ഇവരൊക്കെ എന്താണ് ഇങ്ങനെ!, സദ്യ കഴിക്കുമ്പോഴാണെങ്കിലും ക്യാമറ കണ്ടാൽ പോളിഷ്ഡ് ആയി പെരുമാറില്ലേ: ചിന്ത ജെറോം

'കാലാകാലങ്ങളായി ചില്ലുകുപ്പിയില്‍ തന്നെയാണ് വെള്ളംകുടിക്കുന്നത്. ഏത് കുപ്പിയില്‍ വെള്ളം കുടിച്ചുവെന്നതെല്ലാം അപ്രസക്തമല്ലേ'

ഇവരൊക്കെ എന്താണ് ഇങ്ങനെ!, സദ്യ കഴിക്കുമ്പോഴാണെങ്കിലും ക്യാമറ കണ്ടാൽ പോളിഷ്ഡ് ആയി പെരുമാറില്ലേ: ചിന്ത ജെറോം
dot image

കൊല്ലം: സിപിഐഎം ജില്ലാ സമ്മേളനത്തില്‍ ചൂടുവെള്ളം വിതരണം ചെയ്ത കുപ്പി, ബിയര്‍ കുപ്പി ആണെന്ന തരത്തില്‍ പ്രചരിപ്പിച്ചതിനെതിരെ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം. ഇവരൊക്കെ എന്താണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം കണ്ടപ്പോള്‍ ആദ്യം തോന്നിയതെന്ന് ചിന്ത ജെറോം പറഞ്ഞു.

'ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. ഇടവേളകളില്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെയാണ് പ്രചാരണം കണ്ടത്. സമ്മേളനം തുടങ്ങുന്ന സമയത്ത് മാധ്യമങ്ങള്‍ക്ക് അകത്തേക്ക് പ്രവേശനം ഉണ്ട്. കുടിക്കാനുള്ള വെള്ളം സ്റ്റേജില്‍ വെച്ചരിക്കുന്നത് ചില്ലുകുപ്പിലായിരുന്നു. വിഷ്വല്‍ എടുക്കാന്‍ തുടങ്ങുന്ന സമയത്ത് കുപ്പി മാറ്റിവെച്ചു. സദ്യ കഴിക്കുമ്പോഴാണെങ്കിലും ക്യാമറ കണ്ടാൽ പോളിഷ്ഡ് ആയി പെരുമാറുമല്ലോ. അതുമാത്രമാണ് ചെയ്തത്', ചിന്ത പ്രതികരിച്ചു. സിപിഐഎം ജില്ലാ സമ്മേളനത്തെ ഇല്ലാതാക്കാന്‍ എന്തെങ്കിലും ചെയ്യണ്ടേ എന്ന് കരുതിയാവാം പ്രചാരണം എന്നും ചിന്ത ജെറോ കൂട്ടിച്ചേര്‍ത്തു.

കാലാകാലങ്ങളായി ചില്ലുകുപ്പിയില്‍ തന്നെയാണ് വെള്ളംകുടിക്കുന്നത്. ഏത് കുപ്പിയില്‍ വെള്ളം കുടിച്ചുവെന്നതെല്ലാം അപ്രസക്തമല്ലേ. പല ഗൗരവമുള്ള വിഷയങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തിട്ടും അതൊന്നും ആരും വിഷയമാക്കുന്നില്ല. ഇത്തരം പ്രചാരണം നടത്തുന്നവരുടെ മനോനില ചര്‍ച്ച ചെയ്യണമെന്നും ചിന്ത ജെറോം പറഞ്ഞു.

ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച്, ഹരിത രാഷ്ട്രീയത്തിന്റെ മാതൃകാ പാഠങ്ങള്‍ പകര്‍ത്തിയാണ് പാര്‍ട്ടിയുടെ സമ്മേളനങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്. അതിന്റെ ഭാഗമായാണ് പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ഉപേക്ഷിച്ച് പുനരുപയോഗിക്കാന്‍ കഴിയുന്ന കുപ്പിയില്‍ കരിങ്ങാലി കുടിവെള്ളം സമ്മേളന നഗരിയില്‍ വിതരണം ചെയ്തതെന്നും ചിന്ത കഴിഞ്ഞദിവസം ഫേസ്ബുക്കിലൂടെ വിശദീകരിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ബിയര്‍ കുപ്പിയാണ് എന്ന മട്ടിലാണ് സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷ 'നന്നാക്കികള്‍' പ്രചരിപ്പിക്കുന്നത്. സത്യാനന്തര രാഷ്ട്രീയത്തില്‍ എങ്ങനെയാണ് അസത്യങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നത് എന്നതിന്റെ സാക്ഷ്യമാണ് നിലവിലെ ബിയര്‍ കുപ്പി പരിഹാസമെന്നും ചിന്ത പറയുന്നു.

Content Highlights: chintha jerome explanation over bottle campaign

dot image
To advertise here,contact us
dot image