
ജെന്‍ഡര്‍ ഫ്‌ലൂയിഡിറ്റി- എന്താണത്? ഇന്ന് സോഷ്യല്‍ മീഡിയ മുഴുവന്‍ ഈ വാക്കാണ് ട്രെന്‍ഡിംഗ് ??… പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടണം എന്നാഗ്രഹിച്ചിരുന്ന ഈ ആശയം മുന്നോട്ട് വച്ചതിനു പ്രകാശ് വര്‍മ്മയ്ക്കും ഭംഗിയായി അത് ഉള്‍ക്കൊണ്ടതിനു മോഹന്‍ലാല്‍ എന്ന മഹാനടനും അഭിനന്ദനങ്ങള്‍ ??
മകന്‍ ഒരു വളയെടുത്ത് അണിഞ്ഞു കണ്ണാടിയില്‍ നോക്കി നില്‍ക്കുന്നത് കണ്ട് ആധിപിടിച്ച് ഒരിക്കല്‍ ഒരു അമ്മ എന്നെ വിളിച്ചത് ഓര്‍ക്കുന്നു. അവന്‍ 'മറ്റേ gender' വല്ലതും ആയിരിക്കുമോ എന്നായിരുന്നു ആദ്യത്തെ ചോദ്യം. സത്യത്തില്‍ അത് കേട്ടപ്പോള്‍ സ്വല്‍പം ദേഷ്യം വന്നെങ്കിലും അവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. ഒരാളില്‍ പല ലൈംഗിക ഭാവങ്ങള്‍ ഉണ്ടായേക്കാമെന്നത് എത്ര പറഞ്ഞിട്ടും അവര്‍ക്ക് ദഹിക്കുന്നില്ലായിരുന്നു. ( ആ അമ്മ വിളിച്ച ദിവസം ഈ സംഭവം ഞാന്‍ ഇവിടെ എഴുതിയിട്ടിരുന്നു)
ജനനസമയത്ത് ആണ്‍ അല്ലെങ്കില്‍ പെണ്ണ് എന്ന് രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ ആ വ്യക്തിത്വത്തില്‍ നിന്ന് അല്പം പോലും വ്യതിചലിക്കപ്പെടാന്‍ അവകാശമില്ല എന്നത് സമൂഹത്തിന്റെ ചട്ടമാണ്. എന്നാല്‍ ഒരു മനുഷ്യന്റെ ഉള്ളിലെ ലൈംഗികത സമയംകൊണ്ടോ സാഹചര്യങ്ങളനുസരിച്ചോ മാറിക്കൊണ്ടിരിയ്ക്കുന്ന ഒന്നാണ്. ചിലപ്പോള്‍ അത് അവരുടെ ലിംഗവ്യക്തിത്വമായി രൂപപ്പെടാം ( gender identity), അല്ലെങ്കില്‍ അത് മോഹന്‍ലാല്‍ ഈ പരസ്യത്തില്‍ ചെയ്തു വച്ചതുപോലെ ചില ലിംഗ -ആവിഷ്‌കാരങ്ങളില്‍ പ്രകടമായേക്കാം(Gender expression).
ജെന്‍ഡര്‍ ഫ്‌ലൂയിഡ് ആയ ഒരു വ്യക്തി അവരുടെ ജീവിതകാലത്ത് ആണ്‍-പെണ്‍ ലിംഗഘടകങ്ങള്‍ ഒരേസമയം പ്രകടിപ്പിപ്പിച്ചേക്കാം.
ഇവിടെ ഈ പരസ്യത്തില്‍ ജൈവപരമായി പുരുഷനായ വ്യക്തിയിലെ സ്‌ത്രൈണതയെ ഉണര്‍ത്തുന്നത് അദ്ദേഹത്തിന്റെ കണ്ണിലുടക്കുന്ന ആഭരണങ്ങളാണ്. സ്ത്രീഭാവത്തെ പരസ്യമായി പ്രകടിപ്പിക്കാന്‍ കഴിയാത്തത് കൊണ്ട് തന്നെ ആ ആഭരണങ്ങളുമായി അദ്ദേഹം കാരവനിലേക്ക്
പോകുന്നു. അവിടെ കയറി ചെല്ലുന്ന പ്രകാശ് വര്‍മ്മയ്ക്ക് മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നതാണ് മോഹന്‍ലാല്‍ എന്ന അതുല്യനടന്റെ അസാമാന്യപ്രകടനം. ജന്‍ഡര്‍ ഫ്‌ലൂയിഡിറ്റിയില്‍ 'സെക്കന്റുകള്‍ കൊണ്ട് മാറി മറിയുന്ന' ആണ്‍-പെണ്‍ ഭാവങ്ങള്‍ ഇത്ര കൃത്യതയോടെ പ്രകടിപ്പിക്കാന്‍ മലയാളത്തില്‍ മറ്റൊരു നടനുണ്ടോ എന്ന് സംശയമാണ്. മോഹന്‍ലാലിന് ശേഷം ഒരുപക്ഷെ മനോജ് കെ ജയനോ വിനീതിനോ ഇത് ചെയ്യാന്‍ കഴിഞ്ഞേക്കുമെന്ന് തോന്നുന്നു. എന്നാല്‍ അതൊന്നും മോഹന്‍ലാല്‍ ഈ ചെയ്തു വച്ചത് പോലെയാകില്ല.
'സുന്ദരി, തൃലോകസുന്ദരി' എന്ന അകമ്പടിയുമായി നെക്ലേസ് അണിഞ്ഞ ഒരു പെണ്‍കുട്ടിയെ സ്‌ക്രീനില്‍ പ്രതീക്ഷിക്കുന്ന നമ്മുടെ മുന്നിലേക്ക്, 'സുന്ദരന്‍,ലോകസുന്ദരന്‍, തൃലോകസുന്ദരന്‍' എന്ന പാട്ടിന്റെ അകമ്പടിയോടെ മനോഹരമായ സ്‌ത്രൈണതയോടെ ഒരു പുരുഷനെത്തുന്നതാണ് പ്രകാശ് വര്‍മ്മ ബ്രില്യന്‍സ് ??
ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍, ക്വിയര്‍, ഇന്റര്‍സെക്ഷുവല്‍, അസെക്ഷ്വല്‍ എന്നീ വിഭാഗങ്ങള്‍ എന്താണെന്നും, അവയൊരൊന്നിന്റെയും പ്രത്യേകതകള്‍ എന്താണെന്നും അറിയുന്നതിനൊപ്പം ജെന്‍ഡര്‍ ഫ്‌ലൂയിഡിറ്റിയെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതുണ്ട്. ലിംഗഭേദങ്ങളും ലിംഗവ്യക്തിത്വവുമൊക്കെ ഇനിയും ചര്‍ച്ച ചെയ്യപ്പെടട്ടെ?? പ്രകാശ് വര്‍മ്മ ചിന്തിച്ചത് പോലെ ഈ വിഷയത്തെക്കുറിച്ച് ചിന്തിക്കാന്‍ കൂടുതല്‍ കലാപ്രവര്‍ത്തകര്‍ക്ക് കഴിയട്ടെ.
Content Highlights: Deepa Seira wrote about Gender Fluidity