
ഡോൺ എന്ന ചിത്രത്തിലൂടെ അമിതാഭ് ബച്ചനെ ബോളിവുഡിൽ സൂപ്പർ താരമാക്കിയ സംവിധായകനാണ് ചന്ദ്ര ബരോട്ട്. പൾമണറി ഫൈബ്രോസിസിനെതിരായ ദീർഘനാളത്തെ പോരാട്ടത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് അദ്ദേഹം വിട പറഞ്ഞത്. ഇപ്പോഴിതാ ഇദ്ദേഹത്തിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് വികാരഭരിതമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അമിതാഭ് ബച്ചൻ. അദ്ദേഹത്തിന്റെ വിയോഗം വാക്കുകൾക്ക് അതീതമാണെന്നും തന്റെ പ്രിയ സുഹൃത്തിനായി പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂ വെന്നും ബച്ചൻ ബ്ലോഗിൽ കുറിച്ചു.
'എൻ്റെ പ്രിയപ്പെട്ട സുഹൃത്തും ഡോണിന്റെ സംവിധായകനുമായ ചന്ദ്ര ബരോട്ട് അന്തരിച്ചു. ഈ നഷ്ടം വാക്കുകൾക്ക് അതീതമാണ്… ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്, പക്ഷേ അതിലുപരി അദ്ദേഹം ഒരു കുടുംബ സുഹൃത്തായിരുന്നു. എനിക്ക് പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂ' അമിതാഭ് ബച്ചൻ കുറിച്ചു.
വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂവെങ്കിലും, 'ഡോൺ' എന്ന ഒരൊറ്റ ചിത്രത്തിലൂടെ ബരോട്ട് നൽകിയ സംഭാവന ഇന്നും പ്രസക്തമായി തുടരുന്നു. ഹം ബജ ബജാ ദേംഗേ, പ്യാർ ബാരാ ദിൽ, അശ്രിതാ തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഡോ. മനീഷ് ഷെട്ടിയുടെ മേൽനോട്ടത്തിൽ ഏഴു വർഷമായി ഗുരു നാനാക്ക് ആശുപത്രിയിൽ അദ്ദേഹം ചികിത്സയിലായിരുന്നു. അദ്ദേഹത്തിൻ്റെ ഭാര്യ ദീപ ബരോട്ടാണ് അദ്ദേഹത്തിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്.
Content Highlights: Amitabh Bachchan pays tribute to Don director