ബാബ് അൽ മന്ദബ് കടലിടുക്കിൽ നിന്ന് യെമൻ സൈന്യം പിന്മാറി; ഏദൻ പിടിക്കാൻ ഹൂതികൾ

തന്ത്രപ്രധാനമായ ബാബ് അൽ മന്ദബ് കടലിടുക്കിന് സമീപമുള്ള പ്രദേശങ്ങളിൽ നിന്ന് സർക്കാർ അനുകൂല സൈന്യം പെട്ടെന്ന് പിന്മാറിയതോടെയാണ് ഹൂതികൾക്ക് കൂടുതൽ മുന്നേറ്റത്തിന് അവസരമൊരുങ്ങിയത്

ബാബ് അൽ മന്ദബ് കടലിടുക്കിൽ നിന്ന് യെമൻ സൈന്യം പിന്മാറി; ഏദൻ പിടിക്കാൻ ഹൂതികൾ
dot image

സന: അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട യെമൻ സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള തെക്കൻ നഗരമായ ഏദനിലേക്ക് മുന്നേറി ഹൂതി വിമതർ. തന്ത്രപ്രധാനമായ ബാബ് അൽ മന്ദബ് കടലിടുക്കിന് സമീപമുള്ള പ്രദേശങ്ങളിൽ നിന്ന് സർക്കാർ അനുകൂല സൈന്യം പെട്ടെന്ന് പിന്മാറിയതോടെയാണ് ഹൂതികൾക്ക് കൂടുതൽ മുന്നേറ്റത്തിന് അവസരമൊരുങ്ങിയത്. ഏദനിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയുള്ള ടോർ അൽ ബാഹയിൽ ഹൂതികൾ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് ഏദന്റെ പ്രതിരോധ മേഖലയുടെ പരിധിയിലേക്കുള്ള ഹൂതികളുടെ കടന്നുകയറ്റമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. തായിസ് നഗരത്തിന് ചുറ്റുമുള്ള പോരാട്ടത്തിനൊപ്പം ഏദനിലേക്ക് മുന്നേറാനും നഗരത്തിന്റെ ആദ്യ പ്രതിരോധ മേഖലയുടെ നിയന്ത്രണം പിടിക്കാനുമാകും ഇനി ഹൂതികൾ ശ്രമിക്കുകയെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

യെമന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ബാബ് അൽ മന്ദബ് കടലിടുക്കിന് സമീപം തങ്ങളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന പ്രദേശങ്ങളിൽ നിന്നും ദുബാബ് വിമാനത്താവളത്തിൽ നിന്നും സൈന്യം പിൻവാങ്ങിയതായി യെമൻ സർക്കാർ സേന ഞായറാഴ്ച അറിയിച്ചിരുന്നു. യെമൻ സർക്കാരിന്റെ താൽക്കാലിക ആസ്ഥാനമായ ഏദന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായാണ് പിന്മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. യെമനിലെ നടക്കുന്ന യുദ്ധത്തിന്റെ ഗതി നിർണയിക്കുന്നതിൽ നിർണായകമായേക്കാവുന്ന തെക്കൻ മേഖലയിലെ പർവതനിരകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പോരാട്ടം നടക്കുന്നതെന്നാണ് റിപ്പോർട്ട്. ഏദൻ, തായിസ്, ബാബ് അൽ മന്ദബ് കടലിടുക്ക് എന്നിവയെ ബന്ധിപ്പിക്കുന്ന പ്രദേശമാണിത്. ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന സുപ്രധാന സമുദ്രപാതയാണ് ബാബ് അൽ മന്ദബ്.

സമീപകാലത്താണ് ദുബാബ് മേഖല ഹൂതികൾക്ക് നഷ്ടമായത്. ഹൂതികളുടെ ഉപരോധത്തിൽപ്പെടാനുള്ള സാധ്യത ഒഴിവാക്കാനും ഏദന്റെ പ്രതിരോധം ശക്തിപ്പെടുത്താനുമാണ് സർക്കാർ അനുകൂല സൈന്യം ഇവിടെ നിന്ന് പിന്മാറിയതെന്നാണ് റിപ്പോർട്ട്. ഈ പിന്മാറ്റം യെമൻ സർക്കാരിന്റെ തീരദേശ വിതരണപാതകൾ പൂർണമായി വിച്ഛേദിക്കപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്ന വിലയിരുത്തലുമുണ്ട്.

2014 സെപ്റ്റംബറിലാണ് ഇറാൻ്റെ നിഴൽസംഘടനയെന്ന് ആരോപിക്കപ്പെടുന്ന സായിദി ഷിയാ വിഭാഗമായ ഹൂതികൾ യെമൻ തലസ്ഥാനമായ സനായുടെ നിയന്ത്രണം പിടിച്ചെടുത്തത്. ഇതോടെ സർക്കാർ ഏദനിലേക്ക് മാറുകയായിരുന്നു. സർക്കാരിനെ സഹായിക്കാൻ 2015 മാർച്ചിൽ സൗദി അറേബ്യയുടെ നേതൃത്വത്തിൽ അറബ് സഖ്യസേന യെമനിൽ സൈനിക നടപടി ആരംഭിച്ചു. ഈ വർഷം ജൂലൈയിൽ യെമൻ സർക്കാരിന്റെ വ്യോമസേന സനാ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം നടത്തിയതോടെയാണ് വീണ്ടും ഏറ്റുമുട്ടൽ രൂക്ഷമായത്. സെപ്റ്റംബറിൽ ഹൂതികൾ നടത്തിയ മുന്നേറ്റത്തിൽ ചെങ്കടൽ തീരത്തെ പ്രധാന തുറമുഖ നഗരമായ മോക്ക ഉൾപ്പെടെയുള്ള പ്രദേശങ്ങൾ സർക്കാരിന് നഷ്ടമായി. പിന്നാലെ തായിസ് നഗരവും ഹൂതികളുടെ ഉപരോധത്തിലായി.

Content Highlights: Yemen's military forces have withdrawn from positions near the strategic Bab al Mandab Strait, as Houthi fighters advance towards Aden, raising concerns over regional security and control of the key maritime route.

dot image
To advertise here,contact us
dot image