ഇരട്ടയാറിൽ പോക്സോ കേസിലെ അതിജീവിതയുടെ മരണം ആത്മഹത്യയെന്ന് സംശയം; സുഹൃത്തിനെ ചോദ്യം ചെയ്യും

ആൺ സുഹൃത്തുക്കളിലൊരാളോട് മൊബൈലിൽ വഴക്കുണ്ടാക്കുന്നതായി കണ്ടിരുന്നുവെന്ന് അമ്മ മൊഴി നൽകി

dot image

ഇടുക്കി: ഇരട്ടയാറിൽ പോക്സോ കേസ് അതിജീവിത മരിച്ചത് കഴുത്തിൽ ബെൽറ്റ് മുറുകിയതിനെ തുടർന്നാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആത്മഹത്യയാണെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. ഇത് സ്ഥിരീകരിക്കുന്നതിനായി പെൺകുട്ടിയുടെ ബെംഗളുരുവിലുള്ള സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. വിശദമായ അന്വേഷണത്തിൽ വീട്ടുകാരല്ലാതെ മറ്റാരും മുറിക്കുള്ളിൽ കടന്നതായി കണ്ടെത്താൻ കഴിഞ്ഞില്ല.

ആൺ സുഹൃത്തുക്കളിലൊരാളോട് മൊബൈലിൽ വഴക്കുണ്ടാക്കുന്നതായി കണ്ടിരുന്നുവെന്ന് അമ്മ മൊഴി നൽകി. തുടർന്ന് പൊലീസ് മൊബൈൽ ഫോൺ വിശദമായി പരിശോധിച്ചു. താൻ മരിക്കുമെന്ന് ബെംഗളുരുവിലുള്ള സുഹൃത്തിന് സന്ദേശം അയച്ചതിൻറെ തെളിവുകൾ മൊബൈലിൽ നിന്നും പൊലീസിന് ലഭിച്ചു. ഇയാൾ നിരവധി തവണ തിരിച്ചു വിളിച്ചെങ്കിലും പെൺകുട്ടി എടുത്തിരുന്നില്ല.

ഇലാസ്റ്റിക് കൊണ്ടുള്ള ബെൽറ്റ് കഴുത്തിൽ മൂന്നു തവണ ചുറ്റിയിരുന്നു. ഇതേത്തുടർന്ന് കഴുത്ത് മുറുകിയതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. ഇത് സ്വയം ചെയ്തതാകാമെന്നാണ് പൊലീസിൻറെയും പ്രാഥമിക നിഗമനം. മുറിക്കുള്ളിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുമില്ലായിരുന്നു. ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ വിശദ പരിശോധനക്ക് അയച്ചിട്ടുണ്ട്. പെൺകുട്ടി സന്ദേശം അയച്ച സുഹൃത്തിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)

dot image
To advertise here,contact us
dot image