ബെംഗളൂരുവില്‍ പ്രധാന ഫ്‌ളൈഓവറുകളില്‍ അടക്കം ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോകള്‍ക്കും നിയന്ത്രണം

അഞ്ച് ഇടങ്ങളില്‍ ഏറ്റവും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഇലക്ട്രോണിക്‌സ് സിറ്റി എലിവേറ്റഡ് കോറിഡോറിലായിരിക്കും

ബെംഗളൂരുവില്‍ പ്രധാന ഫ്‌ളൈഓവറുകളില്‍ അടക്കം ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോകള്‍ക്കും നിയന്ത്രണം
dot image

ബെംഗളൂരു: സെപ്റ്റംബര്‍ 4 മുതല്‍ ബെംഗളൂരുവിലെ പ്രധാന ഫ്‌ളൈഓവറുകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും നിയന്ത്രണം. അഞ്ച് ഫ്‌ളൈഓവറുകളിലും എലവേറ്റഡ് കോറിഡോറുകളിലുമാണ് ഗതാഗത നിയന്ത്രണം നിലവില്‍ വരുന്നത്. ഗതാഗതം സുഗമമാക്കുക, റോഡ് സുരക്ഷ മെച്ചപ്പെടുത്തുക, അപകടങ്ങളിലെ മരണനിരക്ക് കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് ബെംഗളൂരു ട്രാഫിക് പൊലീസ് അറിയിച്ചു.

ഞായറാഴ്ച പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ബിജിഎസ് ഫ്‌ളൈഓവര്‍, പീന്യ എലിവേറ്റഡ് കോറിഡോര്‍, ഇലക്ട്രോണിക്‌സ് സിറ്റി എലവേറ്റഡ് കോറിഡോര്‍, സില്‍ക്ക് ബോര്‍ഡ്-രാഗിഗുഡ്ഡ ഡബിള്‍ ഡെക്കര്‍ ഫ്‌ളൈഓവര്‍, സഞ്ജീവനഗര്‍ ക്രോസ് മുതല്‍ വിദ്യാശില്‍പ് ജംഗ്ഷന്‍ വരെയുള്ള അന്താരാഷ്ട്ര വിമാനത്താവള റോഡ് ഫ്‌ളൈഓവര്‍ എന്നിവിടങ്ങളിലാണ് ബാധകമാകുക. കൊമേഷ്യല്‍ വാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയ്ക്ക് ഓരോ മേഖലയിലും വ്യത്യസ്ത നിയന്ത്രണങ്ങളായിരിക്കും. ആദ്യഘട്ടത്തില്‍ നിയന്ത്രണങ്ങള്‍ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും നടപ്പാക്കുക. ഇതിന്റെ ഫലം വിലയിരുത്തിയ ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും.

അഞ്ച് ഇടങ്ങളില്‍ ഏറ്റവും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഇലക്ട്രോണിക്‌സ് സിറ്റി എലവേറ്റഡ് കോറിഡോറിലായിരിക്കും. ഹെവി, മീഡിയം, ലൈറ്റ് ഗുഡ്‌സ് വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 10 വരെ പ്രവേശനമുണ്ടാകില്ല. ഇരുചക്രവാഹനങ്ങള്‍ക്കും പാസഞ്ചര്‍ ഓട്ടോറിക്ഷകള്‍ക്കും ഗുഡ്‌സ് ഓട്ടോറിക്ഷകള്‍ക്കും 24 മണിക്കൂറും വിലക്കുണ്ടാകും. ഈ നിയന്ത്രണങ്ങള്‍ സെപ്റ്റംബര്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരും.

മറ്റ് ഫ്‌ളൈഓവറുകളെ അപേക്ഷിച്ച് ഇലക്ട്രോണിക്‌സ് സിറ്റി ഫ്‌ളൈഓവറില്‍ അപകടങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ബെംഗളൂരു ട്രാഫിക് ജോയിന്റ് പൊലീസ് കമ്മീഷണര്‍ കാര്‍ത്തിക് റെഡ്ഡി പറഞ്ഞു.

ഫ്‌ളൈഓവറുകളില്‍ പതിവായി വാഹനങ്ങള്‍, പ്രത്യേകിച്ച് ഗുഡ്‌സ് വാഹനങ്ങള്‍, തകരാറിലാകുന്നത് ഗതാഗതക്കുരുക്കിന് പ്രധാന കാരണമാകുന്നുണ്ട്. വാഹന തകരാറുകള്‍ക്ക് പുറമെ ഫ്‌ളൈഓവറുകളുടെ രൂപകല്‍പ്പനയും വീതിയും, അപകടങ്ങളുടെ തീവ്രത കുറയ്ക്കല്‍, പ്രവേശന-പുറത്തിറങ്ങല്‍ ഭാഗങ്ങളിലെ ഗതാഗതക്കുരുക്ക്, അടിയന്തര സാഹചര്യങ്ങളിലെ ട്രാഫിക് നിയന്ത്രണം, കാല്‍നടയാത്രക്കാരുടെയും ഇരുചക്രവാഹന യാത്രക്കാരുടെയും സുരക്ഷ തുടങ്ങിയ കാര്യങ്ങളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പരിഗണിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Content Highlights: Bengaluru Traffic Police will introduce restrictions on two-wheelers, autorickshaws and goods vehicles across five major flyovers and elevated corridors from September 4 to improve traffic flow and road safety

dot image
To advertise here,contact us
dot image