

യുഎഇയിലെ അൽ ഐനിൽ പെട്രോൾ പമ്പ് ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച കേസിൽ രണ്ട് യുവാക്കൾക്ക് കനത്ത ശിക്ഷ വിധിച്ച് കോടതി. കാറിന്റെ വിൻഡ്‌സ്‌ക്രീൻ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇരുവർക്കും 50,000 ദിർഹം വീതമാണ് കോടതി പിഴ ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ, അക്രമ സംഭവം നടന്ന അതേ പെട്രോൾ പമ്പിൽ തന്നെ ഇരുവരും രണ്ട് മാസം നിർബന്ധിതമായി കമ്മ്യൂണിറ്റി സർവീസ് ചെയ്യണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
പെട്രോൾ പമ്പിൽ നല്ല തിരക്കുള്ള സമയത്തായിരുന്നു സംഭവം നടന്നത്. വാഹനത്തിന്റെ ചില്ലുകൾ വേഗത്തിൽ തുടച്ചുനൽകാൻ യുവാക്കൾ ജീവനക്കാരനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കൂടുതൽ വാഹനങ്ങൾ ഉള്ളതിനാൽ കുറച്ചുസമയം കാത്തിരിക്കാൻ ജീവനക്കാരൻ മറുപടി നൽകി. ഇതിൽ പ്രകോപിതരായ പ്രതികൾ ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങളും മർദ്ദനമേറ്റ ജീവനക്കാരന്റെ മെഡിക്കൽ റിപ്പോർട്ടും തെളിവായി സ്വീകരിച്ചാണ് കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചത്. തങ്ങളുടെ ജോലി ചെയ്യുന്ന ജീവനക്കാരെ ആക്രമിക്കുന്നത് യുഎഇ നിയമപ്രകാരം വളരെ ഗുരുതരമായ കുറ്റകൃത്യമാണെന്ന് വിധി പ്രസ്താവിക്കവെ കോടതി കർശനമായി ഓർമ്മിപ്പിച്ചു.
Content Highlights: