'ഞങ്ങൾക്കിടയിൽ ഒന്നും സംഭവിച്ചിട്ടില്ല, അക്ഷയ് കുമാർ സുഹൃത്തല്ല'; വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി പരേഷ് റാവൽ

അക്ഷയ് കുമാർ തനിക്കൊരു സഹപ്രവർത്തകൻ മാത്രമാണെന്ന പരേഷ് റാവലിന്‍റെ വാക്കുകളായിരുന്നു നേരത്തെ ചര്‍ച്ചയായത്.

dot image

ബോളിവുഡിലെ ഒരു കാലത്തെ ഹിറ്റ് കോംബോയാണ് അക്ഷയ് കുമാറും പരേഷ് റാവലും. നിരവധി ഹിറ്റ് സിനിമകള്‍ ഇവരുടേതായി പുറത്തുവന്നിട്ടുണ്ട്. എന്നാൽ അടുത്തിടെ പരേഷ് റാവൽ അക്ഷയ് കുമാറിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. അക്ഷയ് കുമാർ ഒരു സുഹൃത്തല്ലെന്നും ഒരു സഹപ്രവർത്തകൻ മാത്രമാണെന്നും ആയിരുന്നു പരേഷ് റാവൽ പറഞ്ഞത്. ഇപ്പോഴിതാ ഇതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് പരേഷ് റാവൽ.

തങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും സ്ഥിരമായി കണ്ടുമുട്ടുന്നവർ അല്ലാത്തതുകൊണ്ടാണ് അക്ഷയ് കുമാറിനെ സുഹൃത്തല്ല എന്ന് പറഞ്ഞതെന്നും പരേഷ് റാവൽ പറഞ്ഞു. 'അക്ഷയ് കുമാറിനെ ഒരു അഭിമുഖത്തില്‍ സഹപ്രവര്‍ത്തകന്‍ എന്ന് പറഞ്ഞത് എനിക്ക് തന്നെ ടെന്‍ഷന്‍ ഉണ്ടാക്കി. നിങ്ങള്‍ക്ക് സുഹൃത്ത് എന്ന് പറയുമ്പോള്‍ ഒരു 5-6 തവണ ആഴ്ചയില്‍ കണ്ടുമുട്ടുന്ന സംസാരിക്കുന്ന വ്യക്തിയല്ലേ. എന്നാല്‍ ഞാനും അക്ഷയും അങ്ങനെ കണ്ടുമുട്ടുന്നവരല്ല.

എന്നാല്‍ ഞങ്ങള്‍ ഏതെങ്കിലും പാര്‍ട്ടിയിലോ മറ്റോ കാണാറുണ്ട്. അതിനാലാണ് ഞാന്‍ സഹപ്രവര്‍ത്തകന്‍ എന്ന് വിളിച്ചത്. അതോടെ ആളുകള്‍ നിങ്ങള്‍ക്കിടയില്‍ എന്തു പറ്റി എന്ന് ചോദിക്കാന്‍ തുടങ്ങി. ഇത്തരത്തില്‍ ചോദിച്ചാല്‍ ഒന്നും സംഭവിച്ചില്ലെന്നാണ് മറുപടി', പരേഷ് റാവൽ പറഞ്ഞു. അഭിമുഖങ്ങളില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുമെന്നും, അല്ലെങ്കില്‍ ആളുകള്‍ അഭ്യൂഹങ്ങള്‍ ഉണ്ടാക്കുമെന്നും പരേഷ് റാവല്‍ ഇതേ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഹേരാ ഫേരി, വെൽക്കം, ഓ മൈ ഗോഡ് തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അതേസമയം, പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഭൂത് ബംഗ്ലാ എന്ന ചിത്രത്തിലാണ് അക്ഷയ് കുമാറും പരേഷ് റാവലും ഇപ്പോള്‍ ഒന്നിച്ച് അഭിനയിക്കുന്നത്. അക്ഷയ് കുമാറിനൊപ്പം പ്രിയദർശൻ 14 വർഷത്തിനു ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം അക്ഷയ് കുമാര്‍, ശോഭ കപൂര്‍, ഏക്ത കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കോമഡി ഹൊറർ ഴോണറിലാണ് ഭൂത് ബംഗ്ലാ ഒരുങ്ങുന്നത്. ആകാശ് കൗശിക്കിന്റേതാണ് കഥ. രോഹൻ ശങ്കർ, അഭിലാഷ് നായർ, പ്രിയദർശൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം 2026 ഏപ്രിൽ 2ന് പ്രദർശനത്തിനെത്തും.

Content Highlights: Paresh rawal explains about his statement on Akshay kumar

dot image
To advertise here,contact us
dot image