

ബീജിംഗ്: 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ടിബറ്റിലെ ബുദ്ധവിഹാരങ്ങളിൽ പ്രവേശിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തി ചൈന. ടിബറ്റൻ ജനതയുടെ മതപരമായ ജീവിതത്തിൽ നിയന്ത്രണം വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. ടിബറ്റൻ പ്രദേശത്തിന്റെ സാംസ്കാരികവും മതപരവുമായ അവകാശങ്ങളുടെ ലംഘനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റഫോമായ വീചാറ്റിൽ പ്രചരിച്ചതിന് പിന്നാലെയാണ് ചൈനയുടെ പുതിയ നിയമം. ടിബറ്റൻ സാംസ്കാരിക മുദ്രകൾ ദൈനംദിന ജീവിതത്തിൽനിന്ന് മായ്ച്ചുകളയാൻ ലക്ഷ്യമിട്ടുള്ള ചൈനീസ് പദ്ധതിയാണ് ഇതെന്ന് ആരോപണമുണ്ട്.
18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആശ്രമത്തിൽ പ്രവേശനമില്ലെന്ന് കാണിക്കുന്ന നോട്ടീസുകൾ ഖാമിലെ ഒരു ആശ്രമത്തിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ടിബറ്റൻ പ്രദേശത്തെ സ്കൂളുകൾ വാർഷികാവധിക്ക് അടച്ചിടുന്ന സമയത്താണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. ഈ സമയത്ത്, ടിബറ്റിലെ കുട്ടികൾ മാതാപിതാക്കളോടൊപ്പം ആശ്രമങ്ങൾ സന്ദർശിക്കുക പതിവാണ്.
ഇത് തടയുക വഴി ടിബറ്റിൻ്റെ സാംസ്കാരിക വ്യാപനത്തെ ദുർബലപ്പെടുത്താനാണ് ചൈനയുടെ ശ്രമം.
ടിബറ്റൻ കുട്ടികൾക്കുള്ള നിർബന്ധിത പ്രീ-നഴ്സറി ബോർഡിംഗ് സ്കൂളുകൾ, അവധിക്കാലത്ത് ആശ്രമങ്ങളിൽ ടിബറ്റൻ ഭാഷാ പഠനം നിരോധിക്കൽ, അവധിക്കാലത്ത് കുട്ടികൾ കുട്ടികൾ ആശ്രമങ്ങൾ സന്ദർശിക്കുന്നത് നിരോധിക്കൽ തുടങ്ങി സമീപ വർഷങ്ങളിൽ ടിബറ്റിൽ ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
Content Highlights: China bans children under 18 from entering Buddhist monasteries