

വാഷിംഗ്ടൺ: അമേരിക്കൻ പൗരാവകാശ പ്രവർത്തകനും മാർട്ടിൻ ലൂഥർ കിങിൻ്റെ അനുയായിയുമായ ജെസ്സെ ജാക്സണ്‍ (84) അന്തരിച്ചു. പാർക്കിൻസണ്‍ രോഗം ബാധിച്ച് 2017 മുതല്‍ ചികിത്സയിലായിരുന്നു. ജെസ്സെ ജാക്സൻ്റെ കുടുംബമാണ് മരണവാർത്ത പുറംലോകത്തെ അറിയിച്ചത്. തങ്ങളുടെ അച്ഛൻ തങ്ങൾക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവർക്കും ശബ്ദമില്ലാത്തവർക്കും അവഗണിക്കപ്പെട്ടവർക്കും ഒരു സേവക നേതാവായിരുന്നുവെന്നായിരുന്നു കുടുംബത്തിൻ്റെ പ്രതികരണം.
മാർട്ടിൻ ലൂഥർ കിങിൻ്റെ വഴിയിലൂടെയായിരുന്നു ജെസ്സെ ജാക്സൺ സാമൂഹിക പ്രവർത്തനങ്ങളിലേക്ക് കടന്നുവന്നത്. 1960-കളിലെ പൗരാവകാശ പ്രസ്ഥാനം മുതൽ ആഫ്രോ അമേരിക്കൻ വിഭാഗങ്ങളുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കായി വാദിച്ചു. ഷിക്കാഗോ ആസ്ഥാനമായുള്ള പൗരാവകാശ സംഘടനകളായ ഓപ്പറേഷൻ പുഷ്, നാഷണൽ റെയിൻബോ കോളിഷൻ എന്നിവയുടെ സ്ഥാപകൻ കൂടിയാണ് ജാക്സൺ. സിറിയ, ക്യൂബ, ഇറാഖ്, സെർബിയ തുടങ്ങിയ സ്ഥലങ്ങളിൽ തടവിലാക്കപ്പെട്ട നിരവധി അമേരിക്കൻ പൗരന്മാരെയും
മറ്റും മോചിപ്പിക്കുന്നതിൽ ജാക്‌സൺ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.1980 കളിലാണ് ജെസ്സെ ജാക്സൺ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയായി രണ്ട് തവണ അദ്ദേഹം മത്സരിച്ചിട്ടുണ്ട്.
Content Highlights: US civil rights icon Jesse Jackson dies at 84