

അൽ ദൈദ് നഗരത്തിലേക്കുള്ള 320 മീറ്റർ നീളമുള്ള പ്രവേശന പാലം ഷാർജയിൽ തുറന്നു. അൽ ദൈദ് തടാകം–പാലം പദ്ധതിയുടെ ( Al Dhaid Lake and Bridge project ) ആദ്യഘട്ടം പൂർത്തിയായതിന്റെ ഭാഗമായാണ് പാലം ഗതാഗതത്തിനായി തുറന്നത്. പാലത്തിന് താഴെയുള്ള തടാകത്തിന്റെ നിർമാണം തുടരുകയാണ്. 2027 ന്റെ മൂന്നാം പാദത്തോടെ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു.
ഏകദേശം 4.6 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് തടാകം ഒരുക്കുന്നത്. നിർമാണം പൂർത്തിയാകുമ്പോൾ ഏകദേശം 40 കോടി ഗാലൻ വെള്ളം സംഭരിക്കാൻ തടാകത്തിന് ശേഷിയുണ്ടാകുമെന്ന് മുബാദറ ഇനിഷ്യേറ്റീവ്സ് ഇംപ്ലിമെന്റേഷൻ അതോറിറ്റി ചെയർമാൻ ഡോ. എൻജിനീയർ സലാഹ് ബിൻ ബുട്ടി അൽ മുഹൈരി അറിയിച്ചു. തടാകത്തിന് മുകളിലൂടെ കടന്നുപോകുന്ന പാലത്തിന് 50 മീറ്റർ വീതിയുണ്ട്. പാലത്തിലേക്കുള്ള റോഡിന് ഏകദേശം 2,300 മീറ്റർ നീളമുണ്ട്. പരമാവധി മണിക്കൂറിൽ 6,000 വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന രീതിയിലാണ് പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ട്രക്കുകൾക്കായി 280 മീറ്റർ നീളമുള്ള പ്രത്യേക റാംപും ഷാർജ നഗരത്തിലേക്ക് പോകുന്ന ട്രക്കുകൾക്കായി 160 മീറ്റർ റാംപും ഒരുക്കിയിട്ടുണ്ട്. സമീപ പ്രദേശങ്ങളായ ജബൽ ഉമർ, അൽ തായിബ, ടെൽ അൽ സഫ്രാൻ എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനായി ആകെ 108 മീറ്റർ നീളമുള്ള അണ്ടർപാസുകളും പദ്ധതിയുടെ ഭാഗമാണ്. അൽ ദൈദിലെ റോഡ് വികസനത്തോടൊപ്പം പൊതുഗതാഗത സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നുണ്ട്. അതേസമയം അൽ ദൈദ് ഇത്തിഹാദ് റെയിൽ സ്റ്റേഷനിൽനിന്ന് വിവിധ ബസ് സ്റ്റേഷനുകളിലേക്ക് മൂന്ന് പുതിയ സർവീസുകൾ ആരംഭിച്ചു. ER1 റൂട്ടിൽ അൽ മാഡം ബസ് സ്റ്റേഷനിലേക്കും ER2 റൂട്ടിൽ അൽ സജാ ബസ് സ്റ്റേഷനിലേക്കും ER3 റൂട്ടിൽ ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്കുമാണ് സർവീസുകൾ.
Content Highlights: Sharjah has opened a new 320-metre bridge leading to Al Dhaid city, while the Al Dhaid Lake project is expected to be completed in 2027.