അമേരിക്കയുമായി ഇടഞ്ഞിരിക്കെ കാനേഡിയൻ പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കാൻ എത്തും; ലക്ഷ്യം വ്യാപാര കരാ‍‍ർ

രണ്ട് വർഷത്തെ നീണ്ട പ്രതിസന്ധിക്ക് ശേഷമാണ് കാന‍ഡയുമായുള്ള ഉഭയകക്ഷി വ്യാപാരത്തിൽ ഇന്ത്യ ഭാ​ഗമാകാൻ പോകുന്നത്

അമേരിക്കയുമായി ഇടഞ്ഞിരിക്കെ കാനേഡിയൻ പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കാൻ എത്തും; ലക്ഷ്യം വ്യാപാര കരാ‍‍ർ
dot image

ന്യൂഡൽഹി: കാനഡ പ്രധാനമന്ത്രി മാർക്ക് കാർനി മാർച്ചിൽ ഇന്ത്യ സന്ദർശിച്ചേക്കും. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ദിനേഷ് പട്നായികാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുറേനിയം, ഊർജ്ജം, ധാതുക്കൾ, ആ‍ർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) എന്നിവ സംബന്ധിച്ച കരാറുകളിൽ ഒപ്പുവെക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാനഡയുടെ ഊർജ്ജ മന്ത്രി ടിം ഹോഡ്‌സൺ ഈ ആഴ്ച ഇന്ത്യ സന്ദർശിക്കുന്നുണ്ട്, ഇന്ത്യയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള (CEPA) ഔദ്യോഗിക ചർച്ചകളും മാർച്ചിൽ നടക്കും.

ആണവോർജ്ജം, എണ്ണ, വാതകം, പരിസ്ഥിതി, എഐ, ക്വാണ്ടം കമ്പ്യൂട്ടിങ്, വിദ്യാഭ്യാസം, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട കരാറുകളിലും മാർക്ക് കാർനി ഒപ്പുവെക്കുമെന്നും പട്നായിക് പറഞ്ഞു. യുറേനിയം വിതരണ കരാറിനാണ് മുൻതൂക്കം. ഇന്ത്യ അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ സംരക്ഷണ സംവിധാനങ്ങൾ പാലിക്കാൻ തയ്യാറാണെങ്കിൽ കാനഡ-ഇന്ത്യ ആണവ സഹകരണ കരാറിന് കീഴിൽ യുറേനിയം വിൽക്കാൻ കാനഡ ഒരുക്കമാണെന്നാണ് റിപ്പോ‍ർട്ട്.

രണ്ട് വർഷത്തെ നീണ്ട പ്രതിസന്ധിക്ക് ശേഷമാണ് കാന‍ഡയുമായുള്ള ഉഭയകക്ഷി വ്യാപാരത്തിൽ ഇന്ത്യ ഭാ​ഗമാകാൻ പോകുന്നത്. അമേരിക്കയുടെ ഉയ‍ർന്ന താരിഫിനും ഡോണൾഡ് ട്രംപിൻ്റെ ശക്തമായ ഭീഷണിക്കിടയിലുമാണ് മാർക്ക് കാർണിയുടെ ഇന്ത്യ സന്ദർശനം.
വ്യാപാര ബന്ധം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി വരുന്നതെന്ന് ഇതിനകം വ്യക്തമാണ്. ഇന്ത്യയെ തന്ത്രപ്രധാനമായ വ്യാപാര ശക്തിയായി കാന‍ഡ കാണുന്നെന്നാണ് റിപ്പോർട്ടുകൾ.

യുഎസിനുപരിയായി കാനഡയുടെ സഖ്യങ്ങൾ വിപുലീകരിക്കാൻ മാർക്ക് കാർനി ശ്രമങ്ങൾ നടത്തിവരികയാണ്. ഇതിൻ്റെ ഭാ​ഗമായാണ് പുതിയ നയതന്ത്രനീക്കങ്ങൾ. പഴയ നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്രമം അവസാനിച്ചുവെന്ന് കഴിഞ്ഞ ആഴ്ച ദാവോസിൽ കാർനി പ്രസംഗിച്ചിരുന്നു. 2023-ൽ സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് കാർനിയുടെ മുൻഗാമിയായ ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിന് ശേഷം വഷളായ ഇന്ത്യ-കാനഡ ബന്ധത്തെ കാർനി പുനഃക്രമീകരിക്കാൻ ശ്രമിക്കുകയാണ്. കഴിഞ്ഞ വർഷം കാർനിയുടെ ക്ഷണം അനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രൂപ്പ് ഓഫ് 7 ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു.

Content Highlights: Amid strained ties with the United States, the Canadian Prime Minister is set to visit India with a focus on strengthening trade relations and signing a trade agreement.

dot image
To advertise here,contact us
dot image