
ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൈബർ സുരക്ഷ ശക്തമാക്കി ഇന്ത്യൻ ബാങ്കുകൾ. പാകിസ്താന്റെ ആക്രമണത്തിന് പിന്നാലെ അതിർത്തി പ്രദേശങ്ങളിലെ ബാങ്ക് ശാഖകളിൽ ഇന്ത്യ സുരക്ഷ ശക്തമാക്കിയിരുന്നു. സൈബർ ആക്രമണത്തെ നേരിടാൻ 24 മണിക്കൂർ വാർ റൂം സൃഷ്ടിച്ചിട്ടുണ്ട്.
പഞ്ചാബ് നാഷനൽ ബാങ്ക് എം.ഡിയും സിഇഒയുമായ അശോക് ചന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേ സമയം അതിർത്തികളിലെ എടിഎമ്മുകളിൽ പണലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. ജീവനക്കാരുടെ സുരക്ഷയടക്കം ഉറപ്പുവരുത്താൻ നിരവധി നടപടികളും സ്വീകരിച്ചിട്ടുണ്ട്. ബാങ്കിങ് അടക്കം സാമ്പത്തിക സ്ഥാപനങ്ങളെയും ഇൻഷുറൻസ് മേഖലയിലെ സ്ഥാപനങ്ങളെയും ലക്ഷ്യമാക്കി സൈബർ ആക്രമണമുണ്ടായേക്കാമെന്ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സി.ഇ.ആർ.ടി-ഇൻ) കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
അതേ സമയം പാകിസ്താന് ധനസഹായം നൽകാനായുള്ള അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) യോഗത്തിലെ വോട്ടെടുപ്പിൽ നിന്നും ഇന്ത്യ വിട്ടു നിന്നിരുന്നു. പാകിസ്താന് വായ്പാ സഹായം നൽകുന്ന പണം രാജ്യം ശരിയായി ഉപയോഗിക്കുന്നില്ലായെന്നും അത് ഭീകര പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും ഇന്ത്യ ആരോപിച്ചു. 1.3 ബില്ല്യൺ ഡോളർ വായ്പയായി നൽകുന്ന ഐഎംഎഫ് പരിപാടിയിലായിരുന്നു ഇന്ത്യയുടെ പ്രതികരണം.
പാകിസ്താന് നൽകുന്ന പണം കൃത്യമായി ഉപയോഗിക്കുന്നില്ലായെന്നും വലിയ കടബാധ്യതയുള്ള രാജ്യമാണ് പാകിസ്താനെന്നും ഇന്ത്യ ചൂണ്ടികാട്ടി. പല ഭീകര സംഘടനകൾക്കും പാകിസ്താന് നൽകുന്ന പണം ലഭിക്കുന്നുണ്ടെന്നും ഇന്ത്യ പരോക്ഷമായി കുറ്റപ്പെടുത്തി. സജീവവും ഉത്തരവാദിത്തമുള്ളതുമായ ഒരു അംഗരാജ്യമെന്ന നിലയിൽ ഐഎംഎഫ് പാകിസ്താന് പണം നൽകുന്നതിൽ ഇന്ത്യക്ക് പ്രശ്നമില്ല. അതേ സമയം, ലഭിക്കുന്ന പണം പാകിസ്താൻ എന്തിന് വേണ്ടി ഉപയോഗിക്കുന്നുവെന്ന് എല്ലാവർക്കും അറിയാമെന്നും ഇന്ത്യ കൂട്ടിചേർത്തു.
content highlights : India-Pakistan conflict; Indian banks strengthen cyber security