

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെയും ആറാമത്തെയും ബജറ്റ് ഇന്ന്. രാവിലെ ഒമ്പതിന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അവതരിപ്പിക്കുന്ന ബജറ്റിൽ വികസന - ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. സർക്കാർ ജീവനക്കാർക്ക് ഡി എ കുടിശിക വിതരണം, ശമ്പള പരിഷ്‌കരണം എന്നിവ സംബന്ധിച്ച പ്രഖ്യാപനം ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന. അതേസമയം ബജറ്റിൽ ക്ഷേമ പെൻഷൻ വർധന ഉണ്ടാകുമോ എന്നത് ആകാംക്ഷ നൽകുന്നുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമുള്ള അഷ്വേഡ് പെൻഷൻ പദ്ധതിയുടെ വിശദാംശങ്ങളും ബജറ്റിൽ പ്രഖ്യാപിച്ചേക്കും. സാമ്പത്തിക ഞെരുക്കത്തിനിടയിലും വികസന ക്ഷേമ പദ്ധതികളോട് വിട്ടുവീഴ്ച വേണ്ട എന്നാണ് സർക്കാർ നിലപാട്.
റബർ താങ്ങുവില വർധിപ്പിക്കൽ, ദാരിദ്ര്യ നിർമാർജ്ജന പദ്ധതികൾ എന്നിവയും ബജറ്റിൽ ഇടം പിടിച്ചേക്കും. പുതുതായി പ്രഖ്യാപിച്ച പ്രതിമാസം ആയിരം രൂപ നൽകുന്ന സ്ത്രീസുരക്ഷാ പെൻഷൻ, യുവാക്കൾക്കുള്ള കണക്ടു കണക്ട് വർക്ക് സ്‌കോളർഷിപ്പ് എന്നിവയുടെ തുകയും വർധിപ്പിക്കാൻ സാധ്യതയുണ്ട്. വയോജനങ്ങളുടെ ആരോഗ്യം, പരിചരണം, ഉപജീവനം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന പദ്ധതികളും പ്രതീക്ഷിക്കാം. മദ്യത്തിന് ഇനിയും വില കൂട്ടുമോയെന്ന ചോദ്യങ്ങളും സംശയങ്ങളും ശക്തമാണ്.
കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുമ്പോഴും ക്ഷേമ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നാണ് സർക്കാരിൻറെ പ്രഖ്യാപനം. വരുമാനം വർദ്ധിപ്പിക്കാൻ എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തതെന്നും ബജറ്റിൽ വ്യക്തമാകും. വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരം ലൈറ്റ് മെട്രോ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ബജറ്റിൽ വൻതുക നീക്കിവെക്കാൻ സാധ്യതയുണ്ട്.
രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് എല്ലാ വിഭാഗങ്ങൾക്കുമുള്ള ബജറ്റാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞിരുന്നു. പെൻഷൻ 2,000 രൂപയാക്കിയത് ചെറിയ കാര്യമല്ല. പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കൃത്യമായി നൽകുമെന്ന് ഉറപ്പ് വരുത്തലാണ് പ്രധാന ലക്ഷ്യം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇലക്ഷൻ ബംമ്പർ ബജറ്റ് പ്രഖ്യാപിക്കുന്നത് ഇടതുപക്ഷത്തിന്റെ രീതിയല്ലെന്നും കെ എൻ ബാലഗോപാൽ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു.
'തെരഞ്ഞെടുപ്പ് ബംമ്പർ എന്ന നിലയ്ക്ക് ബജറ്റിൽ വാരിക്കോരി കൊടുക്കുന്നവരല്ല ഇടതുപക്ഷം. ജനങ്ങൾക്കുവേണ്ടി പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. കേരളത്തിലെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന പദ്ധതികൾ ഉൾപ്പെടുത്തിയാവും ഈ ബജറ്റും', കെ എൻ ബാലഗോപാൽ പറഞ്ഞിരുന്നു. കേന്ദ്രം ഫണ്ടുകൾ വെട്ടിക്കുറച്ചതോടെ രണ്ടരലക്ഷം കോടി രൂപയാണ് നമുക്ക് നഷ്ടപ്പെട്ടത്. ഈ പ്രതിസന്ധിയില്ലാത്തപ്പോഴും 18 മാസക്കാലം പെൻഷൻ കൊടുക്കാതിരുന്ന പഴയ ചരിത്രമുണ്ട്. ഇടയ്ക്ക് വലിയ ബുദ്ധിമുട്ട് വന്നതോടെ അഞ്ച് മാസത്തെ കുടിശ്ശിക വന്നെങ്കിലും അതെല്ലാം മാറി പെൻഷൻ 2,000 രൂപയാക്കി. അത് അത്ര ചെറിയ കാര്യമല്ലെന്നും കെ എൻ ബാലഗോപാൽ പറഞ്ഞിരുന്നു.
Content Highlights: The second Pinarayi Vijayan government is presenting its last and sixth budget today, marking a crucial phase ahead of the next Assembly elections