC / ST വിഭാഗത്തിലെ ആളുകൾ കെസ്എഫ്ഡിസി കൊടുക്കുന്ന പണം എടുത്തുകൊണ്ട് പോകുന്നു എന്നാണ് പറയുന്നത്. SC/ST സമൂഹത്തിലെ ആളുകൾ ധാർമികതയും സത്യസന്ധതയും ഇല്ലാത്തവരാണെന്നുള്ള ചിന്ത ഈ പ്രസ്താവനയിലൂടെ ഉണ്ടാക്കാൻ സാധിക്കുന്നുണ്ട്. ഈ നാട്ടിലെ മറ്റു എല്ലാ സമുദായങ്ങൾക്കും വേണ്ടി മുലക്കരം അടക്കം മറ്റു അനേകം കാര്യങ്ങൾ ഒടുക്കേണ്ടി വന്ന വിഭാഗത്തോടാണോ പൊതു സമ്പത്തിനെക്കുറിച്ച് പറഞ്ഞു മനസിലാക്കി കൊടുക്കണം എന്ന് പറയുന്നത്. ഞങ്ങളെ കള്ളന്മാരാക്കിയും മോഷ്ടാക്കളാക്കിയും ചിത്രീകരിക്കുന്ന പരാമർശം നടത്തിയാൽ ഈ ജനാധിപത്യ രാജ്യത്ത് അതിനെതിരെ നിയമനടപടി ഉണ്ടാകണം', ദിനു വെയിലിന്റെ വാക്കുകൾ.
അടൂർ ഗോപാലകൃഷ്ണനെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലും SC/ST കമീഷനിലും ദിനു വെയിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അടൂർ വിവാദ പ്രസ്താവന നടത്തിയത്. സിനിമ നിര്‍മിക്കാന്‍ സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിലായിരുന്നു വിവാദ പരാമര്‍ശം. സര്‍ക്കാരിന്റെ ഫണ്ടില്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിംഗ് കൊടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
'സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗത്തിന് നല്‍കുന്ന പണം ഒന്നരക്കോടിയാണ്. അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഉദ്ദേശ്യം വളരെ നല്ലതാണ്. എന്നാല്‍ ഈ തുക മൂന്ന് പേര്‍ക്കായി നല്‍കണം. മൂന്ന് മാസത്തെ പരിശീലനം നല്‍കണം. അവര്‍ക്ക് മൂന്ന് മാസം വിദഗ്ധരുടെ പരിശീലനം നല്‍കണം', എന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വാക്കുകൾ.
അടൂരിന്റെ ഈ പരാമർശത്തിനെതിരെ സംവിധായിക ശ്രുതി ശരണ്യവും രംഗത്തെത്തിയിരുന്നു. അടൂരിനുള്ള മറുപടിക്കുറിപ്പ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചുകൊണ്ടാണ് ശ്രുതി തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. തങ്ങൾക്കാർക്കും സിനിമ ചെയ്യാൻ സർക്കാർ വെറുതെ ഒന്നരക്കോടി തന്നതല്ലെന്നും ഏകദേശം ഒരു വർഷത്തോളം നീണ്ടു നിന്ന നാലോളം റൗണ്ടുകളായുണ്ടായ മത്സരത്തിലൂടെയാണ് തിരക്കഥകൾ തെരഞ്ഞെടുക്കപ്പെട്ടതെന്നും അവർ കുറിച്ചു.
ഒന്നരക്കോടി ആരുടെയും സ്വകാര്യ അക്കൗണ്ടിലേക്കല്ല, കെഎസ്എഫ്ഡിസിയുടെ അക്കൗണ്ടിലേക്കാണ് സർക്കാർ നിക്ഷേപിക്കുന്നത്. സിനിമയുടെ നിർമ്മാണ നിർവ്വഹണം മുഴുവനും കെഎസ്എഫ്ഡിസിയുടെ ചുമതലയാണ്. അതിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ല. മാത്രമല്ല ഈ സിനിമകളിൽ തങ്ങൾക്ക് ലഭിച്ച പ്രതിഫലത്തിനെക്കാൾ കൂടുതൽ തുക കയ്യിൽ നിന്നും ചെലവായിട്ടുണ്ടെന്നും അവർ പറഞ്ഞു.
Content Highlights: Dinu Veyil against Adoor Gopalakrishnan on Contrary statement