മമത ബാനര്‍ജിയെ തൃണമൂല്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി വിമത പക്ഷം; അഭിഷേക് ബാനര്‍ജിയെ സസ്‌പെന്‍ഡ് ചെയ്തു

ഹൗറ മണ്ഡലത്തില്‍ നിന്നുള്ള അരൂപ് റോയിയെ പാര്‍ട്ടി ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തു

മമത ബാനര്‍ജിയെ തൃണമൂല്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി വിമത പക്ഷം; അഭിഷേക് ബാനര്‍ജിയെ സസ്‌പെന്‍ഡ് ചെയ്തു
dot image

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രതിസന്ധി രൂക്ഷം. മമത ബാനര്‍ജിയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് വിമത പക്ഷം നീക്കി. ഹൗറ മണ്ഡലത്തില്‍ നിന്നുള്ള അരൂപ് റോയിയെ പാര്‍ട്ടി ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തു. പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയായ അഭിഷേക് ബാനര്‍ജിയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

പ്രതിപക്ഷ നേതാവ് ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ന്യൂ ടൗണിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു വിമത പക്ഷം യോഗം ചേര്‍ന്നത്. അരൂപ് റോയിക്ക് പുറമേ ഫിര്‍ഹാദ് ഹക്കീം, അരൂപ് ബിശ്വാസ്, ജാവേദ് ഖാന്‍, സന്ദീപന്‍ സാഹ, അസിം ബോസ്, ജുയി ബിശ്വാസ്, താരക് സിങ് തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. പാര്‍ട്ടിക്കുള്ളിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചതെന്ന് വിമത വിഭാഗം പറഞ്ഞു.

പാര്‍ട്ടിയുടെ ഭരണഘടന പ്രകാരം ഓരോ മൂന്ന് വര്‍ഷത്തിലും സംഘടന പുനഃസംഘടിപ്പിക്കണമെന്ന് ഋതബ്രത ബാനര്‍ജി പറഞ്ഞു. 2022 ഫെബ്രുവരിയില്‍ രൂപീകരിച്ച മുന്‍ കമ്മിറ്റി അതിന്റെ കാലാവധി പൂര്‍ത്തിയാക്കി. ഇതേ തുടര്‍ന്നാണ് പുതിയ കമ്മിറ്റി രൂപീകരിക്കുന്നത്. നിലവിലെ നേതൃത്വം പാര്‍ട്ടി ഭരണഘടനയില്‍ പറഞ്ഞിരുന്ന സംഘടനാ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്നും ഋതബ്രത ബാനര്‍ജി പറഞ്ഞു. പിന്നാലെ 30 അംഗ കമ്മിറ്റി രൂപീകരിക്കുകയും അരൂപ് റോയിയെ പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ ആയി തെരഞ്ഞെടുക്കുകയുമായിരുന്നു. ഫിര്‍ഹാദ് ഹക്കിം, അരൂപ് ബിശ്വാസ്, രതിന്‍ ഘോഷ്, സബിന യാസ്മിന്‍ എന്നിവരെ വൈസ് ചെയര്‍പേഴ്‌സണ്‍മാരായും തെരഞ്ഞെടുത്തു. ഋതബ്രത ബാനര്‍ജി, ജാവേദ് ഖാന്‍, സന്ദീപന്‍ സാഹ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. അഖ്രുസ്സാമാനാണ് ട്രഷറര്‍.

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി ഉടലെടുത്തത്. എംഎല്‍എമാരും എംപിമാരും നേതൃത്വത്തിനെതിരെ രംഗത്തെത്തുകയായിരുന്നു. ബംഗാള്‍ നിയമസഭയില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശം അവഗണിച്ച് ഋതബ്രത ബാനര്‍ജിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. 59 ടിഎംസി എംഎല്‍എമാരുടെ പിന്തുണക്കത്ത് ഹാജരാക്കിയ ഋതബ്രത ബാനര്‍ജിയെ സ്പീക്കര്‍ പ്രതിപക്ഷ നേതാവായി നിയോഗിക്കുകയായിരുന്നു. ഇതിനെതിരെ മമത ബാനര്‍ജി കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചെങ്കിലും സ്പീക്കറുടെ തീരുമാനം സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചിരുന്നു.

Content Highlights- A rebel faction within the Trinamool Congress has reportedly removed Mamata Banerjee from the party president position and suspended Abhishek Banerjee

dot image
To advertise here,contact us
dot image