

ലണ്ടൻ: 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിരോധനം ഏർപ്പെടുത്തുന്നതിനായി ഉടൻ നിയമം കൊണ്ടുവരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ. ഡൗണിംഗ് സ്ട്രീറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സ്റ്റാർമറുടെ പ്രഖ്യാപനം. 16 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും സോഷ്യൽ മീഡിയയിലേക്കുള്ള പ്രവേശനം സർക്കാർ നിരോധിക്കും എന്നാണ് സ്റ്റാർമർ പ്രഖ്യാപിച്ചത്. കുട്ടികൾ ഓൺലൈൻ ഉപയോഗിക്കുമ്പോൾ അവരുടെ ക്ഷേമവും സുരക്ഷയും കൂടുതൽ ഉറപ്പാക്കുന്നതിനായി സോഷ്യൽ മീഡിയ നിയന്ത്രണങ്ങളിൽ വ്യാപകമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും സ്റ്റാർമർ കൂട്ടിച്ചേർത്തു.
പൂർണമായ നിരോധനമാണ് ശരിയായ തീരുമാനമെന്ന് തനിക്ക് വ്യക്തമാണ് എന്ന് പ്രതികരിച്ച സ്റ്റാർമർ ഇത് നടപ്പിലാക്കുന്നത് എളുപ്പമല്ലെങ്കിലും വലിയ സാങ്കേതിക കമ്പനികളുടെ സ്വാധീനത്തിനെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും പറഞ്ഞു. ടെക് കമ്പനികളോടുള്ള സമീപനം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബ്രിട്ടൻ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. പ്രായപരിശോധന നിർബന്ധമാക്കുക, അൽഗോരിതങ്ങൾ പരിഷ്കരിക്കുക, കുട്ടികൾ മൊബൈൽ ഫോണിൽ പകർത്തുന്ന നഗ്നചിത്രങ്ങൾ പ്രചരിക്കുന്നത് തടയുക തുടങ്ങിയ നടപടികൾ ബ്രിട്ടൻ ഇതിനകം സ്വീകരിച്ചിട്ടുണ്ട്.
എന്നാൽ കുട്ടികൾ അമിതമായി ഓൺലൈനിൽ സമയം ചെലവഴിക്കുന്നത് അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന ആശങ്ക വർധിച്ച സാഹചര്യത്തിലാണ് നിയമനിർമ്മാണത്തിനുള്ള പുതിയ നീക്കം. മാതാപിതാക്കളുമായി നടത്തിയ ചർച്ചകളും ഓസ്ട്രേലിയയിലെ അനുഭവങ്ങളും പരിശോധിച്ചതിന് ശേഷമാണ് കൂടുതൽ കടുത്ത നടപടിയിലേക്ക് നീങ്ങാൻ സ്റ്റാർമർ തീരുമാനിച്ചത്. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കഴിഞ്ഞ വർഷം ഓസ്ട്രേലിയ സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തിയിരുന്നു.
അധ്യാപകരുമായും മാതാപിതാക്കളുമായും യുവാക്കളുമായും പുതിയ നിയന്ത്രണങ്ങളെക്കുറിച്ച് വ്യാപകമായ കൂടിയാലോചനകൾ ബ്രിട്ടൻ നടത്തിയിരുന്നു. 16 വയസ്സിന് താഴെയുള്ളവർക്ക് നിരോധനം ഏർപ്പെടുത്തുക, ഉപയോഗസമയത്തിന് പരിധി നിശ്ചയിക്കുക, രാത്രി സമയങ്ങളിൽ നിയന്ത്രണം കൊണ്ടുവരുക, കുട്ടികളെ കൂടുതൽ സമയം പ്ലാറ്റ്ഫോമുകളിൽ ആകർഷിച്ച് നിലനിർത്തുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന “അഡിക്ടീവ് ഡിസൈൻ” സവിശേഷതകൾ നിയന്ത്രിക്കുക തുടങ്ങിയ നിർദേശങ്ങൾ ബ്രിട്ടൻ്റെ പരിഗണനയിലുണ്ട്. പരിഗണനയിലുണ്ടായിരുന്നു. ഈ വിഷയത്തിൽ മാതാപിതാക്കൾ, വ്യവസായ പ്രതിനിധികൾ, യുവാക്കൾ എന്നിവരിൽ നിന്ന് 1.16 ലക്ഷത്തിലധികം പ്രതികരണങ്ങളാണ് ലഭിച്ചതെന്നാണ് റിപ്പോർട്ട്. പ്രതികരിച്ച മാതാപിതാക്കളിൽ 83 ശതമാനത്തിലധികം പേർ സോഷ്യൽ മീഡിയയുടെ അപകടസാധ്യതകൾ അതിന്റെ ഗുണങ്ങളെക്കാൾ കൂടുതലാണെന്ന് അഭിപ്രായപ്പെട്ടതായാണ് റിപ്പോർട്ട്. അതേസമയം 90 ശതമാനം പേർ സോഷ്യൽ മീഡിയ ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി 16 വയസാക്കണമെന്നതിനെ പിന്തുണച്ചു.
16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തിയ ലോകത്തിലെ ആദ്യ രാജ്യമായി ഓസ്ട്രേലിയ മാറിയിരുന്നു. 16 വയസ്സിന് താഴെയുള്ള ടിക്ടോക്ക്, യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിലേയ്ക്കുള്ള പ്രവേശനം കഴിഞ്ഞ ഡിസംബറർ മുതൽ ഓസ്ട്രേലിയ തടഞ്ഞിരുന്നു. കുട്ടികളുടെ ആരോഗ്യത്തെയും സുരക്ഷയെയും കുറിച്ചുള്ള ആശങ്കകൾ ഉയർന്നതോടെ നിരവധി രാജ്യങ്ങൾ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ തുടങ്ങിയിരുന്നു.
Content Highlights: The British Prime Minister has announced plans to introduce legislation that would prohibit children under the age of 16 from using social media platforms. The proposed law aims to enhance online safety and protect young users from harmful digital content.