'ഒന്നിനുമാവില്ല, എന്നാൽ ലോകകപ്പ് കളിക്കണം'; ഇന്ത്യൻ ഫുട്ബാളിന്റെ നടത്തിപ്പിനെ വിമർശിച്ച് സികെ വിനീത്

ഇന്ത്യയുടെ ഫുട്ബാൾ നടത്തിപ്പിനെ നിശിതമായി വിമർശിച്ച് മുൻ ഇന്ത്യൻ ഫുട്ബോൾ താരവും മലയാളിയുമായ സി കെ വിനീത്.

'ഒന്നിനുമാവില്ല, എന്നാൽ ലോകകപ്പ് കളിക്കണം'; ഇന്ത്യൻ ഫുട്ബാളിന്റെ നടത്തിപ്പിനെ വിമർശിച്ച് സികെ വിനീത്
dot image

ഫിഫ ലോകകപ്പ് ആവേശം രാജ്യമെങ്ങും അലയടിച്ചു കൊണ്ടിരിക്കെ ഇന്ത്യയുടെ ഫുട്ബാൾ നടത്തിപ്പിനെ നിശിതമായി വിമർശിച്ച് മുൻ ഇന്ത്യൻ ഫുട്ബോൾ താരവും മലയാളിയുമായ സി കെ വിനീത്.

മെഡൽ സാധ്യതയില്ലെന്ന് പറഞ്ഞ് ഇന്ത്യൻ ഫുട്ബാൾ ടീമിനെ ഏഷ്യൻ ഗെയിംസിന് പറഞ്ഞയക്കാത്ത കായിക മന്ത്രാലയത്തിന്റെ നടപടി അടക്കം വിനീത് ചോദ്യം ചെയ്യുന്നുണ്ട്.

ഫേസ്‌ബുക്കിൽ എഴുതിയ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

മെഡൽ പ്രതീക്ഷയില്ലെന്ന് പറഞ്ഞ് ദേശീയ ടീം പിന്മാറുന്നു, ടൂർണമെന്റിന് പ്രാധാന്യമില്ലെന്ന് പറഞ്ഞ് ക്ലബ്ബുകൾ പിന്മാറുന്നു പക്ഷെ ഇന്ത്യൻ ഫുട്ബോൾ ലോകകപ്പ് കളിക്കണം. എന്ത്‌ നല്ല നടക്കാത്ത സ്വപ്നം.

ഇന്ത്യൻ ഫുട്ബോളിനെ ലോകനിലവാരത്തിലേക്ക് ഉയർത്തണമെന്ന മുറവിളി നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. കോടികളുടെ ലീഗുകൾ, വിദേശ പരിശീലകർ, ഗ്രാസ്റൂട്ട് വികസനം, അക്കാദമികൾ എന്നിങ്ങനെ വലിയ വലിയ ചർച്ചകൾ ഇവിടെ സ്ഥിരമായി നടക്കാറുണ്ട്. പക്ഷേ “അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ പുളി അറിയൂ ” എന്നാ അവസ്ഥയാണ് ഇന്ത്യൻ ഫുട്ബാളിന്റെത്. സത്യത്തിൽ ഇന്ത്യൻ ഫുട്ബോൾ മുന്നോട്ട് പോകണമെന്ന് ഇവർ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടോ ?

അടുത്തിടെ പുറത്തുവന്ന രണ്ട് വാർത്തകൾ ഈ കപടതയുടെയും ദീർഘവീക്ഷണമില്ലായ്മയുടെയും ഏറ്റവും വലിയ ഉദാഹരണങ്ങളാണ്.


മെഡൽ സാധ്യതയുള്ള ഇനങ്ങൾക്ക് മാത്രം മുൻഗണന നൽകുന്ന കായിക മന്ത്രാലയത്തിന്റെ വിചിത്ര നയം കാരണം ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന് 2026 ഏഷ്യൻ ഗെയിംസ് നഷ്ടമാകുമ്പോൾ, മറുവശത്ത് രാജ്യത്തെ ഏറ്റവും വലിയ ആരാധകവൃന്ദമുള്ള ക്ലബുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും പാരമ്പര്യമുള്ളതുമായ ഡ്യൂറൻഡ് കപ്പിൽ നിന്ന് പിന്മാറുന്നു.

ഈ രണ്ട് സംഭവങ്ങളും ഒറ്റനോട്ടത്തിൽ തമ്മിൽ ബന്ധമില്ലാത്തതുപോലെ തോന്നാം. എന്നാൽ രണ്ടും ഒരേ പ്രശ്നത്തിലേക്കാണ് വിരൽചൂണ്ടുന്നത്.


ഇന്ത്യൻ ഫുട്ബോളിന്റെ ദീർഘകാല വളർച്ചയെക്കാൾ ഹ്രസ്വകാല കണക്കുകൂട്ടലുകൾക്കാണ് ഇവിടെ എല്ലാവരും പ്രാധാന്യം നൽകുന്നത്.
ലോക ഫുട്ബോളിലെ വൻശക്തികളായ ജപ്പാൻ, ദക്ഷിണ കൊറിയ, മൊറോക്കോ, ക്രൊയേഷ്യ ഓസ്ട്രേലിയ എന്നിവരെയൊക്കെ നോക്കൂ, ഇവരൊന്നും ഒറ്റരാത്രികൊണ്ട് ആകാശത്തുനിന്ന് പൊട്ടിവീണവരല്ല.

വർഷങ്ങളോളം ശക്തരായ എതിരാളികൾക്കെതിരെ കളിച്ചും തോറ്റും വിമർശനങ്ങൾ ഏറ്റുവാങ്ങിയുമൊക്കെയാണ് അവർ എല്ലാം വളർന്നത്. തോൽക്കുമെന്ന് ഭയന്ന് അവരാരും അന്താരാഷ്ട്ര ടൂർണമെന്റുകൾ ബഹിഷ്കരിച്ചിട്ടില്ല, സ്പോർട്സിൽ ജയവും തോൽവിയും സ്വാഭാവികമാണ്, പക്ഷേ, ഓരോ ടൂർണമെന്റും അടുത്ത തലത്തിലേക്കുള്ള ചവിട്ടുപടിയാണ്.

മത്സരങ്ങളിൽ നിന്ന് മാറിനിന്നുകൊണ്ട് നമ്മൾ എങ്ങനെയാണ് മത്സരിക്കാൻ പഠിക്കുന്നത്? ഇന്ത്യൻ ഫുട്ബോളിന്റെ പ്രധാന ശാപം കളിക്കാരുടെ നിലവാരക്കുറവാണെന്ന് പറയാറുണ്ട്, നിലവാരം ഉയർത്താനുള്ള ഒരേയൊരു മാർഗ്ഗം കൂടുതൽ മികച്ച മത്സരങ്ങൾ കളിക്കുക എന്നത് മാത്രമാണ്. ടൂർണമെന്റുകൾ തന്നെ ഇല്ലാതായാൽ കളിക്കാർക്ക് എവിടെനിന്നാണ് 'മാച്ച് എക്സ്പീരിയൻസ്' ലഭിക്കുക? അവർ എങ്ങനെയാണു മെച്ചപ്പെടുക? സമ്മർദ്ദഘട്ടങ്ങളെ അതിജീവിക്കാനുള്ള മാനസികാവസ്ഥ എങ്ങനെ കൈവരിക്കും? നമ്മുടെ യുവതാരങ്ങൾ അന്താരാഷ്ട്ര നിലവാരം എങ്ങനെ മനസ്സിലാക്കും ?ക്ലബ് തലത്തിലും ഇതേ ചോദ്യം ബാധകമാണ്.

ഡ്യൂറൻഡ് കപ്പ് ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. യുവതാരങ്ങൾക്ക് വലിയ വേദിയാണ്. കോച്ചുകൾക്ക് പരീക്ഷണങ്ങൾ നടത്താനുള്ള അവസരമാണ്. ആരാധകർക്ക് പുതിയ സീസണിന്റെ തുടക്കമാണ്. അത്തരമൊരു ടൂർണമെന്റിനോട് പ്രമുഖ ക്ലബുകൾ മുഖം തിരിക്കുന്നുവെങ്കിൽ, നമ്മുടെ ആഭ്യന്തര ഫുട്ബോൾ കലണ്ടറിലും ഘടനയിലും ഗൗരവമായ പ്രശ്നങ്ങളുണ്ടെന്നതിന്റെ സൂചന കൂടിയാണത്.


ഇത് ഇന്ത്യൻ ഫുട്ബോളിന്റെ രീതിയെക്കുറിച്ചുള്ള വലിയ ചർച്ചയാണ്. ക്ലബുകൾക്ക് ടൂർണമെന്റുകൾ പ്രയോജനകരമല്ലെന്ന് തോന്നുന്നത് എന്തുകൊണ്ടാണ്? ദേശീയ ടീമിന് മത്സരങ്ങളിൽ പങ്കെടുക്കാൻ പോലും സാഹചര്യമില്ലെങ്കിൽ, അതിന് ഉത്തരവാദി ആരാണ്? ഈ ചോദ്യങ്ങൾക്ക് മറുപടി കണ്ടെത്താതെ “ഇന്ത്യൻ ഫുട്ബോൾ വളരണം” എന്ന മുദ്രാവാക്യം വിളിച്ചത് കൊണ്ടു മാത്രം കാര്യമില്ല.

ഫുട്ബോൾ വളരുന്നത് കൂടുതൽ മത്സരങ്ങൾ കളിക്കുന്നതിലൂടെയും, ശക്തരായ എതിരാളികളെ നേരിടുന്നതിലൂടെയും, തോൽവികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് വീണ്ടും ശക്തമായി തിരിച്ചുവരുന്നതിലൂടെയുമാണ്. മെഡൽ ഉറപ്പുള്ള മത്സരങ്ങൾ മാത്രം കളിക്കാൻ അനുവാദം നൽകുകയും, പാരമ്പര്യമുള്ള ടൂർണമെന്റുകൾ പോലും ക്ലബുകൾക്ക് ഒഴിവാക്കേണ്ടി വരികയും ചെയ്യുന്ന ഒരു സിസ്റ്റത്തിലിരുന്ന് 'ലോകോത്തര ഫുട്ബോൾ' പ്രതീക്ഷിക്കുന്നത് വെറും മൂഢസ്വർഗ്ഗമാണ്.

ഇന്ത്യൻ ഫുട്ബോളിൽ ഇന്ന് അടിയന്തരമായി വേണ്ടത് കൂടുതൽ മത്സരങ്ങളും, കൃത്യമായ ആഭ്യന്തര കലണ്ടറും, ദീർഘവീക്ഷണമുള്ള പദ്ധതികളുമാണ്. കാരണം, ഫുട്ബോളിൽ ചരിത്രം കുറിച്ച ടീമുകളെല്ലാം ആദ്യം മത്സരിക്കാൻ പഠിച്ചവരാണ് അല്ലാതെ വിജയം മാത്രം കാത്ത് സിംഹാസനത്തിലിരുന്നവരല്ല. നമ്മക്ക് ബ്രസീലും അര്ജന്റീനയും ഒക്കേ തന്നെ ശരണം.

ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്. ദേശീയ ടീമിലും ഐ എസ് എല്ലിലും ഒരു കാലത്ത് മിന്നും പ്രകടനം നടത്തിയ മലയാളി താരത്തിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.



Content highlight: ck vineeth criticizes indian football management and world cup dream

dot image
To advertise here,contact us
dot image