

വാഷിംങ്ടണ്‍: ഇറാനെ ലക്ഷ്യമിട്ട് യുഎസും ഇസ്രയേലും ആരംഭിച്ച ഓപ്പറേഷന്‍ ഫ്യൂറി നീണ്ടുപോയാല്‍ അമേരിക്കയ്ക്ക് ചെലവാക്കേണ്ടി വരിക 17ലക്ഷം കോടി വരെയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് ലോക സമ്പദ് വ്യവസ്ഥയെയും അമേരിക്കന്‍ നികുതിദായകരെയും കടുത്ത പ്രതിസന്ധിയിലാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫെബ്രുവരി 28നാണ് ഇറാന് നേരെ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചത്. നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് നേരിട്ടുള്ള സൈനിക ചെലവുകള്‍ മാത്രം 95ബില്യണ്‍ ഡോളര്‍ വരെ എത്തിയേക്കാമെന്നാണ്. അനുബന്ധ സാമ്പത്തിക ആഘാതങ്ങള്‍ കണക്കിലെടുത്താല്‍ ഏകദേശം 17ലക്ഷം കോടി ഇന്ത്യന്‍ രൂപയോളം വരും ഈ ചെലവെന്നാണ് പെന്‍ വാര്‍ട്ടണ്‍ ബജറ്റ് മോഡല്‍ ചൂണ്ടിക്കാട്ടുന്നത്.
ഓപ്പറേഷന്‍ ഫ്യൂറിയുടെ സജ്ജീകരണങ്ങളുടെ ഭാഗമായി പശ്ചിമേഷ്യ കേന്ദ്രീകരിച്ച് നടത്തിയ കപ്പല്‍ - വിമാന വിന്യാസത്തിന് ഏകദേശം 5500 കോടിയോളം ചെലവായപ്പോള്‍, ആക്രമണം നടന്ന ആദ്യ 24 മണിക്കൂറില്‍ ചെലവ് 6,800കോടിയോളമാണ്. ഈ വര്‍ഷത്തെ അമേരിക്കന്‍ പ്രതിരോധ ബജറ്റിന്റെ ഏകദേശം 0.1ശതമാനമാണിത്. ഇവിടെയും തീരുന്നില്ല, ദിവസേനയുള്ള നാവിക - വ്യോമ വിന്യാസം, ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും നഷ്ടം, ആയുധങ്ങള്‍ മാറ്റി സ്ഥാപിക്കല്‍ എന്നിവയെല്ലാം കണക്കാക്കിയാല്‍ ചെലവ് രണ്ട് ബില്യണിലെത്തും. അമേരിക്ക 2023 ഒക്ടോബര്‍ മുതല്‍ ഇസ്രയേലിന് നല്‍കുന്ന സൈനിക സഹായത്തിനൊപ്പം പേര്‍ഷ്യന്‍ ഗള്‍ഫില്‍ വിന്യസിച്ചിട്ടുള്ള രണ്ട് വിമാനവാഹിനിക്കപ്പലുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും കോടികളാണ് ചെലവ്.
വമ്പന്‍ ആയുധങ്ങളാണ് ഇറാനെ നേരിടാന്‍ അമേരിക്ക ഉപയോഗിക്കുന്നത്. ചെലവ് ഇത്തരത്തില്‍ വര്‍ധിച്ചുകൊണ്ടിരുന്നാല്‍ ഓപ്പറേഷന്‍ എപിക്ക് ഫ്യൂറി പുരോഗമിക്കുന്നതിന് അനുസരിച്ച് സാധാരണക്കാരായ യുഎസ് നികുതിദായകര്‍ക്ക് വലിയ സാമ്പത്തിക ഭാരമാകും ഇത് സൃഷ്ടിക്കുക.
Content Highlights: Reports estimate that Operation Epic Fury, the U.S.–led military offensive in the Middle East, could burden American taxpayers with tens to hundreds of billions of dollars in costs