നാലാം തവണയും എം കെ രാഘവന് തന്നെ?; തിരഞ്ഞെടുപ്പ് ആലോചനകള് വേഗത്തിലാക്കി കോണ്ഗ്രസ്

ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയ സാധ്യത പരിശോധിക്കാന് കോണ്ഗ്രസ് രഹസ്യ സര്വ്വേ നടത്തിവരികയാണ്

dot image

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില് കോഴിക്കോട് മണ്ഡലത്തില് നിന്ന് ഇത്തവണയും എം കെ രാഘവന് തന്നെ മത്സരിക്കുമെന്ന് സൂചന. മണ്ഡലം നിലനിര്ത്താന് നാലാം തവണയും എം കെ രാഘവന് തന്നെ മത്സരിക്കട്ടെ എന്ന തീരുമാനത്തിലാണ് പാര്ട്ടി. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉള്പ്പെടെ പങ്കെടുത്ത ജില്ലാ നേതൃയോഗത്തിലാണ് ആലോചന.

നിലവില് എം കെ രാഘവന് മത്സരിക്കുന്നതില് ആരും എതിര്പ്പ് പ്രകടിപ്പിച്ചിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയ സാധ്യത പരിശോധിക്കാന് കോണ്ഗ്രസ് രഹസ്യ സര്വ്വേ നടത്തിവരികയാണ്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും എഐസിസി അംഗവുമായ സുനില് കനഗോലുവും സംഘവുമാണ് സര്വ്വേയ്ക്ക് നേതൃത്വം നല്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് സര്വ്വേ നടത്തുക. ജനപിന്തുണ കുറഞ്ഞവരെ മാറ്റാനാകും പാര്ട്ടി നീക്കം നടത്തുക. അതിനിടെയാണ് കോഴിക്കോട് നിന്ന് എം കെ രാഘവനെ തന്നെ മത്സരിപ്പിക്കാന് ആലോചന നടക്കുന്നത്.

പ്രധാനമായും സിറ്റിംഗ് എംപിമാരുടെ വിജയ സാധ്യതയാണ് കോണ്ഗ്രസ് പരിശോധിക്കുന്നത്. എംപിമാരുടെ പ്രവര്ത്തന മികവ് മുതല് സാമൂഹിക സംഘടനകളുടെ സ്വാധീനം വരെ പാര്ട്ടി പരിശോധിക്കും. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലും ഘട്ടം ഘട്ടമായി സര്വ്വേ സംഘടിപ്പിക്കും. റിപ്പോര്ട്ടുകള് രാഹുല് ഗാന്ധിക്ക് കൈമാറും. ഈ റിപ്പോര്ട്ടുകള് കൂടി പരിഗണിച്ചാണ് സ്ഥാനാര്ത്ഥി നിര്ണ്ണയം നടത്തുക.

dot image
To advertise here,contact us
dot image