

കാണ്ഡഹാർ: ഇസ്ലാമിക് നിയമത്തിന് കീഴിയിൽ പുതിയ കുടുംബ നിയമം പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ. പെൺകുട്ടികളുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാം എന്നാണ് ഈ നിയമത്തിൽ പറയുന്നത്. അതേസമയം ഒരു ആൺകുട്ടിയുടെയോ വിവാഹിതയുടെയോ മൗനത്തെ സമ്മതമായി കണക്കാക്കാൻ കഴിയില്ലെന്നും പുതിയ നിയമത്തിൽ പറയുന്നു.
വിവാഹം, വിവാഹമോചനം, ശൈശവ വിവാഹം എന്നിവയുമായി ബന്ധപ്പെട്ടുള്ളതാണ് പുതിയ നിയമം. താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുംദ്‌സാദ നിയമം അംഗീകരിച്ചു. പുതിയ നിയമം അഫ്ഗാനിസ്ഥാന്റെ ഔദ്യോഗിക ഗസറ്റിൽ പുറത്തിറക്കിയിട്ടുണ്ട്.
ഭാര്യാഭര്‍തൃ വേര്‍പിരിയലിന്റെ തത്വങ്ങള്‍ എന്ന പേരിലുള്ള പുതിയ കുടുംബ നിയമത്തിന് കീഴില്‍ ശൈശവ വിവാഹം, കാണാതായ ഭര്‍ത്താക്കന്മാര്‍, നിര്‍ബന്ധിത വിവാഹ മോചനം, വിവാഹേത ബന്ധം തുടങ്ങിയ വിഷയങ്ങളും ഉള്‍പ്പെടുന്നുണ്ട്. അതിദാരിദ്ര്യം നേരിടുന്ന അഫ്ഗാനിസ്ഥാനിലെ ചില കുടുംബങ്ങള്‍ പണത്തിന് വേണ്ടി പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്ന രീതിയുണ്ട്. പുതിയ നിയമം ഇത്തരം രീതികള്‍ക്ക് നിയമപ്രാബല്യം നല്‍കുന്നതിലേക്ക് നയിക്കുമെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. ബാലികമാരെ വിവാഹം കഴിപ്പിക്കുന്നതിനായി അഞ്ഞൂറ് മുതല്‍ മൂവായിരം ഡോളര്‍ വരെയാണ് നല്‍കുന്ന തുക.
വിവാഹേതര ബന്ധം, മതപരിവർത്തനം, ഭർത്താവിന്റെ ദീർഘകാലമായുള്ള അസാന്നിധ്യം, ബന്ധുവായ മറ്റ് സ്ത്രീകളുമായി ഭാര്യയെ താരതമ്യം ചെയ്യൽ എന്നീ സാഹചര്യങ്ങളിൽ താലിബാൻ ന്യായാധിപന്മാർക്ക് ഇടപെടാം. കേസിന്‍റെ രീതി അനുസരിച്ച് വിവാഹമോചനം, തടവുശിക്ഷ, അല്ലെങ്കി മറ്റ് ശിക്ഷകൾ ഉൾപ്പെടെയുള്ളവ തീരുമാനിക്കുന്നത് ഇവരായിരിക്കും.
Content Highlights: Afghanistan Govt has introduced a controversial regulation stating that a woman’s silence may be interpreted as consent in marriage-related matters