ബംഗ്ലാദേശിന് പുതിയ പ്രസിഡന്റ്; മിര്‍സ ഫക്രുല്‍ ഇസ്‌ലാം ആലംഗീര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യത്ത് പ്രസിഡന്റ് പദവിയിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്

ബംഗ്ലാദേശിന് പുതിയ പ്രസിഡന്റ്; മിര്‍സ ഫക്രുല്‍ ഇസ്‌ലാം ആലംഗീര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും
dot image

ധാക്ക: ബംഗ്ലാദേശിന്റെ പുതിയ പ്രസിഡന്റായി ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി (ബിഎന്‍എസ്) സ്ഥാനാര്‍ത്ഥി മിര്‍സ ഫക്രുല്‍ ഇസ്‌ലാം ആലംഗീര്‍. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ചെയര്‍മാനും ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന്റെ നോമിനിയുമായ റിട്ടയേര്‍ഡ് കേണല്‍ ഒലി അഹമ്മദായിരുന്നു മിര്‍സയുടെ എതിര്‍ സ്ഥാനാര്‍ത്ഥി. മിര്‍സ ഫക്രുല്‍ ഇസ്‌ലാം ആലംഗീര്‍ 255 വോട്ടുകള്‍ നേടിയപ്പോള്‍ ഒലി അഹമ്മദിന് 88 വോട്ടുകള്‍ മാത്രമാണ് നേടാനായത്. 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യത്ത് പ്രസിഡന്റ് പദവിയിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്. 1991 ന് ശേഷം രാജ്യത്ത് പ്രസിഡന്റ് പദവിയിലേക്ക് വോട്ടെടുപ്പ് നടന്നിട്ടില്ല.

ബംഗ്ലാദേശില്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് പാര്‍ലമെന്റ് അംഗങ്ങളാണ്. ബംഗ്ലാദേശ് പാര്‍ലമെന്റില്‍ തുറന്ന ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടന്നത്. പ്രാദേശിക സമയം വൈകിട്ട് അഞ്ച് മണി വരെയായിരുന്നു വോട്ടെടുപ്പ് നടന്നത്. 349 അംഗങ്ങളില്‍ 343 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ആറ് പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. വെള്ളിയാഴ്ച വൈകിട്ട് ബംഗ്ലാ ഭവനിലെ ദര്‍ബാര്‍ ഹാളില്‍വെച്ചാണ് നിയുക്ത പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ഫെബ്രുവരി 12ന് നടന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലെത്തിയ ബിഎന്‍പിക്ക് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ട്. ഇത് മിര്‍സയെ സംബന്ധിച്ചിടത്തോളം അനുകൂല ഘടകമായി.

മുന്‍ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ കാലാവധി പൂര്‍ത്തിയാക്കും മുന്‍പ് രാജിവെച്ചിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു മുഹമ്മദ് ഷഹാബുദ്ദീന്‍ രാജിവെച്ചത്. ഷഹാബുദ്ദീന്റെ രാജിയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് അനിവാര്യമായത്. ഭരണഘടന പ്രകാരം പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് 90 ദിവസത്തിനുള്ളില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണം. പാര്‍ലമെന്റ് സ്പീക്കര്‍ ഹാഫിസ് ഉദ്ദീന്‍ അഹമ്മദായിരുന്നു ആക്ടിങ് പ്രസിഡന്റ്.

Content Highlights- Bangladesh Nationalist Party leader Mirza Fakhrul Islam Alamgir has been elected the country’s 23rd president. He secured 255 votes in Parliament, defeating opposition candidate Oli Ahmed

dot image
To advertise here,contact us
dot image