6 ജില്ലകളിൽ സോയില് പൈപ്പിങ് തീവ്രം; മിക്കതും മനുഷ്യന് ഇറങ്ങാവുന്ന വലുപ്പമുള്ള തുരങ്കം പോലുള്ളവ

കാസർകോട് 29, കണ്ണൂർ 17, മലപ്പുറം 24, വയനാട് 26 എന്നിങ്ങനെയാണ് സോയിൽ പൈപ്പുകൾ കണ്ടെത്തിയിരിക്കുന്നത്

dot image

പത്തനംതിട്ട: കേരളത്തിലെ മിക്ക ജില്ലകളിലെയും സോയിൽ പൈപ്പിങ് തീവ്രമായ സാഹചര്യത്തിലെന്ന് പഠനം. ഭൂമിയുടെ ഉള്ളറകളില് മണ്ണൊലിപ്പുണ്ടാക്കുന്ന സോയില് പൈപ്പിങ് കാസർകോട്, കണ്ണൂർ, മലപ്പുറം, വയനാട്, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട് ജില്ലകളില് വ്യാപകമാണെന്നാണ് കണ്ടെത്തല്. കാസർകോട് 29, കണ്ണൂർ 17, മലപ്പുറം 24, വയനാട് 26 എന്നിങ്ങനെയാണ് സോയിൽ പൈപ്പുകൾ കണ്ടെത്തിയിരിക്കുന്നത്.

മനുഷ്യന് കടന്നുചെല്ലാന് സാധിക്കുന്ന അത്രയും വലുപ്പമുള്ള തുരങ്കത്തിന് സമാനമായവയാണ് സോയില് പൈപ്പിങ് ഉള്ളതെന്ന് തിരുവനന്തപുരം ദേശീയ ഭൗമശാസ്ത്രകേന്ദ്രം മുൻശാസ്ത്രജ്ഞൻ ജി ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തില് വ്യക്തമാക്കുന്നു. കേരളത്തിന്റെ സുസ്ഥിരതയ്ക്ക് സോയിൽ പൈപ്പിങ് ഭീഷണിയാകുന്നതായാണ് കണ്ടെത്തല്. എന്നാല് പാലക്കാട്, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ അപൂർവമാണെന്നാണ് പഠനം.

കുഴലീകൃത മണ്ണൊലിപ്പ് അധവ സോയിൽ പൈപ്പിങ് ഉണ്ടാകാനുള്ള കാരണം ഭൂഗർഭ മണ്ണൊലിപ്പാണ്. മണ്ണിലേക്ക് ഊർന്നിറങ്ങുന്ന മഴവെള്ളം മണ്ണിനെ പൂരിതമാക്കുകയും ബലം കുറവുള്ള മേഖലകളിലെ ഭൗമാന്തർഭാഗത്തെ മണ്ണ് ഭൂമിക്കടിയിലൂടെ കുഴലുകൾ പോലെയുള്ള ചാലുകളിലൂടെ ഒഴുകിപ്പോകുന്നതാണ് സോയിൽ പൈപ്പിങ്. ഭൂമിക്കടിയിൽ രൂപപ്പെടുന്ന ഈ പ്രതിഭാസം മണ്ണ് ഇരുന്നുപോകാനും ഉരുൾപൊട്ടാനും കാരണമാകും.

ഭൂപ്രകൃതി, ചെരിവ്, മണ്ണിന്റെ ഘടന, മഴയുടെ അളവ്, ഭൂഗർഭജലത്തിന്റെ ഒഴുക്ക്, കാർഷികരീതികൾ, മരംമുറിക്കൽ, ഖനനം തുടങ്ങിയാണ് സോയിൽ പൈപ്പിങ്ങിന് കാരണമാകുന്ന പ്രധാന ഘടകങ്ങൾ. പുത്തുമലയിലെ മണ്ണിടിച്ചിലിന് പിന്നിൽ സോയിൽ പൈപ്പിങ് ആയിരുന്നു. എന്നാൽ, ചൂരൽമലയിൽ സോയിൽ പൈപ്പിങ് ഉണ്ടായിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല.

dot image
To advertise here,contact us
dot image