ആ ഫോട്ടോ ഷെയർ ചെയ്ത് ഇനിയും ഉള്ളുലയ്ക്കരുത്; ധീരജും സഹോദരിമാരും സെയ്ഫാണ്

ധീരജിന്റെ കുടുംബം താമസിച്ചിരുന്ന വീടിന്റെ തകർന്ന ഭാഗങ്ങൾക്കിടയിൽ നിന്നും കണ്ടെടുത്ത ഫ്രെയിം ചെയ്ത് വെച്ച കുടുംബ ഫോട്ടോ കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമങ്ങളിലും പത്രങ്ങളിലും സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിച്ചിരുന്നു

dot image

കൽപ്പറ്റ: ചൂരൽമല സ്വദേശിയായ ധീരജും കുടുംബവും സുരക്ഷിതർ. ധീരജിന്റെ കുടുംബം താമസിച്ചിരുന്ന വീടിന്റെ തകർന്ന ഭാഗങ്ങൾക്കിടയിൽ നിന്നും കണ്ടെടുത്ത ഫ്രെയിം ചെയ്ത കുടുംബ ഫോട്ടോ കഴിഞ്ഞ ദിവസം അന്തരാഷ്ട്ര മാധ്യമങ്ങളിലും ദിനപത്രങ്ങളിലും സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിച്ചിരുന്നു. ധീരജും കുടുംബങ്ങളുമെല്ലാം ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ പെട്ട് മരിച്ചുവെന്ന വാർത്തയോടപ്പമായിരുന്നു ഇത് ഷെയർ ചെയ്യപ്പെട്ടിരുന്നത്. വയനാട് ഉരുൾപൊട്ടലിന്റെ ഉള്ളുലയ്ക്കുന്ന ചിത്രമായി ഇത് വ്യാപകമായി പങ്കുവെയ്ക്കപ്പെട്ടിരുന്നു. എന്നാൽ ഇരുന്നൂറിലധികം പേർ മരിച്ചുവെന്ന ദുരന്ത വാർത്തക്കിടയിലും ചെറിയ ആശ്വാസമാവുകയാണ് ഇപ്പോൾ ധീരജും കുടുംബവും സുരക്ഷിതരാണെന്ന വാർത്ത. അമ്മയും ധീരജും മാത്രമായിരുന്നു ദുരന്തഭൂമിയിൽ ഉണ്ടായിരുന്നത്. സഹോദരിമാരിൽ ഒരാൾ തിരുവനന്തപുരത്തും മറ്റൊരാൾ പുൽപ്പള്ളിയിലുമാണ്.

മഴയെ തുടർന്ന് സ്വന്തം വീട്ടിൽ നിന്നും മാറി തറവാട്ട് വീട്ടിലായിരുന്നു അപകടം നടക്കുന്ന സമയത്ത് നീരജും ഉരുൾപൊട്ടിയ ശബ്ദം കേട്ട ഉടനെ ധീരജും അമ്മയും അടുത്ത ഒരു കുന്നുകളിലേക്ക് കയറുകയായിരുന്നു. മറ്റ് കുടുംബാഗങ്ങൾക്കൊപ്പമായിരുന്നു അവർ കുന്നിന്മുകളിലേക്ക് ഓടി കയറുന്നത്. കുന്നിൻ മുകളിൽ മണിക്കൂറുകളോളം കഴിഞ്ഞ ഇവർ പിന്നീട് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറുകയായിരുന്നു. ഫോട്ടോയിൽ പ്രചരിച്ച സഹോദരിമാർ സംഭവ സമയത്ത് സ്ഥലത്തില്ലായിരുന്നു.

ജീവനും കൈയിൽ പിടിച്ചുള്ള ഓട്ടത്തിൽ ധീരജിന്റെ ഫോൺ വീണ് കേടുവന്നിരുന്നു. പൂർണ്ണമായും തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് ഇവരുടെ വീടിൻ്റെയും തകർന്ന ഫോട്ടോയുടെയും ചിത്രം പുറത്ത് വരുന്നതും വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നതും. ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്നവർ ഈ വാർത്ത കണ്ട് പരിഭ്രാന്തിയിലായിട്ടുണ്ടെന്നും ഫോട്ടോ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും ധീരജ് റിപ്പോർട്ടറിനോട് പറഞ്ഞു.

dot image
To advertise here,contact us
dot image