
2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. ശേഷം കാന്താരയുടെ പ്രീക്വലായ കാന്താര ചാപ്റ്റർ 1 ന്റെ ചിത്രീകരണവും ആരംഭിച്ചു. മൂന്ന് വർഷത്തിന് ശേഷം സിനിമയുടെ ചിത്രീകരണം പൂർത്തി ആയെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
സോഷ്യൽ മീഡിയയിൽ റിഷഭ് ഷെട്ടിയുടെ വോയിസ് ഓവറോടു കൂടിയ വീഡിയോ പങ്കുവെച്ചാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വലിയ കാൻവാസിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണ ഭാഗവും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് വർഷത്തിൽ 250 ദിവസത്തെ ചിത്രീകരണമാണ് സിനിമയ്ക്ക് ഉണ്ടായിരുന്നത്. ഇതിനിടയിൽ നിരന്തര അപകടങ്ങളും സിനിമയെ വിടാതെ പിന്തുടർന്നിരുന്നു. ഞാൻ വിശ്വസിച്ച ദൈവം എന്നെ കൈവിട്ടില്ല എന്നാണ് വിഡിയോയിൽ റിഷഭ് ഷെട്ടി പറയുന്നത്.
അതേസമയം, 150 കോടി ബഡ്ജറ്റിലാണ് കാന്താര ചാപ്റ്റർ 1 ഒരുങ്ങുന്നത്. ഒക്ടോബർ രണ്ടിനാണ് ചിത്രം ആഗോളതലത്തിൽ പ്രേക്ഷകരിലെത്തുക. ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ നടൻ ജയറാമും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആദ്യഭാഗത്തിൽ നിന്ന് വ്യത്യസ്തമായി വമ്പൻ ക്യാൻവാസിൽ ഗംഭീര ആക്ഷൻ രംഗങ്ങൾ ചേർത്താകും സിനിമ ഒരുക്കുക എന്ന റിപ്പോർട്ടുകളുമുണ്ട്.
Content Highlights: Kanthara Chapter 1 shooting completes, crew shares video