

ദുബായ്: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ രാജ്യാന്തര എണ്ണക്കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഒപെക് (OPEC- Petroleum Exporting Countries), ഒപെക് പ്ലസ് (OPEC+) നിന്ന് പിന്മാറുമെന്ന് പ്രഖ്യാപിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ). ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച നിർണ്ണായക പ്രഖ്യാപനം ഉണ്ടായത്. മെയ് ഒന്ന് മുതൽ പിന്മാറ്റം പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള എണ്ണ ഉൽപ്പാദന ഗ്രൂപ്പിന് യുഎഇയുടെ നീക്കം വെല്ലുവിളി ഉയർത്തുമെന്നാണ് റിപ്പോർട്ട്.
പശ്ചിമേഷ്യൻ സംഘർഷം, ഉൽപ്പാദന ക്വാട്ട തുടങ്ങിയ വിഷയങ്ങളിൽ ഒപെക് അംഗങ്ങൾക്കിടയിൽ നിലനിന്നിരുന്ന ആഭ്യന്തര തർക്കങ്ങളാണ് യുഎഇയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണക്കടത്തിന് ഇറാൻ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ, യുഎസ് തങ്ങളെ വേണ്ടത്ര സംരക്ഷിക്കുന്നില്ലെന്ന് യുഎഇ നേരത്തെ വിമർശിച്ചിരുന്നു.
ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള രാഷ്ട്രീയവും സൈനികവുമായ ഐക്യം ചരിത്രത്തിലെ ഏറ്റവും ദുർബലമായ അവസ്‌ഥയിലാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്‌ടാവ് അൻവർ ഗർഗാഷ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഉയർന്ന എണ്ണവില ഈടാക്കി ഒപെക് രാജ്യങ്ങൾ ലോകത്തെ കൊള്ളയടിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടയിലാണ് യുഎഇ ഒപെകിൽ നിന്ന പിന്മാറുന്നത്. ഒപെക്കിലെ രണ്ടാമത്തെ വലിയ ഉൽപ്പാദകരായ യുഎഇയുടെ പിന്മാറ്റം വലിയ തിരിച്ചടിയാണ്. ഇത് ആഗോള സമ്പദ്‌വ്യവസ്ഥയിലും ഊർജ്ജ വിപണിയിലും വലിയ അനിശ്ചിതത്വങ്ങൾക്ക് വഴിവെച്ചേക്കാം.
Content Highlights:The United Arab Emirates (UAE) is preparing to withdraw from OPEC, the international group of oil exporting countries, amid tensions in the Middle East.