ഇന്ത്യൻ പ്രൊഫഷണലുകൾക്ക് വൻ തിരിച്ചടി? അമേരിക്കയിൽ ഗ്രീൻ കാർഡ് ചട്ടങ്ങൾ കടുപ്പിക്കുന്നു

ഏകദേശം രണ്ട് പതിറ്റാണ്ടിനിടെ PERM സംവിധാനത്തിൽ നിർദേശിക്കപ്പെടുന്ന ആദ്യ സമഗ്ര പരിഷ്കാരമാണിത്

ഇന്ത്യൻ പ്രൊഫഷണലുകൾക്ക് വൻ തിരിച്ചടി? അമേരിക്കയിൽ ഗ്രീൻ കാർഡ് ചട്ടങ്ങൾ കടുപ്പിക്കുന്നു
dot image

അമേരിക്കയിൽ ജോലി ചെയ്യുന്ന വിദേശ പ്രൊഫഷണലുകൾക്കും ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന ഇന്ത്യക്കാർക്കും നിർണായകമായേക്കാവുന്ന പുതിയ നീക്കവുമായി യുഎസ് തൊഴിൽ വകുപ്പ്. വിദേശ തൊഴിലാളികളെ സ്ഥിരം ജോലികളിലേക്ക് നിയമിക്കുകയും അവർക്ക് ഗ്രീൻ കാർഡ് സ്പോൺസർ ചെയ്യുകയും ചെയ്യുന്ന കമ്പനികൾക്ക് കൂടുതൽ കർശനമായ വ്യവസ്ഥകൾ ഏർപ്പെടുത്താനാണ് നിർദേശം.

പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) സംവിധാനത്തിൽ സമഗ്രമായ പരിഷ്കാരങ്ങളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. അമേരിക്കൻ തൊഴിലാളികൾക്ക് തൊഴിൽ അവസരങ്ങളിൽ മുൻഗണന ഉറപ്പാക്കുകയും വിദേശികളെ നിയമിക്കുന്നതിന് മുമ്പ് യോഗ്യരായ അമേരിക്കൻ ഉദ്യോഗാർഥികളെ പരിഗണിച്ചെന്ന് കമ്പനികൾ തെളിയിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ഏകദേശം രണ്ട് പതിറ്റാണ്ടിനിടെ PERM സംവിധാനത്തിൽ നിർദേശിക്കപ്പെടുന്ന ആദ്യ സമഗ്ര പരിഷ്കാരമാണിത്.

നിർദേശത്തിലെ പ്രധാന വ്യവസ്ഥകളിലൊന്ന് അമേരിക്കൻ ജീവനക്കാരെ പിരിച്ചുവിട്ട കമ്പനികളെ സംബന്ധിച്ചാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അമേരിക്കൻ ജീവനക്കാരെ പിരിച്ചുവിട്ട ചില കമ്പനികൾക്ക് അതേ പ്രദേശത്ത് സമാനമായ തസ്തികകളിലേക്ക് വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലേബർ സർട്ടിഫിക്കേഷൻ നേടുന്നതിൽ നിയന്ത്രണമുണ്ടാകും.

പിരിച്ചുവിട്ട യോഗ്യരായ അമേരിക്കൻ തൊഴിലാളികളെ തുടർന്നുള്ള നിയമന നടപടികളിലും പരിഗണിക്കേണ്ടിവരും. അമേരിക്കൻ ജീവനക്കാരെ ഒഴിവാക്കിയ ശേഷം സമാന ജോലികൾക്കായി വിദേശികളെ നിയമിക്കുന്നത് തടയുകയാണ് ഈ വ്യവസ്ഥയുടെ ലക്ഷ്യം.

തൊഴിൽ ഒഴിവുകൾ പരസ്യപ്പെടുത്തുന്ന രീതിയിലും വലിയ മാറ്റങ്ങളാണ് നിർദേശിച്ചിരിക്കുന്നത്. അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങൾക്ക് പകരം കമ്പനികളുടെ വെബ്സൈറ്റുകൾ, ഓൺലൈൻ തൊഴിൽ പോർട്ടലുകൾ, സമൂഹമാധ്യമങ്ങൾ, തൊഴിൽമേളകൾ, സർവകലാശാലകളിലെ ക്യാമ്പസ് റിക്രൂട്ട്മെന്റ് തുടങ്ങിയ മാർഗങ്ങളിലൂടെ ഒഴിവുകൾ പരസ്യപ്പെടുത്തേണ്ടിവരും. കുറഞ്ഞത് 90 കലണ്ടർ ദിവസമെങ്കിലും ഒഴിവുകൾ പരസ്യപ്പെടുത്തണമെന്നും യോഗ്യരായ അമേരിക്കൻ ഉദ്യോഗാർഥികളെ കണ്ടെത്താൻ നടത്തിയ ശ്രമങ്ങളുടെ രേഖകൾ സൂക്ഷിക്കണമെന്നും നിർദേശമുണ്ട്.

റിക്രൂട്ട്മെന്റ് നടപടികൾ കൂടുതൽ സുതാര്യമാക്കുന്നതിനും കമ്പനികളുടെ ഉത്തരവാദിത്തം വർധിപ്പിക്കുന്നതിനുമാണ് ഈ മാറ്റം.

ചില തൊഴിൽവിഭാഗങ്ങൾക്ക് നിലവിലുള്ള പ്രത്യേക ഇളവുകൾ ഒഴിവാക്കാനും നിർദേശമുണ്ട്. ഫിസിക്കൽ തെറാപ്പിസ്റ്റുകൾ, നഴ്സുമാർ, ശാസ്ത്ര-കലാ മേഖലകളിൽ അസാധാരണ കഴിവുള്ളവർ തുടങ്ങിയവരെ നിയമിക്കുമ്പോഴും യോഗ്യരായ അമേരിക്കൻ തൊഴിലാളികളെ പരിഗണിക്കേണ്ടിവരും.

നിലവിൽ ചില വിഭാഗങ്ങൾക്ക് ബാധകമായിരുന്ന ഭരണപരമായ ഇളവുകൾ ഇതോടെ ഇല്ലാതാകാം. അതായത്, ഇത്തരം തൊഴിൽവിഭാഗങ്ങളിൽ വിദേശികളെ നിയമിക്കുന്ന കമ്പനികൾക്കും കൂടുതൽ കർശനമായ തൊഴിൽവിപണി പരിശോധനകൾ നേരിടേണ്ടിവരും.

ഇന്ത്യൻ പ്രൊഫഷണലുകളെ എങ്ങനെ ബാധിക്കും?

അമേരിക്കയിൽ ജോലി ചെയ്യുന്ന വിദേശ പ്രൊഫഷണലുകളിൽ വലിയൊരു വിഭാഗം ഇന്ത്യക്കാരാണ്. ഐടി, എൻജിനീയറിങ്, ആരോഗ്യപരിചരണം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാർ തൊഴിലുടമകളുടെ സ്പോൺസർഷിപ്പിലൂടെയാണ് ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്നത്.

പ്രത്യേകിച്ച് EB-2, EB-3 വിഭാഗങ്ങളിലെ അപേക്ഷകൾക്ക് PERM നടപടിക്രമം നിർണായകമാണ്. പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വന്നാൽ വിദേശ ജീവനക്കാരെ സ്പോൺസർ ചെയ്യുന്നതിന് കമ്പനികൾക്ക് കൂടുതൽ പരിശോധനകളും റിക്രൂട്ട്മെന്റ് നടപടികളും പൂർത്തിയാക്കേണ്ടിവരും. ഇത് അപേക്ഷാ നടപടികളുടെ സങ്കീർണതയും കമ്പനികളുടെ ഭരണപരമായ ചെലവുകളും വർധിപ്പിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇന്ത്യൻ അപേക്ഷകരുടെ നിലവിലുള്ള അപേക്ഷകളെ എത്രത്തോളം ബാധിക്കുമെന്നത് അന്തിമ ചട്ടങ്ങളെ ആശ്രയിച്ചിരിക്കും.

PERM എന്നത് തൊഴിൽ അടിസ്ഥാനത്തിലുള്ള ഗ്രീൻ കാർഡ് ലഭിക്കുന്നതിനുള്ള പ്രധാന ഘട്ടമാണ്. വിദേശിയെ സ്ഥിരം ജോലിയിൽ നിയമിക്കുന്നതിന് മുമ്പ് ആ തസ്തികയിലേക്ക് യോഗ്യരായ അമേരിക്കൻ തൊഴിലാളികൾ ലഭ്യമല്ലെന്നും വിദേശിയെ നിയമിക്കുന്നത് സമാന ജോലികളിലുള്ള അമേരിക്കൻ തൊഴിലാളികളുടെ വേതനത്തെയും തൊഴിൽ സാഹചര്യങ്ങളെയും പ്രതികൂലമായി ബാധിക്കില്ലെന്നും തൊഴിലുടമ തെളിയിക്കണം.

H-1B താൽക്കാലിക തൊഴിൽ വിസയും ഗ്രീൻ കാർഡ് സ്ഥിരതാമസാനുമതിയുമാണെന്നതിനാൽ പുതിയ നിർദേശം H-1B വിസയ്ക്കുള്ള നേരിട്ടുള്ള മാറ്റമല്ല. എന്നാൽ H-1B വിസയിൽ ജോലി ചെയ്യുന്നവരിൽ പിന്നീട് തൊഴിലുടമയുടെ സ്പോൺസർഷിപ്പിലൂടെ ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നവരെ ഇത് ബാധിച്ചേക്കാം.

അതേസമയം, പുതിയ നിർദേശത്തിന്റെ തുടർനടപടികൾക്കും പൊതുജനങ്ങളിൽനിന്നും ബന്ധപ്പെട്ട സ്ഥാപനങ്ങളിൽനിന്നും അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനും ശേഷമേ അന്തിമ ചട്ടങ്ങൾ പുറത്തിറക്കുകയുള്ളൂ. അതുവരെ നിലവിലുള്ള PERM വ്യവസ്ഥകളാണ് ബാധകം. അമേരിക്കൻ തൊഴിലാളികൾക്ക് മുൻഗണന ഉറപ്പാക്കുന്നതിനൊപ്പം വിദേശ തൊഴിലാളികളെ നിയമിക്കുന്ന കമ്പനികളുടെ ഉത്തരവാദിത്തം വർധിപ്പിക്കുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകൾക്കും അവരെ സ്പോൺസർ ചെയ്യുന്ന കമ്പനികൾക്കും വരും ദിവസങ്ങളിലെ നിയമപരമായ മാറ്റങ്ങൾ നിർണായകമാകും.

Contnet Highlights: Indian Professionals on Alert as US Proposes Major Changes to Employment-Based Green Card Rules

dot image
To advertise here,contact us
dot image