

ഇസ്താംബുൾ: ഹോർമൂസ് കടലിടുക്കിൽ ഖ്വേഷം ദ്വീപിന് തെക്ക് ഭാഗത്തുവെച്ച് അമേരിക്കൻ സൈനിക ഡ്രോൺ പിടിച്ചെടുത്തതായും കേടുപാടുകളില്ലാതെ നിലത്തിറക്കിയതായും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) നാവികസേനയുടെ അവകാശവാദം. തിങ്കളാഴ്ച രാവിലെയാണ് ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ ഉപയോഗിച്ച് ഡ്രോൺ നിയന്ത്രണത്തിലാക്കിയതെന്ന് ഐആർജിസി അറിയിച്ചു. MQM-170 വിഭാഗത്തിൽപ്പെട്ട ഡ്രോണാണ് പിടിച്ചെടുത്തതെന്നാണ് ഐആർജിസിയുടെ പബ്ലിക് റിലേഷൻസ് വിഭാഗം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെയും ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങളെയും കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്യുകയായിരുന്നു ഡ്രോണിന്റെ ലക്ഷ്യമെന്നും പ്രസ്താവനയിൽ ആരോപിക്കുന്നു.
ഡ്രോണിന്റെ നിയന്ത്രണ സംവിധാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഇറാൻ സൈന്യം കേടുപാടുകളൊന്നും കൂടാതെ നിലത്തിറക്കുകയായിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. ഇത്തരത്തിലുള്ള നാലാമത്തെ ഡ്രോണാണ് ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങളുടെയും ഡ്രോൺ കമാൻഡിന്റെയും സഹായത്തോടെ പിടിച്ചെടുത്തതെന്നും ഹോർമുസ് കടലിടുക്ക് മേഖലയിൽ ഐആർജിസിയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ കേടുപാടുകളില്ലാതെ നിലത്തിറക്കിയ എട്ടാമത്തെ ഡ്രോണാണിതെന്നും ഇറാൻ അവകാശപ്പെട്ടു. MQ-9, MQ-1 വിഭാഗങ്ങളിൽപ്പെട്ട ഡ്രോണുകൾക്കും ലൂക്കാസ് ആക്രമണ ഡ്രോണുകൾക്കുമെതിരെ നടപടിയെടുത്തതായും അവയെ തടയുകയോ തകർക്കുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്തതായും ഐആർജിസി അവകാശപ്പെട്ടു. എന്നാൽ ഇറാന്റെ അവകാശവാദത്തോട് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ഏതാനും ആഴ്ചകളായി സമാനമായ അവകാശവാദങ്ങൾ ഇറാൻ ഉന്നയിക്കുന്നുണ്ട്. നവംബർ ആദ്യത്തിലും ഖ്വേഷം ദ്വീപിന് സമീപം MQM-170 ഡ്രോണുകൾക്കെതിരെ ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ ഉപയോഗിച്ചതായി ഐആർജിസി അറിയിച്ചിരുന്നു. എന്നാൽ ഡ്രോൺ പിടിച്ചെടുത്തെന്ന ഇറാന്റെ മുൻ അവകാശവാദം അമേരിക്കൻ സൈന്യം നിഷേധിച്ചിരുന്നു. ഇറാനിലെ ഏറ്റവും വലിയ ദ്വീപാണ് ഖ്വേഷം. ഹോർമുസ് കടലിടുക്കിന്റെ വടക്കൻ പ്രവേശനമേഖലയിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഗൾഫ് രാജ്യങ്ങളിൽനിന്ന് അന്താരാഷ്ട്ര വിപണികളിലേക്ക് എണ്ണയും പ്രകൃതിവാതകവും കൊണ്ടുപോകുന്ന പ്രധാന സമുദ്രപാതയാണ് ഹോർമൂസ് കടലിടുക്ക്.
ഇതിനിടെ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട യെമൻ സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള തെക്കൻ നഗരമായ ഏദനിലേക്ക് ഹൂതി വിമതർ മുന്നേറുന്നതായി റിപ്പോർട്ട്. തന്ത്രപ്രധാനമായ ബാബ് അൽ മന്ദബ് കടലിടുക്കിന് സമീപമുള്ള പ്രദേശങ്ങളിൽ നിന്ന് സർക്കാർ അനുകൂല സൈന്യം പെട്ടെന്ന് പിന്മാറിയതോടെയാണ് ഹൂതികൾക്ക് കൂടുതൽ മുന്നേറ്റത്തിന് അവസരമൊരുങ്ങിയത്. ഏദനിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയുള്ള ടോർ അൽ ബാഹയിൽ ഹൂതികൾ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് ഏദന്റെ പ്രതിരോധ മേഖലയുടെ പരിധിയിലേക്കുള്ള ഹൂതികളുടെ കടന്നുകയറ്റമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. തായിസ് നഗരത്തിന് ചുറ്റുമുള്ള പോരാട്ടത്തിനൊപ്പം ഏദനിലേക്ക് മുന്നേറാനും നഗരത്തിന്റെ ആദ്യ പ്രതിരോധ മേഖലയുടെ നിയന്ത്രണം പിടിക്കാനുമാകും ഇനി ഹൂതികൾ ശ്രമിക്കുകയെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
Content Highlights: Iran's IRGC Navy claims to have seized a US military drone near Qeshm Island in the Strait of Hormuz during an electronic warfare operation