കിമ്മുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യത: സൂചന നൽകി ഡോണൾഡ് ട്രംപ്; ചൈന വേദിയായേക്കും

കൂടിക്കാഴ്ച നടക്കുമോയെന്നത് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ ആശ്രയിച്ചിരിക്കും

കിമ്മുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യത: സൂചന നൽകി ഡോണൾഡ് ട്രംപ്; ചൈന വേദിയായേക്കും
dot image

വാഷിങ്ടണ്‍: ചൈന സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച്ച നടത്തിയേക്കുമെന്ന് സൂചന. ഈ ആഴ്ച ചൈനയില്‍ നടക്കുന്ന സന്ദര്‍ശനത്തിനിടെ കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് ട്രംപ് വ്യക്തമാക്കിയത്. എന്നാല്‍ കൂടിക്കാഴ്ച നടക്കുമോയെന്നത് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ ആശ്രയിച്ചിരിക്കുമെന്നും ട്രംപ് പറഞ്ഞു.

2017-2021 കാലയളവില്‍ പ്രസിഡന്റായിരുന്നപ്പോള്‍ കിം ജോങ് ഉന്നുമായി ട്രംപ് നിരവധി തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. കൊറിയന്‍ സൈനിക രഹിത മേഖലയില്‍ വെച്ചും ഇരുവരും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. നിലവിലെ ഭരണകാലത്തും വീണ്ടും കൂടിക്കാഴ്ച നടത്താന്‍ ട്രംപ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

അതേസമയം, കിം ജോങ് ഉന്നുമായി ഉടന്‍ കൂടിക്കാഴ്ച നടത്താന്‍ പദ്ധതിയില്ലെന്നാണ് മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നത്. ട്രംപ് മുമ്പും കൂടിക്കാഴ്ചയെക്കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നെങ്കിലും അവയൊന്നും ഫലം കണ്ടില്ല. അമേരിക്കന്‍ പ്രസിഡന്റുമായി ഇപ്പോള്‍ കൂടിക്കാഴ്ച നടത്താന്‍ താല്‍പര്യമില്ലെന്ന നിലപാടാണ് ഉത്തരകൊറിയയും പരസ്യമായി സ്വീകരിച്ചിട്ടുള്ളത്.

trump and kim jong un meets in 2019
2019 ലെ ട്രംപ് -കിം കൂടിക്കാഴ്ച

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. യുക്രെയ്ന്‍ യുദ്ധം, ആണവ വ്യാപനം തടയല്‍, ഇറാനിലെ യുദ്ധം തുടങ്ങിയ വിഷയങ്ങള്‍ ത്രിരാഷ്ട്ര കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായേക്കും. എന്നാല്‍ മൂന്ന് നേതാക്കളും ഒരുമിച്ചുള്ള കൂടിക്കാഴ്ചയില്‍ നിര്‍ണായക ധാരണയുണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരും നിരീക്ഷകരും വിലയിരുത്തുന്നത്.

Content Highlights: US President Donald Trump says he may meet North Korean leader Kim Jong Un during his China visit this week, with the proposed meeting potentially involving Chinese President Xi Jinping

dot image
To advertise here,contact us
dot image