യുഎസ് മാധ്യമപ്രവര്‍ത്തകന്‍ ഡാനിയേല്‍ പേളിന്റെ കൊലപാതകത്തിനു പിന്നില്‍ ജെയ്‌ഷെ മുഹമ്മദ്: വിദേശകാര്യ മന്ത്രാലയം

ഡാനിയേല്‍ പേളിനെ കൊലപ്പെടുത്തിയത് ബ്രിട്ടീഷ് പാക് ഭീകരന്‍ അഹമ്മദ് ഒമര്‍ സയീദ് ഷെയ്ക്കാണെന്നും ഇയാള്‍ക്ക് ജെയ്‌ഷെ മുഹമ്മദുമായി നേരിട്ട് ബന്ധമുണ്ടെന്നും വിക്രം മിസ്രി പറഞ്ഞു

dot image

ഡല്‍ഹി: 23 വര്‍ഷം മുന്‍പ് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡാനിയേല്‍ പേളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദിന് പങ്കുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഡാനിയേല്‍ പേളിനെ കൊലപ്പെടുത്തിയത് ബ്രിട്ടീഷ് പാക് ഭീകരന്‍ അഹമ്മദ് ഒമര്‍ സയീദ് ഷെയ്ക്കാണെന്നും ഇയാള്‍ക്ക് ജെയ്‌ഷെ മുഹമ്മദുമായി നേരിട്ട് ബന്ധമുണ്ടെന്നും വിക്രം മിസ്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ജയ്‌ഷെ മുഹമ്മദ് സുപ്രീം കമാന്‍ഡര്‍ അബ്ദുള്‍ റൗഫ് അസര്‍ എന്ന കൊടുംഭീകരനാണ് ഡാനിയേല്‍ പേള്‍ വധക്കേസിലെ മറ്റൊരു പ്രധാന പ്രതി. ഏറെ നാളായി ഇയാളെ ഇന്ത്യ തേടിക്കൊണ്ടിരിക്കുകയായിരുന്നു.

1999-ലെ കാണ്ഡഹാര്‍ വിമാന റാഞ്ചല്‍, 2001-ലെ പാര്‍ലമെന്റ് ആക്രമണം, 2016-ലെ പഠാന്‍കോട്ട് ആക്രമണം, പുല്‍വാമ ആക്രമണം തുടങ്ങിയ ഭീകരാക്രമണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ട്. 2017 മുതല്‍ ജയ്‌ഷെ സുപ്രീം കമാന്‍ഡറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2010-ല്‍ അമേരിക്ക ഇയാളെ ഭീകരനായി പ്രഖ്യാപിച്ചു.

2002-ല്‍ വാള്‍സ്ട്രീറ്റ് ജേണലിന്റെ തെക്കന്‍ ഏഷ്യന്‍ ബ്യൂറോ ചീഫായി മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുകയായിരുന്നു ഡാനിയേല്‍ പേള്‍. ഭീകരരെക്കുറിച്ച് അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി ഡാനിയേല്‍ പാകിസ്താനിലെ കറാച്ചിയിലെത്തി. അവിടെവെച്ച് ഭീകരര്‍ ഡാനിയേലിനെ തട്ടിക്കൊണ്ടുപോയി തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഡാനിയേലിന്റെ അറുത്തുമാറ്റിയ തലയും മറവ് ചെയ്ത ശരീരവും കറാച്ചിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ നിന്ന് കണ്ടെത്തിയിരുന്നു.

കേസില്‍ പിടിയിലായ ഭീകരന്‍ അഹമ്മദ് ഒമര്‍ സയീദ് ഷെയ്ക്കിനെ പാകിസ്താനിലെ ഭീകരവിരുദ്ധ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. സയീദിനൊപ്പം മറ്റ് മൂന്നുപേര്‍ കൂടി അറസ്റ്റിലായിരുന്നു. ഇവര്‍ക്ക് കോടതി ജീവപര്യന്തം തടവ് വിധിച്ചു. എന്നാല്‍ 2020-ല്‍ ഇവരെ കോടതി വിട്ടയക്കുകയായിരുന്നു.

Content Highlights: jaish e muhammed behind us journalist daniel pearl murder

dot image
To advertise here,contact us
dot image