

വാഷിങ്ടൺ: ഹോർമൂസ് കടലിടുക്കിലൂടെ പ്രതിദിനം ദശലക്ഷക്കണക്കിന് ബാരൽ എണ്ണ സുരക്ഷിതമായി കടത്തിവിടുന്നതിനായി അമേരിക്കൻ സൈന്യം ഒരു പ്രത്യേക കപ്പൽ ഗതാഗത ഇടനാഴി രഹസ്യമായി സൃഷ്ടിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. രണ്ട് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ ദൗത്യത്തിന്റെ ഭാഗമായി ഒമാന്റെ തീരത്തോട് ചേർന്നുള്ള തെക്കൻ ചാനൽ വഴി ഓരോ രാത്രിയും 15 മുതൽ 20 വരെ എണ്ണക്കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി അകത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്നുണ്ടെന്നാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നത്. പ്രതിദിനം ഏകദേശം ഒരു കോടി ബാരൽ എണ്ണയാണ് ഇത്തരത്തിൽ കടലിടുക്ക് കടന്ന് ആഗോള വിപണിയിലെത്തുന്നത്. ഇത് യുദ്ധത്തിന് മുമ്പുണ്ടായിരുന്ന കയറ്റുമതിയുടെ പകുതിയോളം വരുമെന്നാണ് കണക്കാക്കുന്നത്.
അറബിക്കടലിൽ നിന്ന് ശൂന്യമായ ടാങ്കറുകൾ സുരക്ഷിതമായി ഹോർമൂസ് കടലിടുക്ക് കടന്ന് ഗൾഫ് രാജ്യങ്ങളിലെ തുറമുഖങ്ങളിലെത്തി എണ്ണ നിറച്ച ശേഷം വീണ്ടും അതേ വഴിയിലൂടെ മടങ്ങുന്നതാണ് ഈ ദൗത്യത്തിൻ്റെ രീതിയെന്നാണ് റിപ്പോർട്ട്. ഇതിന് അമേരിക്കൻ സൈന്യം സഹായിക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയിലെ നോർത്ത് കരോലിനയിലെ ഫോർട്ട് ബ്രാഗിലുള്ള സൈനിക ആസ്ഥാനത്തുനിന്നാണ് ഈ പ്രത്യേക ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ഗൾഫ് മേഖലയിലെ സഖ്യരാജ്യങ്ങളുമായി ചേർന്നാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ഓരോ ദിവസവും ഗൾഫിൽ നിന്ന് അറബിക്കടലിലേക്ക് പോകുന്ന കപ്പലുകളുടെ പട്ടികയും അറബിക്കടലിൽ നിന്ന് ശൂന്യ ടാങ്കറുകളായി എത്തി എണ്ണ നിറയ്ക്കുന്ന കപ്പലുകളുടെ പട്ടികയും തയ്യാറാക്കുന്നു. ഇതിനെ തുടർന്ന് ഓരോ രാത്രിയും നിശ്ചിത സമയക്രമപ്രകാരം എല്ലാ കപ്പലുകളും ഒരുമിച്ച് പുറത്തേക്കും മറ്റൊരു സമയത്ത് അകത്തേക്കും സഞ്ചരിക്കുന്നതാണ് ഈ ദൗത്യത്തിൻ്റെ രീതിയെന്നാണ് റിപ്പോർട്ട്. അമേരിക്കൻ സൈന്യം നൽകുന്ന നിർദേശങ്ങൾ പാലിച്ചാണ് കപ്പലുകൾ തെക്കൻ ചാനൽ വഴി യാത്ര തുടരുന്നത്. ഇറാന്റെ ക്രൂയിസ് മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കാൻ അമേരിക്കൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങളും വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഈ ദൗത്യത്തിന്റെ പൂർണ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിരുന്നില്ലെന്നും ആക്സിയോസിൻ്റെ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. 'രണ്ട് മാസമായി ഹോർമൂസ് കടലിടുക്കിന്റെ തെക്കൻ ചാനൽ ഞങ്ങളുടെ നിയന്ത്രണത്തിലാണ്. ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ചില ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെങ്കിലും കടലിടുക്കിന്റെ നിയന്ത്രണം അവർക്കല്ല, ഞങ്ങൾക്കാണ്' എന്നാണ് ഈ വിഷയത്തിൽ നേരിട്ടുള്ള അറിവുള്ള ഒരു അമേരിക്കൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള ആക്സിയോസിൻ്റെ റിപ്പോർട്ട്. അമേരിക്കൻ സെൻട്രൽ കമാൻഡ് അടുത്തിടെ ഇറാന്റെ റഡാർ സംവിധാനങ്ങളും സമുദ്ര നിരീക്ഷണ സംവിധാനങ്ങളും സൈനിക നടപടികളിലൂടെ വലിയ തോതിൽ തകർത്തതോടെയാണ് ഈ ദൗത്യം സാധ്യമായതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്. ഇപ്പോൾ ഹോർമൂസ് കടലിടുക്കിലെ തെക്കൻ ചാനലിലെ കപ്പൽഗതാഗതം നിരീക്ഷിക്കാൻ ഇറാന് വളരെ പരിമിതമായ ശേഷിയേ ഉള്ളുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഹോർമൂസ് പ്രതിസന്ധി മൂലം ഉണ്ടായിരിക്കുന്ന എണ്ണവിതരണത്തിലെ തടസ്സം മൂലം ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ അമേരിക്കയുടെ നീക്കം പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാൻ സഹായിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞതായാണ് റിപ്പോർട്ട്. യുദ്ധത്തിന് മുമ്പത്തെ കയറ്റുമതി നിലവാരത്തിലെത്തിയിട്ടില്ലെങ്കിലും, ആഗോള എണ്ണവിതരണത്തിൽ ഈ ഇടപെടൽ വ്യക്തമായ മാറ്റം സൃഷ്ടിക്കുന്നുണ്ടെന്ന വിലയിരുത്തലും ആക്സിയോസ് റിപ്പോർട്ട് പങ്കുവെയ്ക്കുന്നുണ്ട്.
ഹോർമൂസ് കടലിടുക്കിലൂടെ വൻതോതിൽ എണ്ണ പുറത്തേക്ക് വരികയാണെന്ന് നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇറാനുമായി ഇപ്പോൾ യാതൊരു ചർച്ചയും നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അവർ സമയം പാഴാക്കുകയാണ്. അവരുമായി ചർച്ച നടത്തുന്നത് വെറുതെയാണ് എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. ഇറാന് ഇപ്പോഴും കുറച്ച് പോരാട്ടശേഷി ബാക്കിയുണ്ടെങ്കിലും ആകെ നോക്കുമ്പോൾ അവർ പഴയ ശക്തിയുടെ നിഴൽ മാത്രമാണെന്നും ട്രംപ് കൂട്ടിച്ചേർത്തിരുന്നു.
Content Highlights: The US has reportedly established a secret shipping corridor through the Strait of Hormuz, using a southern channel along Oman's coast to transport millions of barrels of oil daily.