കോണ്ഗ്രസിന് നഷ്ടമായത് ശക്തനായ നേതാവിനെയെന്ന് സുധാകരന്; മൂന്ന് ദിവസത്തെ ദുഃഖാചരണം

മാര്ഗദര്ശിയായ പൊതുപ്രവര്ത്തകന്, കറകളഞ്ഞ മതേതരവിശ്വാസി, കോണ്ഗ്രസ് പാര്ട്ടിയുടെ ചട്ടക്കൂടില് അച്ചടക്കത്തോടെ എന്നും പ്രവര്ത്തിച്ച നേതാവ് എന്നിങ്ങനെ നിരവധി വിശേഷണങ്ങള്ക്ക് അര്ഹനായിരുന്നു വക്കമെന്നും സുധാകരന്

dot image

തിരുവനന്തപുരം: മുന് ഗവര്ണറും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന്റെ നിര്യാണത്തെ തുടര്ന്ന് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് കോണ്ഗ്രസ്. ശക്തനായ ഒരു നേതാവിനെയാണ് കോണ്ഗ്രസിന് നഷ്ടമായതെന്ന് കെപിസിസി അദ്ധ്യക്ഷന് കെ സുധാകരന് പറഞ്ഞു. ശക്തനായ ഒരു നേതാവിനെയാണ് കോണ്ഗ്രസിന് നഷ്ടമായത്. ഗവര്ണറായും മന്ത്രിയായും സ്പീക്കറായും ശോഭിച്ച അദ്ദേഹം കേരളം കണ്ട മികച്ച ഭരണാധികാരികളില് ഒരാളായിരുന്നുവെന്നും അദ്ദേഹം ഓര്മ്മിച്ചു.

സ്പീക്കര് പദവിയിലിരിക്കെ സഭയുടെ അന്തസ്സും ഗൗരവവും ഉയര്ത്തിപിടിക്കാന് അദ്ദേഹത്തിനായി. കര്ക്കശമായ നിലപാടുകള് പുലര്ത്തുമ്പോഴും സൗമ്യമായ പെരുമാറ്റമായിരുന്നു. താന് ഉള്പ്പടെയുള്ള നേതാക്കള്ക്ക് മാര്ഗദര്ശിയായ പൊതുപ്രവര്ത്തകന്, കറകളഞ്ഞ മതേതരവിശ്വാസി, കോണ്ഗ്രസ് പാര്ട്ടിയുടെ ചട്ടക്കൂടില് അച്ചടക്കത്തോടെ എന്നും പ്രവര്ത്തിച്ച നേതാവ് എന്നിങ്ങനെ നിരവധി വിശേഷണങ്ങള്ക്ക് അര്ഹനായിരുന്നു വക്കമെന്നും സുധാകരന് പറഞ്ഞു.

'കോണ്ഗ്രസിനെ ശക്തിപ്പെടുത്തുന്നതില് അദ്ദേഹത്തിന്റെ സംഭാവനകള് ഒരിക്കലും വിസ്മരിക്കാന് കഴിയില്ല. എനിക്ക് അദ്ദേഹവുമായി ദീര്ഘകാലത്തെ ആത്മബന്ധമാണുള്ളത്. വക്കം പുരുഷോത്തമന്റെ വിയോഗത്തിലൂടെ കേരളത്തിന് മികച്ച പൊതുപ്രവര്ത്തകനെയാണ് നഷ്ടമായത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില് പങ്കുചേരുന്നതോടൊപ്പം ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രാര്ത്ഥിക്കുന്നു', കെ സുധാകരന് കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image