

തെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാനിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി ഇറാനിലെ ഇന്ത്യൻ എംബസി. 48 മണിക്കൂർ സമയത്തേയ്ക്ക് പുറത്തിറങ്ങരുതെന്നും എവിടെയാണോ അവിടെ തന്നെ തുടരണം എന്നുമാണ് എംബസി അറിയിച്ചത്. ഇന്ന് രാത്രിയോട് കൂടി ഇറാനെ ഇല്ലാതാക്കുമെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണിക്ക് തൊട്ട് പിന്നാലെയാണ് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പ് വരുത്താനാണ് മുന്നറിയിപ്പ് നൽകിയത്. പൗരന്മാർ വീടുകളിൽ തന്നെ കഴിയണമെന്നും എംബസിയുമായി നിരന്തരം ആശയവിനിമയം നടത്തമെന്നും നിർദേശമുണ്ട്. ഇറാനിലെ സൈനിക മേഖലയിലോ വൈദ്യൂതനിലയങ്ങൾക്ക് സമീപമോ പോകരുതെന്നും എംബസി അറിയിച്ചു. അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും അറിയിപ്പുണ്ട്.
അതേസമയം ഇറാൻ്റെ പാലങ്ങളും റെയിൽവെ ട്രാക്കുകളും തകർത്തെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രധാന മന്ത്രി നെതന്യാഹുവും രംഗത്തെത്തിയിട്ടുണ്ട്. നെതന്യാഹുവിൻ്റെ എക്സ് പോസ്റ്റിലൂടെയാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഇറാൻ റെവല്യൂഷണറി ഗാർഡുകൾ ഉയോഗിച്ച് വരുന്ന തന്ത്രപ്രധാനമായ പാലങ്ങൾ തകർത്തെന്നാണ് നെതന്യാഹു പറഞ്ഞത്. ആക്രമണത്തിൽ ഇറാൻ്റെ നിരവധി യുദ്ധവിമാനങ്ങളും തകർത്തതായി പറയുന്നുണ്ട്. ഇന്ന് രാത്രിയോടെ വെടിനിർത്തലിന് അനുവദിച്ച സമയ പരിധി തീരുമെന്നും കീഴടങ്ങാൻ തയാറായില്ലെങ്കിൽ ഇറാൻ്റെ പാലങ്ങളും വൈദ്യുത സ്റ്റേഷനുകളും ബാക്കിയുണ്ടാകില്ലെന്നും മുന്നറിയിപ്പ് നൽകി ഡോണൾഡ് ട്രംപും വന്നിരുന്നു.
ഇന്ന് ഒറ്റ രാത്രി കൊണ്ട് ഇറാനെ ഇല്ലാതാക്കുമെന്നായിരുന്നു അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ആവർത്തിച്ചുള്ള ഭീഷണി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഏറ്റവും ഒടുവിൽ ഭീഷണി ഉയർത്തിയത്. ഇറാൻ്റെ നാഗരികതയെ ഒരിക്കലും തിരിച്ചുകൊണ്ടുവരാൻ കഴിയാത്ത വിധം നശിപ്പിക്കുമെന്നാണ് ട്രംപ് പറഞ്ഞത്. ഇന്ന് രാത്രിയോടെ എല്ലാത്തിനും തീരുമാനമാകുമെന്നും ഏറ്റവും സുപ്രധാനമായ മണിക്കൂറുകളാണ് വരാനിരിക്കുന്നതെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്. ഇറാനിലെ 47 വർഷത്തെ അഴിമതി നിറഞ്ഞ ഭരണം ഇതോടെ അവസാനിക്കുമെന്നും ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു.
Content Highlights: 'Do not leave for 48 hours'; Embassy warns Indians in Iran amid escalating tensions in the Middle East