'ഞങ്ങളുടെ വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്താൽ നോക്കിനിൽക്കണോ'; നിയമസഭാ കയ്യാങ്കളി കേസിൽ ഇ പി ജയരാജൻ

'അന്ന് ഉന്നയിച്ച പ്രശ്നങ്ങളോട് പരിഹാസപരമായാണ് സ്പീക്കർ സമീപിച്ചത്'

dot image

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് തങ്ങൾക്ക് നേരെ ഉമ്മൻ ചാണ്ടി സർക്കാർ ഏകപക്ഷീയമായാണ് ചുമത്തിയതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. രാഷ്ട്രീയ പകപോക്കലാണ് നടന്നത്. യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളെ ശരിയായ നിലയിലായിരുന്നില്ല അന്നത്തെ സർക്കാർ നിരീക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ വനിതാ എംഎൽഎമാരെ ആക്രമിക്കുമ്പോൾ നോക്കി നിൽക്കണോ എന്ന് അദ്ദേഹം ചോദിച്ചു. കേസില് കോടതിയില് ഹാജരായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇ പി ജയരാജൻ.

സാധാരണ ഗതിയിൽ നിയമസഭയിൽ പ്രശ്നമുണ്ടാകുമ്പോൾ അത് നിയന്ത്രിക്കേണ്ട സ്പീക്കർ ഒരു നിലപാടും സ്വീകരിക്കാതെ ഇറങ്ങിപോവുകയാണ് ചെയ്തത്. അന്ന് ഉന്നയിച്ച പ്രശ്നങ്ങളോട് പരിഹാസപരമായാണ് സ്പീക്കർ സമീപിച്ചത്. അതിൽ ക്ഷുഭിതരായ എംഎൽഎമാർ പ്രതിഷേധമറിയിച്ചു. ആ പ്രതിഷേധങ്ങൾക്ക് നേരെ ആക്രമണമാണ് യുഡിഎഫിൽ നിന്നുണ്ടായത് എന്ന് അദ്ദേഹം പറഞ്ഞു.

'അവർ സംഘടിതമായി ആക്രമണം നടത്തി. ഞങ്ങളുടെ വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്തു. ഞങ്ങളുടെ കൺമുന്നിൽ വെച്ച് വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്താൽ ഞങ്ങൾ അത് നോക്കി നിൽക്കുമെന്ന് ധരിച്ചോ. അതിനെ ഞങ്ങൾ പ്രതിരോധിച്ചു. യുഡിഎഫും സ്പീക്കറുമുണ്ടാക്കിയ അരക്ഷിതാവസ്ഥയിലാണ് ഞങ്ങൾ പ്രതിഷേധിച്ചത്,' ഇ പി ജയരാജൻ പറഞ്ഞു.

അതേസമയം നിയമസഭാ കയ്യാങ്കളി കേസില് തുടരന്വേഷണം നടത്തിയത് എന്തിനെന്ന് പ്രതികള് കോടതിയില് ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനല്ല തുടരന്വേഷണം നടത്തിയതെന്ന നിലപാടും കോടതിയില് പ്രതികള് സ്വീകരിച്ചു. തുടരന്വേഷണ റിപ്പോര്ട്ട് അംഗീകരിക്കാന് കഴിയില്ലെന്നും പ്രതികള് ചൂണ്ടിക്കാണിച്ചു. പ്രതികള് ഉന്നയിച്ച വിഷയത്തില് പ്രോസിക്യൂഷന് മറുപടിയില്ലായിരുന്നു.

നിയമസഭാ കയ്യാങ്കളിക്കേസില് സര്ക്കാര് നടത്തുന്നത് ഒത്തുകളിയാണെന്ന ആരോപണവും ഉയരുന്നുണ്ട്. വിചാരണ തുടങ്ങുന്ന ഘട്ടത്തില് തുടരന്വേഷണം വന്നു. തുടരന്വേഷണ റിപ്പോര്ട്ട് വന്നപ്പോള് പുതിയ തടസ്സം ഉയര്ന്നിരിക്കുകയാണെന്നുമാണ് ആക്ഷേപം.

2015 മാര്ച്ച് 13നാണ് കേസിന് ആസ്പദമായ സംഭവം കേരള നിയമസഭയില് ഉണ്ടാകുന്നത്. ബാര് കോഴക്കേസിലെ പ്രതിയായിരുന്ന അന്നത്തെ ധനകാര്യമന്ത്രി കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാന് അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇടതുപക്ഷ എംഎല്എമാര് നിയമസഭയില് നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണ് സംഘര്ഷം ഉണ്ടായത്. ഇതേ തുടര്ന്ന് സഭയില് 2,20,092 രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പൊലീസ് കേസ്.

dot image
To advertise here,contact us
dot image