അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ വ്യോമാക്രമണം; മൂന്ന് പേർ മരിച്ചു, ഏറ്റുമുട്ടൽ രൂക്ഷം

പാകിസ്താനിലെ പൊലീസ് സ്റ്റേഷനിലുണ്ടായ ചാവേര്‍ ആക്രമണത്തിനു പിന്നില്‍ താലിബാനാണെന്ന് പാകിസ്താന്‍ ആരോപിച്ചതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ വ്യോമാക്രമണം; മൂന്ന് പേർ മരിച്ചു, ഏറ്റുമുട്ടൽ രൂക്ഷം
dot image

കാബൂള്‍: അഫ്ഗാനിസ്താനില്‍ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 3 മരണം.നിരവധി പേര്‍ക്ക് പരിക്കേറ്റു. വടക്കു പടിഞ്ഞാറന്‍ പാകിസ്താനിലെ പൊലീസ് സ്റ്റേഷനിലുണ്ടായ ചാവേര്‍ ആക്രമണത്തിനു പിന്നില്‍ താലിബാനാണെന്ന് പാകിസ്താന്‍ ആരോപിച്ചതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. പാകിസ്താന്‍ തങ്ങളെ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് താലിബാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതോടെ ഇരു അയല്‍രാജ്യങ്ങള്‍ക്കുമിടയില്‍ വീണ്ടും സംഘര്‍ഷം ശക്തമാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പാകിസ്താന്‍ സേനയും താലിബാനും തമ്മിലുള്ള തര്‍ക്കബാധിത അതിര്‍ത്തിയിലും ഏറ്റുമുട്ടല്‍ രൂക്ഷമായി. പ്രാദേശിക സമയം പുലര്‍ച്ചെ മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് കുനാര്‍ പ്രവിശ്യയിലെ നൂര്‍ഗല്‍ ജില്ലയില്‍ വ്യോമാക്രമണം നടന്നത്. രണ്ട് വീടുകള്‍ക്ക് വ്യാപകമായ നാശനഷ്ടമുണ്ടായി. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്താനെയും പാകിസ്താനെയും വേര്‍തിരിക്കുന്ന അന്താരാഷ്ട്ര അതിര്‍ത്തിയായ ഡ്യൂറന്‍ഡ് ലൈനിന് സമീപമാണ് കുനാര്‍. ഈ അതിര്‍ത്തി വര്‍ഷങ്ങളായി തര്‍ക്കവിഷയമായി തുടരുകയാണ്.

ജൂണ്‍ 29ന് പാകിസ്താന്‍ സേന നടത്തിയ ആക്രമണത്തിന് ശേഷമുള്ള ആദ്യ വ്യോമാക്രമണങ്ങളാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണിലെ ആക്രമണങ്ങളില്‍ 28 പേര്‍ കൊല്ലപ്പെടുകയും 49 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മുന്‍ അഫ്ഗാന്‍ സൈനിക കേന്ദ്രത്തില്‍ തന്ത്രപ്രധാനമായ സ്ഥാനം സ്ഥാപിക്കാനുള്ള പാകിസ്താന്‍ സേനയുടെ ശ്രമത്തോട് താലിബാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ രൂക്ഷമായതെന്നാണ് പ്രാദേശിക റിപ്പോര്‍ട്ടുകള്‍. ഏറ്റുമുട്ടലിനിടെ പീരങ്കി ആക്രമണവും ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഫെബ്രുവരിയില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഉണ്ടായ ശക്തമായ ഏറ്റുമുട്ടലുകള്‍ വീണ്ടും ഉണ്ടായേക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.

Content Highlights: Pakistan carried out airstrikes in Afghanistan’s Kunar province, killing three people and injuring several others, according to reports. The strikes came amid renewed clashes between Pakistani forces and the Taliban along the disputed Durand Line. The escalation follows earlier attacks in June and months of intermittent violence after a temporary Eid ceasefire failed to hold.

dot image
To advertise here,contact us
dot image