
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്ന അഭ്യൂഹങ്ങള്‍ തള്ളി ഓസ്‌ട്രേലിയന്‍ ഓഫ് സ്പിന്നര്‍ നേഥന്‍ ലിയോണ്‍. ഫോർമാറ്റിൽ തനിക്ക് ഇനിയും ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് ലിയോൺ പറഞ്ഞു. ഇന്ത്യന്‍ മണ്ണിലും ഇംഗ്ലീഷ് മണ്ണിലും പരമ്പര വിജയിക്കുകയാണ് തന്റെ സ്വപ്നം. 2027ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ലിയോണ്‍ വ്യക്തമാക്കി.
'എന്റെ വിരമിക്കലിനെ പറ്റി ഒരു ചർച്ചയുടെയും ആവശ്യമില്ല. അങ്ങനെയൊരു ചിന്ത ഇതുവരെയും മനസില്‍ വന്നിട്ടില്ല. ഇന്ത്യന്‍ മണ്ണിലും ഇംഗ്ലണ്ടിലും പരമ്പരകള്‍ വിജയിക്കണമെന്ന ആഗ്രഹം ഞാന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്. മറ്റൊരു ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും എന്റെ ലക്ഷ്യമാണ്', ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയോട് സംസാരിക്കവെ ലിയോണ്‍ പറഞ്ഞു.
🚨 NO RETIREMENT FOR LYON. 🚨
— Mufaddal Vohra (@mufaddal_vohra) July 1, 2025
- Nathan Lyon said, "I've always said I want to win away in India and England. Another WTC Final for me would be on my cards for sure". pic.twitter.com/IOC9cuKiZ7
മൈക്ക് ഹസി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനുശേഷം ഓസ്‌ട്രേലിയയുടെ നിയുക്ത സോങ് മാസ്റ്ററായ ലിയോൺ, അടുത്തിടെ ബാർബഡോസിൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിനിടെ അലക്സ് കാരിക്ക് ആ റോൾ കൈമാറിയിരുന്നു. ഇതോടെയാണ് ലിയോൺ ഉടൻ തന്നെ വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്. ഇതുവരെയായി 138 ടെസ്റ്റുകളില്‍ കളിച്ച ലിയോണ്‍ ഓസ്‌ട്രേലിയക്കായി 556 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
Content Highlights: Amid retirement speculation, Nathan Lyon says he won’t quit until he beats India in India