

ദുബായ്: ഇസ്ലാമാബാദ് ഇന്റർനാഷണൽ എയർപോർട്ടിന്‍റെ പ്രവർത്തന ചുമതല ഏറ്റെടുക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് യുഎഇ. 2025 ഓഗസ്റ്റ് മുതൽ ചർച്ചയിലുണ്ടായിരുന്ന വിമാനത്താവണ ഏറ്റെടുക്കല്‍ കരാർ ഇപ്പോൾ പൂർണമായും റദ്ദാക്കിയെന്നാണ് പാകിസ്താൻ മാധ്യമമായ ദ എക്സ്പ്രസ് ട്രിബ്യൂണല്‍ ഉള്‍പ്പെടെ റിപ്പോർട്ട് ചെയ്യുന്നത്. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യയിലേക്കുള്ള അപ്രതീക്ഷിത സന്ദർശനത്തിന് പിന്നാലെയാണ് യുഎഇയുടെ പിന്മാറ്റം എന്നതാണ് ശ്രദ്ധേയം.
യുഎഇയ്ക്ക് പദ്ധതിയിൽ താൽപര്യം നഷ്ടപ്പെട്ടതും പ്രാദേശിക പങ്കാളിയെ കണ്ടെത്താൻ കഴിയാത്തതുമാണ് കരാർ റദ്ദാക്കാനുള്ള പ്രധാന കാരണമായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഈ സംഭവം യുഎഇ-പാകിസ്താൻ ബന്ധത്തിലെ വിള്ളലിന്റെ ഭാഗമായും കാണക്കാക്കപ്പെടുന്നു. യുഎഇയും സൗദി അറേബ്യയും തമ്മില്‍ യെമന്‍ വിഷയത്തില്‍ രൂപപ്പെട്ട ഭിന്നതയും യുഎഇയുടെ പിന്മാറ്റത്തിന് പിന്നിലുണ്ടെന്നാണ് നയതന്ത്ര വിദഗ്ധർ ചൂണ്ടികാട്ടുന്നത്.
പാകിസ്താൻ സൗദി അറേബ്യയുമായി പ്രതിരോധ കരാറുകളും 'ഇസ്ലാമിക് നാറ്റോ' പോലുള്ള സഖ്യാശയങ്ങൾക്കുള്ള ശ്രമങ്ങളും നടത്തുമ്പോൾ, യുഎഇ ഇന്ത്യയുമായി പുതിയ പ്രതിരോധ കരാറുകൾ ഒപ്പിട്ടിരിക്കുകയാണ്. പാകിസ്താന്റെ സൈനിക സാങ്കേതിക വൈദഗ്ധ്യം സൗദി അറേബ്യ ആവശ്യപ്പെടുമ്പോഴാണ് യുഎഇ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതും.
ഇന്ത്യയെ പോലെ തന്നെ പാക്-യുഎഇ ബന്ധവും നാല് ദശാബ്ദങ്ങൾക്ക് മുമ്പ് വ്യാപാരം, കുടിയേറ്റ തൊഴിലാളികൾ, പ്രതിരോധം, ഊർജം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ ശക്തമായിരുന്നു. എന്നാൽ, പാകിസ്താനിലെ സുരക്ഷാ പ്രശ്നങ്ങൾ, ലൈസൻസിങ് വിവാദങ്ങൾ, പഴകിയ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ബന്ധത്തെ സാരമായി തന്നെ ബാധിച്ചു. പാകിസ്താനിലെ സർക്കാർ സ്ഥാപനങ്ങളിലെ മോശം ഭരണവും രാഷ്ട്രീയ ഇടപെടലും വൻ നഷ്ടങ്ങളുണ്ടാക്കുകയും അവയെ തുച്ഛ വിലയ്ക്ക് വിൽക്കുന്ന സാഹചര്യമുണ്ടായി. കഴിഞ്ഞ വർഷം പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ് (പിഐഎ) സ്വകാര്യവൽക്കരിക്കേണ്ടി വന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണം.
അഫ്ഗാനിസ്ഥാൻ പോലുള്ള വെല്ലുവിളി നിറഞ്ഞ സ്ഥലങ്ങളിൽ വിമാനത്താവളങ്ങൾ കൈകാര്യം ചെയ്ത അനുഭവം ഉണ്ടായിരുന്നിട്ടും ഇസ്ലാമാബാദ് എയർപോർട്ട് പദ്ധതി യുഎഇ ഉപേക്ഷിച്ചതാണ് പാകിസ്ഥാന് കനത്ത തിരിച്ചടിയാകുന്നത്. അതേസമയം, ഇതിനു വിപരീതമായി, കഴിഞ്ഞ ആഴ്ച ഡൽഹി സന്ദർശിച്ച യുഎഇ ഭരണാധികാരി 900 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കാൻ അനുമതി നൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും തമ്മിലുള്ള ചർച്ചകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ വിപുലവും ബഹുമുഖവുമാക്കാനുള്ള തീരുമാനവുമുണ്ടായി. ഇരുവരും ഒപ്പുവെച്ച സംയുക്ത പ്രസ്താവനയിൽ പ്രതിരോധ മേഖലയിൽ പൂർണ തന്ത്രപരമായ പങ്കാളിത്തത്തിലേക്കുള്ള നീക്കമാണ് ഏറ്റവും പ്രധാനപ്പെട്ടത്.
Content Highlights: The UAE has decided to abandon its plan to take over the operations of Islamabad Airport, dealing a significant setback to Pakistan