'IPL പൂർത്തികരിക്കാൻ BCCIക്ക് കഴിയും, കൊവിഡ് മറ്റൊരു ദുരന്തസമയായിരുന്നു': സൗരവ് ​ഗാം​ഗുലി

'യുദ്ധം വരുമ്പോൾ മാത്രമല്ല, സൈന്യം എപ്പോഴും രാജ്യത്തിന്റെ അഭിമാനമാണ്'

dot image

ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങളെ തുടർന്ന് ഐപിഎൽ ക്രിക്കറ്റ് ടൂർണമെന്റ് നിർത്തിവെച്ചതിൽ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് മുൻ താരം സൗരവ് ​ഗാം​ഗുലി. ഐപിഎല്‍ നിലവില്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണെങ്കിലും വെെകാതെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് സൗരവ് ഗാംഗുലി പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

'ഐപിഎൽ ഏഴ് ദിവസത്തേയ്ക്ക് നിർത്തിവെച്ചതായി അറിഞ്ഞു. എങ്കിലും ഐപിഎൽ പൂർത്തികരിക്കാൻ ബിസിസിഐക്ക് കഴിയും. കൊവിഡ് 19 കാലഘട്ടം മറ്റൊരു ദുരന്തത്തിന്റെ സമയമായിരുന്നു. അന്ന് ഐപിഎൽ നടന്നിരുന്നു. ഇപ്പോൾ ഇന്ത്യൻ സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ് ബിസിസിഐ ചെയ്യുന്നത്. സൈന്യം യുദ്ധം വരുമ്പോൾ മാത്രമല്ല, എപ്പോഴും രാജ്യത്തിന്റെ അഭിമാനമാണ്. നമ്മൾ സുരക്ഷിതരായിരിക്കുന്നത് സൈന്യത്തിന്റെ പ്രവർത്തനം കാരണമാണ്,' സൗരവ് ​ഗാംഗുലി പ്രതികരിച്ചു.

2019 മുതൽ 2022 വരെ ബിസിസിഐ പ്രസിഡന്റായിരുന്നു സൗരവ് ​ഗാം​ഗുലി. കൊവിഡ് മഹാമാരിയെ തുടർന്ന് 2020ലെ ഐപിഎൽ പൂർണമായും യുഎഇയിലാണ് നടന്നത്. 2021ൽ ഐപിഎൽ ഇന്ത്യയിലാണ് നടത്താൻ തീരുമാനിച്ചിരുന്നത്. അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങൾ നടന്നതെങ്കിലും രാജ്യത്ത് കൊവിഡ് ബാധിച്ചത് ഐപിഎല്ലിനും തിരിച്ചടിയായി. 30 മത്സരങ്ങൾക്ക് ശേഷം ഐപിഎൽ താൽക്കാലികമായി നിർത്തിവെയ്ക്കേണ്ടി വന്നു. പിന്നാലെ അതേവർഷം സെപ്റ്റംബറിൽ ഐപിഎൽ പൂർത്തീകരിക്കാനും സാധിച്ചു.

ഇന്നലെയാണ് ഇന്ത്യ-പാകിസ്താൻ സംഘർഷത്തെ തുടർന്ന് ഐപിഎൽ നിർത്തിവെയ്ക്കേണ്ടി വന്നത്. സീസണിൽ ഇനി 17 മത്സരങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഒരാഴ്ചത്തേയ്ക്ക് മാത്രമാണ് ഐപിഎൽ നിർത്തിവെച്ചിരിക്കുന്നതെന്നാണ് ബിസിസിഐ ഔദ്യോ​ഗിക പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. തിയതിയും മത്സരം നടത്തുന്ന വേദിയും പിന്നീട് പ്രഖ്യാപിക്കുമെന്നും ബിസിസിഐ പ്രസ്താവനയിൽ വ്യക്തമാക്കി.

Content Highlights: Former BCCI President Sourav Ganguly Reacts To IPL's 7-Day Suspension

dot image
To advertise here,contact us
dot image