കൊളംബിയയിലെ ഭൂചലനം: മരണസംഖ്യ 175 കടന്നു; രക്ഷാപ്രവർത്തനം പുരോഗിക്കുന്നു

ജിയോളജിക്കല്‍ സര്‍വേ പ്രകാരം ഏകദേശം 79 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്

കൊളംബിയയിലെ ഭൂചലനം: മരണസംഖ്യ 175 കടന്നു; രക്ഷാപ്രവർത്തനം പുരോഗിക്കുന്നു
dot image

ബൊഗോട്ട: കൊളംബിയയില്‍ തിങ്കളാഴ്ച രാവിലെ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ 175 കടന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. കെട്ടിടങ്ങള്‍ക്കിടയില്‍ ഇപ്പോഴും നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണ്. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

ജിയോളജിക്കല്‍ സര്‍വീസ് റിപ്പോർട്ട് പ്രകാരം ഏകദേശം 79 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. ഭൂചനത്തിന്റെ പ്രഭവകേന്ദ്രം സാന്‍ ജോസ് ഡെല്‍ പാല്‍മറിനടുത്താണ് എന്നാണ് റിപ്പോര്‍ട്ട്. ഇതേ പ്രദേശത്ത് തൊട്ടടുത്ത സമയങ്ങളില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പം കൂടി ജിയോളജിക്കല്‍ സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പതിറ്റാണ്ടുകള്‍ക്കിടെ നടന്നതില്‍ രാജ്യത്തെ ഏറ്റവും ശക്തമായ ഭൂകമ്പമാണെന്നാണ് റിപ്പോര്‍ട്ട്. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് കൊളംബിയന്‍ ഗവണ്‍മെന്റ് ഭൂചലനത്തെ ദേശീയ ദുരന്തമായി പ്രഖ്യാപ്പിച്ചിരിക്കുകയാണ്.

ഇതിനിടെ കൊളംബിയയ്ക്ക് 1.55 കോടി ഡോളറിന്റെ അടിയന്തര സഹായം നൽകുമെന്ന് അമേരിക്ക അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ, ഭക്ഷണം, സംരക്ഷണം, ഭൂചലനവുമായി ബന്ധപ്പെട്ട വിലയിരുത്തലുകൾ എന്നിവയ്ക്കായാണ് സഹായം നൽകുന്നതെന്നാണണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. കൊളംബിയയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായക സംഭാവന നൽകുന്ന, പർവതനിരകള്‍ നിറഞ്ഞ സാംസ്‌കാരിക പ്രാധാന്യമുള്ള ‘കോഫി ആക്സിസ്’ എന്നറിയപ്പെടുന്ന മേഖലയിലാണ് ഭൂചലനത്തിന്റെ പ്രധാന ആഘാതമുണ്ടായത്. 1999-ലും ഈ മേഖലയിൽ ശക്തമായ ഭൂചലനം ഉണ്ടായിരുന്നു. അന്ന് ഏകദേശം 1,200 പേർക്കാണ് ജീവന്‍ നഷ്ടമായത്.

ഭൂകമ്പ സാധ്യത കൂടുതലുള്ള പസഫിക് ‘റിംഗ് ഓഫ് ഫയർ’ മേഖലയിലാണ് കൊളംബിയ സ്ഥിതി ചെയ്യുന്നത്. പ്രതിമാസം ആയിരക്കണക്കിന് ഭൂചലനങ്ങൾ ഇവിടെ രേഖപ്പെടുത്താറുണ്ടെങ്കിലും ഭൂരിഭാഗവും ചെറിയ തീവ്രതയുള്ളവയാണ്. തിങ്കളാഴ്ച വൈകുന്നേരത്തോടെ 21 തുടർചലനങ്ങൾ രേഖപ്പെടുത്തിയതായി കൊളംബിയൻ ജിയോളജിക്കൽ സർവീസ് അറിയിച്ചു. ഇനിയും ശക്തമായ തുടർചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 1999-ൽ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കൊളംബിയയിൽ വൻ നാശനഷ്ടമുണ്ടായിരുന്നു.

അബെലാർഡോ ഡി ലാ എസ്പ്രീല്ല പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾക്കകമാണ് കൊളംബിയയെ കടുത്ത പ്രതിസന്ധിയിലാക്കിയ ദേശീയ ദുരന്തം സംഭവിച്ചിരിക്കുന്നത്. ജൂണിൽ അയൽരാജ്യമായ വെനസ്വേലയിൽ വലിയ നാശനഷ്ടം ഉണ്ടാക്കിയ ഇരട്ട ഭൂചലനങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ കൊളംബിയയിലും വൻ ദുരന്തമുണ്ടായിരിക്കുന്നത്.

Content Highlights: The death toll from the earthquake in Colombia has crossed 175, while rescue teams continue search and relief operations in affected areas.

dot image
To advertise here,contact us
dot image