

ന്യൂയോർക്ക്: ഇറാൻ്റെ ആണവപദ്ധതികളെക്കുറിച്ച് ചർച്ച തുടരാനും വെടിനിർത്തൽ നീട്ടാനുമുള്ള 60 ദിവസത്തേയ്ക്കുള്ള മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗിൽ (എംഒയു) അമേരിക്കയും ഇറാനും യോജിപ്പിലെത്തിയതായി റിപ്പോർട്ട്. എന്നാൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് എംഒയുവിന് ഇതുവരെ അന്തിമ അംഗീകാരം നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്. മധ്യസ്ഥ ചർച്ചയിൽ പങ്കെടുത്ത രണ്ട് അമേരിക്കൻ ഉദ്യോഗസ്ഥരെയും പ്രദേശിക സ്രോതസ്സിനെയും ഉദ്ധരിച്ച് ആക്സിയോസാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്.
ഇതിനിടെ ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാറിന്റെ കരട് ഇസ്രായേൽ ഉൾപ്പെടെയുള്ള സഖ്യകക്ഷികൾക്ക് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അയച്ച് നൽകിയതായാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. ചർച്ചകൾ വേഗത്തിലാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി പാകിസ്താൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാർ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ വെള്ളിയാഴ്ച അമേരിക്കയിലെത്തി കാണുമെന്നും ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഹോർമൂസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്ക് തുറന്നുകൊടുക്കും, ഇറാനിയൻ തുറമുഖങ്ങൾക്കുള്ള യുഎസ് ഉപരോധം പിൻവലിക്കും, ഇറാൻ്റെ 12 ബില്യൺ ഡോളർ മരവിപ്പിച്ച ആസ്തികൾ ലഭ്യമാക്കും എന്നിങ്ങനെയാണ് ട്രംപ് സഖ്യരാജ്യങ്ങൾക്ക് പങ്കുവെച്ച കരട് കരാറിലുള്ളത്. ഹോർമൂസ് കടലിടുക്കിലെ വാണിജ്യ കപ്പൽ ഗതാഗതം 30 ദിവസത്തിനുള്ളിൽ യുദ്ധത്തിനു മുമ്പുള്ള നിലയിലേക്ക് തിരികെ കൊണ്ടുവരിക, ഇറാന്റെ ആണവ പദ്ധതിയുടെ ഭാവിയെക്കുറിച്ച് 60 ദിവസം വരെ നീണ്ടുനിൽക്കുന്ന ചർച്ചകൾ ആരംഭിക്കുക എന്നതാണ് കരട് കരാറിലുള്ളത്. ഉയർന്ന അളവിൽ സമ്പുഷ്ടമാക്കിയ യുറേനിയത്തിന്റെ സംഭരണത്തെക്കുറിച്ചുള്ള ചർച്ചകൾ, കൂടുതൽ സമ്പുഷ്ടീകരണം താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനായുള്ള അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ മേൽനോട്ടം എന്നിവ കരാറിൻ്റെ കരടിലുണ്ടെന്നാണ് റിപ്പോർട്ട്.
ഇതിനിടെ മരവിപ്പിച്ച സ്വത്തുക്കൾ ഇറാനിയൻ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിബന്ധനകളില്ലാതെ വിട്ടുകൊടുക്കണമെന്ന ആവശ്യം മോസ്കോയിലുള്ള ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അലി ബാഗേരി ആവർത്തിച്ചിട്ടുണ്ട്. ഒമാനെതിരെയുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയെ വിമർശിച്ച് നേരത്തെ ഇറാൻ രംഗത്തെത്തിയിരുന്നു. ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയെ 'അപകടകരമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വിമർശിച്ചിരിക്കുന്നത്. 'പ്രാദേശിക സമാധാനത്തിലും സുരക്ഷയിലും എല്ലായ്‌പ്പോഴും ക്രിയാത്മകവും ഫലപ്രദവും ഉത്തരവാദിത്തമുള്ളതുമായ പങ്ക് വഹിക്കുകയും നയതന്ത്ര പ്രക്രിയകളിൽ ഒരു മധ്യസ്ഥനെന്ന നിലയിൽ പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി വർഷങ്ങളായി അതിന്റെ മഹത്തായ ശ്രമങ്ങൾ നടത്തുകയും ചെയ്യുന്ന രാജ്യമാണ് ഒമാനെ'ന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്താവന ചൂണ്ടിക്കാണിക്കുന്നത്. 'ഐക്യരാഷ്ട്രസഭാ അംഗരാജ്യം കൂടിയായ ഒമാനെ നശിപ്പിക്കുമെന്ന ഭീഷണി ബലപ്രയോഗ ഭീഷണി നിരോധിക്കുന്നതിനുള്ള അടിസ്ഥാന തത്വത്തിന്റെ ലംഘനം മാത്രമല്ല, അന്താരാഷ്ട്ര ബന്ധങ്ങളിൽ നിയമലംഘനവും ഭീഷണിപ്പെടുത്തലും സാധാരണ നിലയിലാകുന്നതിന്റെ അപകടകരമായ മറ്റൊരു അടയാളം കൂടിയാണെന്നും' പ്രസ്താവന കുറ്റപ്പെടുത്തുന്നുണ്ട്. ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം കൈകാര്യം ചെയ്യാൻ ഇറാനുമായി കരാറിൽ ഏർപ്പെട്ടാൽ ഒമാൻ പൊട്ടിത്തെറിക്കും എന്നായിരുന്നു അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണി.
Content Highlights: Iran and the United States have reportedly reached a tentative agreement to end hostilities, including reopening the Strait of Hormuz. According to latest reports, the deal is largely negotiated, but it awaits President Donald Trump's final approval along with Iran's supreme leader. Details on the potential peace framework and its impact on oil markets