
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റര്ടെയ്ന്മെന്റ്സിൻ്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന ധീരൻ സിനിമ ജൂലൈ 4 ന് പുറത്തിറങ്ങും. ചിരിയും ത്രില്ലും കോർത്തിണക്കി ഒരുക്കിയ ഈ ഫാമിലി ഫൺ എൻ്റർടെയ്നർ ചിത്രം രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത് ഭീഷ്മപർവം എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജിയാണ്.
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരിൽ വലിയ സ്വാധീനവും അവർക്കിടയിൽ വലിയ വിശ്വാസവുമാണ് ചിയേർസ് എന്റര്ടെയ്ന്മെന്റ്സ് ഉണ്ടാക്കിയിരിക്കുന്നത് എന്നത് തന്നെയാണ് ഈ ചിത്രത്തിന് ലഭിക്കുന്ന കാത്തിരിപ്പിന് ഏറ്റവും വലിയ കാരണം. താരസാന്നിധ്യങ്ങൾക്കപ്പുറം മികച്ച കഥകൾ പ്രേക്ഷകരുടെ മുന്നിൽ മനോഹരമായി അവതരിപ്പിക്കുക എന്നതാണ് ചിയേർസ് എന്റര്ടെയ്ന്മെന്റ്സ് തങ്ങളുടെ മുഖമുദ്രയാക്കിയിരിക്കുന്നത്.
രാജേഷ് മാധവൻ, ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ, ശബരീഷ് വർമ്മ, വിനീത് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഇവരെ കൂടാതെ അഭിരാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക.
മലയാളത്തിലെ വിന്റേജ് താരങ്ങളായ ജഗദീഷ്, മനോജ് കെ ജയൻ, അശോകൻ, സുധീഷ്, വിനീത് എന്നിവർ ഒരുമിച്ചു ഒരു ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു എന്നതും ഈ ചിത്രത്തിലേക്ക് പ്രേക്ഷകരെ ഏറെ ആകർഷിക്കുന്ന ഒരു ഘടകമാണ്. മലയാളത്തിലെ ഒരുപിടി സീനിയർ താരങ്ങളും ജൂനിയർ താരങ്ങളും ഒന്നായി തകർക്കുന്ന ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ധീരന്റെ ട്രെയ്ലറും നമുക്ക് നൽകുന്നത്. കുടുംബ പ്രേക്ഷകർക്കും യുവ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു പക്കാ ഫൺ എൻ്റർടെയ്നർ തന്നെയാകും 'ധീരൻ' എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്സ്- വിനായക് ശശികുമാർ, ഷർഫു, സുഹൈൽ കോയ, ശബരീഷ് വർമ്മ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Content Highlights: Dheeran in cinemas from July 4th