

വാഷിംഗ്ടൺ: വീണ്ടും ലിയോ പതിനാലാമനെ രൂക്ഷമായി അധിക്ഷേപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ട്രംപിനെ വിമർശിച്ച് മുന്നോട്ട് വന്ന പോപ്പിൻ്റെ തീരുമാനം തെറ്റാണെന്നാണ് ട്രംപ് പറഞ്ഞത്. ട്രംപ് ഭരണകൂടത്തെ തനിക്ക് ഭയമില്ല എന്നും യുദ്ധങ്ങൾക്കെതിരെ താൻ ഇനിയും സംസാരിക്കുമെന്നും ലിയോ പതിനാലാമൻ പറഞ്ഞതിന് പിന്നാലെയാണ് ട്രംപിൻ്റെ പ്രതികരണം.
ലിയോ പതിനാലാമൻ എതിർപ്പ് പ്രകടിപ്പിച്ചത് തെറ്റായി പോയെന്നാണ് ട്രംപിൻ്റെ പ്രതികരണം. ലിയോ പതിനാലാമൻ ദുർബലനെന്നും ട്രംപ് ആവർത്തിച്ച് പറഞ്ഞു. പോപ്പ് ദുർബലനാണെങ്കിലും വിദേശ നയങ്ങളിൽ ഭയങ്കരനാണെന്നും ആയിരുന്നു ട്രംപിൻ്റെ പരാമർശം. ഇതിന് മുൻപ് ഇറാൻ യുദ്ധത്തിനെതിരായ നിലപാടിന്റെ പേരിൽ ലിയോ പതിനാലാമനെ ദുർബലനെന്നും റാഡിക്കൽ ലെഫ്റ്റ് എന്നും ട്രംപ് വിശേഷിപ്പിച്ചിരുന്നു. ലിയോ പതിനാലാമൻ മികച്ച പോപ്പ് ആയാൽ മതിയെന്നും അല്ലാതെ രാഷ്ട്രീയക്കാരൻ ആകേണ്ട എന്നുമാണ് ട്രംപ് വിമർശിച്ചത്.
അതേസമയം ക്യൂബയ്ക്കെതിരെയും ഡോണൾഡ് ട്രംപ് വീണ്ടും ഭീഷണി ഉയർത്തി. ഇറാൻ്റെ കാര്യത്തിൽ തീരുമാനമുണ്ടാക്കിയ ശേഷം ക്യൂബയ്ക്കെതിരെ തിരിയുമെന്നാണ് ട്രംപിൻ്റെ ഭീഷണി. ഇത് ആദ്യമായല്ല ക്യൂബയ്ക്കെതിരെ തുറന്ന ഭീഷണിയുമായി ട്രംപ് എത്തുന്നത്. ആദ്യം ഇറാനെതിരായ ആക്രമണം യുഎസ് പൂർത്തിയാക്കുമെന്നും അടുത്ത ലക്ഷ്യം ക്യൂബയാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ക്യൂബൻ ഭരണകൂടം അമേരിക്കയുമായി കരാറിൽ ഏർപ്പെടുന്നില്ലെന്നും വിട്ടുവീഴ്ച്ചകൾക്ക് തയ്യാറല്ലെന്നും ആയിരുന്നു ട്രംപ് മുൻപ് പറഞ്ഞത്.
Content Highlights: Trump doubles down on attack against Pope Leo