
തിരുവനന്തപുരം: ഇടക്കാല വൈദ്യുതി കരാര് വന് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് കെഎസ്ഇബി. അഞ്ച് വര്ഷത്തേക്ക് 403 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിലൂടെ 3270 കോടിയുടെ അധിക ചെലവാണ് കണക്കാക്കപ്പെടുന്നത്. റദ്ദാക്കപ്പെട്ട ദീര്ഘകാല കരാറുമായി താരതമ്യം ചെയ്യുമ്പോഴാണിത്.
അഞ്ച് വര്ഷത്തേക്ക് 403 മെഗാവാട്ട് വൈദ്യുതി വീതം വാങ്ങാനാണ് ആലോചന. ഇങ്ങനെ വൈദ്യുതി വാങ്ങിയാല് യൂണിറ്റിന് 22 പൈസ അധികം ഈടാക്കേണ്ടി വരും. ഇടക്കാല കരാറിന് ഒരു വര്ഷത്തേക്ക് ചെലവാകുന്നത് 2064 കോടി രൂപയായിരിക്കും. ദീര്ഘകാല കരാറായിരുന്നെങ്കില് ചെലവ് 1410 കോടി മാത്രമാണെന്നും കെഎസ്ഇബി അറിയിച്ചു. ഭീമമായ സാമ്പത്തിക ബാധ്യത കെഎസ്ഇബി ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. ബാധ്യത നികത്താന് ഉപഭോക്താക്കളില് നിന്ന് യൂണിറ്റിന് 22 പൈസ അധികമായി ഈടാക്കേണ്ടി വരുമെന്നാണ് കെഎസ്ഇബിയുടെ നിലപാട്.
ദീര്ഘകാല കരാര് റദ്ദാക്കിയതിന് പിന്നാലെ മാസാടിസ്ഥാനത്തില് വൈദ്യുതി വാങ്ങുന്നതിനുള്ള ടെണ്ടറാണ് കെഎസ്ഇബി വിളിച്ചത്. എന്നാല് യൂണിറ്റിന് ഉയര്ന്ന തുകയാണ് കമ്പനികള് ക്വോട്ട് ചെയ്തത്. യൂണിറ്റിന് 6.90 മുതല് 7.87 രൂപ വരെയാണ് കമ്പനികള് ആവശ്യപ്പെട്ടത്. ദീര്ഘകാല കരാറുമായി താരതമ്യം ചെയ്യുമ്പോള് രണ്ട് രൂപയിലേറെ അധികമാണ് കമ്പനികള് ആവശ്യപ്പെടുന്നതെന്ന് കെഎസ്ഇബി വ്യക്തമാക്കിയിരുന്നു.
അതേസമയം റഗുലേറ്ററി കമ്മീഷന് റദ്ദാക്കിയ പഴയ നാല് കരാറുകള് പുനരുജ്ജീവിപ്പിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും റിപ്പോര്ട്ടുണ്ട്. തീരുമാനം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടാനാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില് ചേര്ന്ന ഉന്നതതല യോഗം തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ഉന്നതതല യോഗത്തില് വ്യത്യസ്ത അഭിപ്രായം ഉയര്ന്നതോടെയാണ് അന്തിമ തീരുമാനം മന്ത്രിസഭയ്ക്ക് വിട്ടത്.
മഴ കുറഞ്ഞതോടെ വൈദ്യുതി ഉത്പാദനവും ഉപഭോഗവും തമ്മില് വലിയ അന്തരമാണുള്ളത്. ഡാമുകളില് ആവശ്യത്തിന് വെള്ളമില്ലാത്തതിനാല് ഉത്പാദനം കൂട്ടി പ്രതിസന്ധി പരിഹരിക്കാനുള്ള സാഹചര്യമില്ല. റദ്ദാക്കപ്പെട്ട ദീര്ഘകാല കരാറുകളിലൂടെ ഡിസംബര് വരെ വൈദ്യുതി വാങ്ങാന് അനുമതി ഉണ്ടെങ്കിലും കമ്പനികള് വൈദ്യുതി നല്കുന്നില്ല. ഇതോടെയാണ് പുതിയ കരാറുകള് വഴി വൈദ്യുതി ഉറപ്പാക്കാന് കെഎസ്ഇബി നീക്കം ആരംഭിച്ചത്.