'ഭരണപാടവവും കണിശതയും കാർക്കശ്യവും മുറുകെപ്പിടിച്ച വ്യക്തിത്വം'; വക്കത്തെ അനുശോചിച്ച് മുഖ്യമന്ത്രി

കോൺഗ്രസിലെ ഏറ്റവും തല മുതിർന്ന നേതാക്കളിലൊരാളെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു

dot image

തിരുവനന്തപുരം: മുതിര്ന്ന കോണ്ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. കോൺഗ്രസിലെ ഏറ്റവും തല മുതിർന്ന നേതാക്കളിലൊരാളെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാർലമെന്റേറിയനെന്ന നിലയിലും വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി എന്ന നിലയിലും സ്വതസിദ്ധമായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് വക്കം പുരുഷോത്തമൻ. സ്പീക്കർ പദവിയിലും ഗവർണർ പദവിയിലും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. വിവിധ സ്ഥാനങ്ങളിൽ ഇരിക്കെ തൻ്റെ ഭരണപാടവവും കണിശതയും കാർക്കശ്യവും മുറുകെപ്പിടിച്ചുകൊണ്ടാണ് വക്കം വ്യത്യസ്തനായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകൾ സ്പീക്കർ ആയിരിക്കെയും മന്ത്രി ആയിരിക്കെയും അദ്ദേഹം അണുവിട ചാഞ്ചല്യമില്ലാതെ മുറുകെപ്പിടിച്ചു. മന്ത്രിയെന്ന നിലയിൽ വികസനോന്മുഖമായ വീക്ഷണം പുലർത്താൻ ശ്രദ്ധിച്ച ആളാണ് വക്കം പുരുഷോത്തമനെന്നും കേരളത്തിന്റെ പൊതുവായ ആവശ്യങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ എംപി എന്ന നിലയിൽ അദ്ദേഹം സദാ സന്നദ്ധത പുലർത്തിയിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. വക്കം പുരുഷോത്തമന്റെ വേർപാടിൽ ദുഃഖം അനുഭവിക്കുന്ന കുടുംബാംഗങ്ങളെയും കോൺഗ്രസ്സ് പാർട്ടിയെയും മറ്റെല്ലാവരെയും മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

ഇന്ന് തിരുവനന്തപുരത്തെ വസതിയിലായിരുന്നു വക്കം പുരുഷോത്തമന്റെ അന്ത്യം. രണ്ട് തവണ നിയമസഭാ സ്പീക്കറായിരുന്ന വക്കം പുരുഷോത്തമന് മൂന്ന് തവണ മന്ത്രിയായി പ്രവർത്തിച്ചു. 2004ല് ഉമ്മന് ചാണ്ടിക്കൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട വക്കം പുരുഷോത്തമന് അതേ വര്ഷം ഉമ്മന് ചാണ്ടി മന്ത്രിസഭയില് ധനകാര്യ മന്ത്രിയായിരുന്നു. ധനവകുപ്പ് അടക്കം ആറു വകുപ്പുകളുടെ ചുമതല മൂന്ന് തവണയായി അദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image