വാണിജ്യ കപ്പലുകൾ വഴിതിരിച്ചുവിട്ട് ഉപരോധം കടുപ്പിച്ച് CENTCOM; പുതിയ ഉപരോധ ഭീഷണിയെ അപലപിച്ച് ഇറാൻ

അമേരിക്കയുടെ ഉപരോധ ഭീഷണി നിയമവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമെന്ന പ്രതികരണവുമായി ഇറാൻ രം​ഗത്തെത്തിയിട്ടുണ്ട്

വാണിജ്യ കപ്പലുകൾ വഴിതിരിച്ചുവിട്ട് ഉപരോധം കടുപ്പിച്ച് CENTCOM; പുതിയ ഉപരോധ ഭീഷണിയെ അപലപിച്ച് ഇറാൻ
dot image

ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ കപ്പലുകളെ വഴിതിരിച്ചുവിട്ടതായി യുഎസ് സെൻട്രൽ കമാൻഡ്. എക്സ് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി മൂന്ന് കപ്പലുകൾ പ്രവർത്തനരഹിതമാക്കുകയും രണ്ട് കപ്പലുകളിൽ പരിശോധന നടത്തിയായും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. 'അറബിക്കടലിലൂടെ സഞ്ചരിക്കുന്ന യുഎസ്എസ് ബോക്സർ (LHD-4) യുദ്ധക്കപ്പലിന്റെ ഫ്ലൈറ്റ് ഡെക്കിൽ നിന്ന് യുഎസ് മറൈൻ കോർപ്സിന്റെ MV-22B ഓസ്പ്രേ യൂട്ടിലിറ്റി വിമാനങ്ങൾ പറന്നുയരുന്നു. ഇറാനെതിരായ യുഎസിന്റെ ഉപരോധം നടപ്പാക്കുന്നതിനുള്ള സമുദ്രനിരീക്ഷണവും നടപടികളും കപ്പൽ തുടരുകയാണ്. ഉപരോധം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി യുഎസ് സേന 67 വാണിജ്യക്കപ്പലുകളുടെ ഗതിമാറ്റം വരുത്തുകയും, മൂന്ന് കപ്പലുകൾ പ്രവർത്തനരഹിതമാക്കുകയും, രണ്ട് കപ്പലുകളിൽ കയറി പരിശോധന നടത്തുകയും ചെയ്തു' എന്നായിരുന്നു എക്സ് പോസ്റ്റിൽ CENTCOM വ്യക്തമാക്കിയത്.

അമേരിക്ക ഇറാനെതിരെ ഉപരോധം കടുപ്പിച്ചതോടെ ഹോർമൂസ് കടലിടുക്ക് ഇരട്ട ഉപരോധ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. അന്താരാഷ്ട്ര ഊർജ വ്യാപാര പാതകൾ സു​ഗമമാക്കാൻ അമേരിക്ക സൈന്യത്തെ ഉപയോ​ഗിക്കുകയും ഇറാൻ്റെ തുറമുഖങ്ങളെ ശക്തമായി ഉപരോധിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഹോർമൂസിലുള്ളത്. വ്യോമാക്രമണങ്ങൾ, നാവികസേനയുടെ സുരക്ഷാ അകമ്പടി, തുറമുഖ ഉപരോധം എന്നിവ ശക്തമാക്കുന്നതിലൂടെയാണ് ഈ ലക്ഷ്യങ്ങൾക്കായി അമേരിക്ക നീക്കം നടത്തുന്നത്. എന്നാൽ ​ഹോർമൂസ് വഴിയുള്ള കപ്പലുകളെ ഏതുവിധേനയും തടയുക എന്ന സമീപനമാണ് ഇറാൻ നടക്കുന്നത്. ഇതിനായി അനുവാദമില്ലാതെ ഹോർമൂസ് കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് നേരെ ഇറാനും ആക്രമണം തുടരുകയാണ്.

ഇറാനെ തകർത്തു കളയുന്ന സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പ്രഖ്യാപനം ഹോർമൂസിലെ സാഹചര്യം കൂടുതൽ സംഘർഷഭരിതമാക്കിയിട്ടുണ്ട്. ഇറാനുമായി ധാരണയിലെത്താനുള്ള ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഡോണൾഡ് ട്രംപ് കടുത്ത സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചത്.

ഇതിനിടെ അമേരിക്കയുടെ ഉപരോധ ഭീഷണി നിയമവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമെന്ന പ്രതികരണവുമായി ഇറാൻ രം​ഗത്തെത്തിയിട്ടുണ്ട്. പുതിയ സാമ്പത്തിക ഉപരോധ ഭീഷണിയെ നിയമവിരുദ്ധവും മനുഷ്യത്വവിരുദ്ധവും എന്നാണ് ഇറാന്റെ വിദേശകാര്യ മന്ത്രാലയം അപലപിച്ചത്. '1953 ഓഗസ്റ്റ് 19-ന് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി മുഹമ്മദ് മൊസദ്ദെഖിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയ ലജ്ജാകരമായ അട്ടിമറിയുടെ വാർഷിക ദിനത്തോടൊപ്പമാണ് ട്രംപിന്റെ ഏറ്റവും പുതിയ ഭീഷണി വന്നതെ'ന്ന് ഇറാൻ്റെ വിദേശ മന്ത്രാലയം ചൂണ്ടിക്കാട്ടി. 'ഇത് ഇറാനിയൻ ജനതയോടുള്ള അമേരിക്കൻ നയം രൂപപ്പെടുത്തുന്നവരുടെ 73 വർഷത്തെ വൈരാഗ്യത്തിന്റെ മറ്റൊരു തെളിവാണെന്നും അമേരിക്കൻ ഭരണവർഗത്തിന്റെ മനുഷ്യത്വരഹിതവും നിയമലംഘനപരവും അഹങ്കാരപരവുമായ സമീപനത്തിന്റെ വ്യക്തമായ ഉദാഹരണവുമാ'ണെന്നും പ്രസ്താവനയിൽ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിച്ചു. പുതിയ ഉപരോധ ഭീഷണി മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ സമ്മതിക്കുന്നതിന് തുല്യമാണ്. ഇതിനുമുമ്പ് പരീക്ഷിച്ചെങ്കിലും പരാജയപ്പെട്ട അതേ നയത്തിന്റെ തുടർച്ച മാത്രമാണിതെന്നും പ്രസ്താവനയിൽ ഇറാൻ ആരോപിക്കുന്നു.

ഇതിനിടെ അമേരിക്കയുടെ ഭീഷണികളും ആക്രമണങ്ങളും പ്രതിരോധ വ്യവസായത്തിന്റെ വളർച്ചയ്ക്ക് കാരണമായെന്ന് ഇറാന്റെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 'വർഷങ്ങളായി വികസിപ്പിച്ചെടുത്ത പ്രതിരോധ ശേഷിയിലൂടെ ശത്രുവിന്റെ കണക്കുകൂട്ടലുകളുടെയും ലക്ഷ്യങ്ങളുടെയും വലിയൊരു ഭാഗം തകർക്കാനും അവരെ ഞെട്ടിക്കാനും ഇറാന് കഴിഞ്ഞതായാണ് പ്രതിരോധ മന്ത്രാലയത്തിൻ്റെ അവകാശവാദം. ഇറാനിയൻ ജനതയുടെ സ്വയം പ്രതിരോധിക്കാനുള്ള മനോവീര്യത്തെ ശത്രു ലക്ഷ്യമിടുമ്പോഴെല്ലാം പ്രതിരോധത്തിലും ചെറുത്തുനിൽപ്പിലും ഉറച്ചുനിൽക്കുന്ന ഒരു ജനതയെയാണ് അവർ നേരിടുക. സ്വന്തം കരുത്തിനെ ആശ്രയിച്ച് ഓരോ ഭീഷണിയെയും പുതിയ ശക്തിയുടെയും പുരോഗതിയുടെയും അവസരമാക്കി മാറ്റാൻ ഇറാന് കഴിയുന്നുവെന്ന് യുദ്ധം തെളിയിച്ചു' എന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്താൻ കഴിയാതെ വന്നതിന് പിന്നാലെയാണ് ഇറാനെതിരെ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ‘കടുത്ത സാമ്പത്തിക നടപടി’ ആരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇറാന് സഹായഹസ്തം നീട്ടുന്ന ഏത് രാജ്യവും കടുത്ത സാമ്പത്തിക തിരിച്ചടികൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. അതികഠിനമായ സാമ്പത്തിക ഉപരോധ ക്യാമ്പയിനാണ് ട്രംപ് ലക്ഷ്യമിടുന്നതെന്നായിരുന്നു അമേരിക്കൻ പ്രസിഡൻ്റിൻ്റെ പ്രഖ്യാപനം. ഇറാന്റെ സാമ്പത്തികമേഖലയ്ക്ക് തിരിച്ചടി ഉണ്ടാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എണ്ണ വ്യവസായം, ബാങ്കുകൾ, ഷിപ്പിങ്ങ് എന്നിവയെ ലക്ഷ്യമിട്ടാണ് യുഎസിന്റെ ഈ നീക്കം. ഇറാന് ആരെങ്കിലും സഹായം വാഗ്ദാനം ചെയ്താൽ അവർ കടുത്ത സാമ്പത്തിക തിരിച്ചടി നേരിടുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്. ഇറാനുമായി ഒരു ഇടപാടും പാടില്ലെന്നാണ് നിർദേശം. ഇറാനുമായി സാമ്പത്തികമായോ വാണിജ്യപരമായോ ബന്ധം സൂക്ഷിക്കുന്ന രാജ്യങ്ങൾ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: CENTCOM has diverted commercial ships to tighten maritime restrictions, while Iran has condemned the fresh sanctions threat, escalating tensions in the region.

dot image
To advertise here,contact us
dot image